ചെന്നൈയിൻ എഫ്സി– എഫ്സി ഗോവ ത്രില്ലർ പോരാട്ടം സമനിലയിൽ (2–2)
Mail This Article
ചെന്നൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സി– എഫ്സി ഗോവ ആവേശപ്പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ആദ്യ പകുതിയുടെ 11–ാം മിനിറ്റിൽ ജോർദാൻ ഗില്ലിന്റെ ഗോളിൽ ചെന്നൈയിൻ മത്സരത്തിൽ ലീഡെടുത്തു. എന്നാൽ ഉദാന്ത സിങ് (45), അർമാൻഡോ സാദിക്കു (51) എന്നിവരിലൂടെ ഗോവ മുന്നിലെത്തി.
79–ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്‌വുവിന്റെ ഗോളിലൂടെ ചെന്നൈയിൻ സമനില പിടിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽനിന്ന് രണ്ട് വിജയം, രണ്ട് സമനില, ഒരു തോൽവി എന്നിങ്ങനെ എട്ടു പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ.
ആറു മത്സരങ്ങൾ പൂർത്തിയാക്കിയ ഗോവയ്ക്ക് ഇതുവരെ ഒരു കളി മാത്രമാണു ജയിക്കാൻ സാധിച്ചത്. ആറു പോയിന്റുമായി എട്ടാമതാണു ഗോവയുള്ളത്. വെള്ളിയാഴ്ച കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സിയെ നേരിടും.