ബെംഗളൂരുവിന് ‘സമ്മാന’മായി നൽകിയ 3 ഗോളുകൾ, വിജയവും; മികച്ചു കളിച്ചിട്ടും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി (3–1)
Mail This Article
കൊച്ചി ∙ സീസണിലാദ്യമായി ബെംഗളൂരു എഫ്‍സിയുടെ പോസ്റ്റിൽ കയറിയ ഗോളിന്റെ ആവേശമെല്ലാം കെടുത്തിക്കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് അവർക്ക് ‘തളികയിൽവച്ച് സമ്മാനിച്ച’ മൂന്നു ഗോളുകൾ. എത്രയെല്ലാം മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും മുറിപ്പെടുത്തുന്ന ആ ഗോളോർമകളുടെ നൊമ്പരം പേറി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തോൽവിഭാരം കൂടി. എഡ്ഗാർ മെൻഡസിന്റെ ഇരട്ടഗോളും (74, 90+4), മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസിന്റെ (8–ാം മിനിറ്റ്) ഗോൾ കൂടി ചേർന്നതോടെയാണ് ബെംഗളൂരു എഫ്‍സി ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽനിന്ന് തകർപ്പൻ വിജയവുമായി തിരികെ കയറിയത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+2) പെനൽറ്റിയിൽനിന്ന് ഹെസൂസ് ഹിമെനെ നേടി.
കളിച്ചത് ബ്ലാസ്റ്റേഴ്സും ഗോളടിച്ചത് ബെംഗളൂരു എഫ്‍സിയും – സീസണിലെ ആദ്യ ദക്ഷിണേന്ത്യൻ ഡാർബിയെ ഒറ്റ വാചകത്തിൽ ഇങ്ങനെ ചുരുക്കാം. മറ്റു തോൽവികൾ കേരള ബ്ലാസ്റ്റേഴ്സ് അർഹിക്കുന്ന തോൽവികളെന്ന് തറപ്പിച്ചു പറയാമെങ്കിൽ, ഈ തോൽവി ബ്ലാസ്റ്റേഴ്സ് അർഹിച്ചിരുന്നില്ലെന്ന് നൂറുവട്ടം! പ്രീതം കോട്ടാലിന്റെ മാത്രം പിഴവിൽനിന്ന് ആദ്യ ഗോൾ, ഗോൾകീപ്പർ സോംകുമാറിന്റെ മാത്രം പിഴവിൽനിന്ന് രണ്ടാം ഗോൾ. അവസാന നിമിഷം ഏതു വിധേനയും സമനില പിടിക്കാനുള്ള ശ്രമത്തിൽ ഗോൾപോസ്റ്റ് തുറന്നുകൊടുത്ത് മൂന്നാം ഗോളും വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ തോൽവി പൂർണം. ബ്ലാസ്റ്റേഴ്സ് അടിച്ച ഒരേയൊരു ഗോളിനൊപ്പം, ഗാലറികൾ ഗോളെന്നുറപ്പിച്ച് ഇരുപകുതികളിലുമായി ആർത്തുവിളിച്ച അവസരങ്ങൾ തുലച്ചതിന്റെ വേദന വേറെ! കളിച്ച മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം പുറത്തെടുത്ത നോഹ സദൂയി പരുക്കുമൂലം ഈ മത്സരത്തിൽ കളിക്കാതിരുന്നതും നിർണായകമായി.
കളത്തിലെ പ്രകടനത്തോട് ഒരു ശതമാനം പോലും നീതി പുലർത്താത്ത സ്കോർ കാർഡ് എന്ന് പഴിച്ചുകൊണ്ട്, എതിരാളികൾക്ക് സമ്മാനമായി നൽകിയ വിജയമെന്ന് സ്വയം പഴിച്ചുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരത്തിനായി ഒരുങ്ങാം. സീസണിൽ ആറു കളികളിൽനിന്ന് ബെംഗളൂരുവിന്റെ അഞ്ചാം ജയമാണിത്. ഇതോടെ, ഒരു സമനില കൂടി ചേർത്ത് 16 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ആറു കളികളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു.
ഗോളുകൾ വന്ന വഴി:
ബെംഗളൂരു എഫ്‍സി ഒന്നാം ഗോൾ: എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കരുത്തൻ പ്രീതം കോട്ടാലിന്റെ ‘കോട്ട’യിൽ വീണ വിള്ളലാണ് മത്സരത്തിൽ ബെംഗളൂരു എഫ്‍സിക്ക് നിനച്ചിരിക്കാതെ ലീഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് വന്ന പന്ത് ഗോൾകീപ്പറിൽനിന്ന് ചോദിച്ചുവാങ്ങിയ പ്രീതം കോട്ടാൽ, അപകടം അടിച്ചൊഴിവാക്കുന്നതിനു പകരം സമ്മർദ്ദം ചെലുത്തി അുത്തേക്ക് വന്ന മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസിനെ വെട്ടിയൊഴിയാൻ നടത്തിയ ശ്രമം പാളിയതാണ് ഗോളിനു വഴിവച്ചത്. പ്രീതം കോട്ടാലിൽനിന്ന് പന്ത് റാഞ്ചിയെടുത്ത ഡയസ് മുന്നോട്ടു കയറിയെത്തുമ്പോൾ മുന്നിൽ ഗോൾകീപ്പർ സോംകുമാർ മാത്രം. അനായാസം പന്ത് ചിപ്പ് ചെയ്ത് ഡയസ് ഗോളെന്നലറുമ്പോൾ, സ്റ്റേഡിയം മുഴുവൻ നിശബ്ദമായി. സ്കോർ 1–0.
കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം ഗോൾ: കേരള ബ്ലാസ്റ്റേഴ്സ് 45 മിനിറ്റ് നടത്തിയ എല്ലാ ആക്രമണങ്ങൾക്കും മുന്നേറ്റങ്ങൾക്കും പ്രതിഫലം ലഭിച്ചത് 45–ാം മിനിറ്റിൽ. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മൈതാന മധ്യത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മധ്യനിരയ്ക്കു സമീപത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ബെംഗളൂരു ബോക്സിലേക്ക് ക്വാമി പെപ്രയുടെ അതിവേഗ മുന്നേറ്റം. ബെംഗളൂരു പ്രതിരോധത്തെ ഓടിത്തോൽപ്പിച്ച് ബോക്സിനുള്ളിൽ കടന്ന പെപ്രയെ പിന്നിൽനിന്നെത്തിയ രാഹുൽ ഭെക്കെ വീഴ്ത്തി. ഗോൾ തടഞ്ഞതിന്റെ ആവേശത്തിൽ രാഹുൽ ഭെക്കെ മുഷ്ടി ചുരുട്ടി അലറുമ്പോൾ, റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനൽറ്റി അനുവദിച്ചു. കുറച്ചുനേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഹെസൂസ് ഹിമെനെയെടുത്ത ഷോട്ട് ഗുർപ്രീത് സന്ധുവിന്റെ നീട്ടിയ കൈകളെ മറികടന്ന് വലയിൽ കയറി. സീസണിൽ ബെംഗളൂരു എഫ്‍സി വഴങ്ങുന്ന ആദ്യ ഗോൾ. സ്കോർ 1–1.
ബെംഗളൂരു എഫ്‍സി രണ്ടാം ഗോൾ: കളിയുടെ ഗതിക്കെതിരായി ബെംഗളൂരു വീണ്ടും ലീഡെടുക്കുന്നത് 74–ാം മിനിറ്റിൽ. കേരള ബ്ലാസ്റ്റേഴ്സ് ബോക്സിനു സമീപം ബെംഗളൂരു എഫ്‍സിക്ക് അനുകൂലമായി ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. കേരള ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഉയർന്നെത്തിയ പന്ത് യാതൊരു അപകടവും സൃഷ്ടിക്കാതെ ഗോൾകീപ്പർ സോംകുമാറിന്റെ കൈകളിലേക്ക് ചാഞ്ഞിറങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെുവീർപ്പിട്ടതാണ്. പക്ഷേ, പന്ത് കൈപ്പിടിയിലൊതുക്കാൻ സോംകുമാറിനു കഴിയാതെ പോയത് ബെംഗളൂരു എഫ്‍സി മുതലെടുത്തു. ബോക്സിനുള്ളിൽ തക്കംപാർത്തുനിന്ന പകരക്കാരൻ താരം എഡ്ഗാർ മെൻഡസ്, മുന്നിൽനിന്ന കേരള ബ്ലാസ്റ്റേഴ്സ്താരത്തെ വട്ടംചുറ്റി തൊടുത്ത ഷോട്ട് വലയിൽ കയറി. ഗാലറികളിൽ അവിശ്വസനീയമായതെന്തോ കണ്ട മട്ടിലുള്ള ഞെട്ടൽ. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോൾകീപ്പർ സോംകുമാറും സ്വന്തം വിഡ്ഢിത്തമോർത്ത് തലയിൽ കൈവച്ചുപോയി. സ്കോർ 2–1.
ബെംഗളൂരു എഫ്‍സി മൂന്നാം ഗോൾ: മത്സരം ഇൻജറി ടൈമിലേക്ക് കടന്നതോടെ ബെംഗളൂരു ബോക്സിനുള്ളിൽ സമനില ഗോളിനായി കേരള ബ്ലാസ്്റ്റേഴ്സ് താരങ്ങളുടെ തുടർ ആക്രമണങ്ങൾ. വലതുവിങ്ങിൽനിന്നും ഇടതുവിങ്ങിൽനിന്നും മാറിമാറി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണം. ചില മുന്നേറ്റങ്ങൾ ലക്ഷ്യബോധമില്ലായ്മകൊണ്ടും, മറ്റു ചില മുന്നേറ്റങ്ങൾ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പ്രതിരോധത്തിൽ തട്ടിയും പാളുന്നതിനിടെയാണ്, ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിതമായി മൂന്നാം ഗോൾ വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ കണ്ട് ബോക്സിന് ഏറെ വെളിയിൽ മുന്നോട്ടു കയറിനിന്ന ഗോൾകീപ്പർ സോംകുമാറിന്റെ പിഴവ് എന്ന് പറയാവുന്ന ഗോൾ. ബ്ലാസ്റ്റേഴ്സിന്റെ തുടർ ആക്രമണങ്ങൾക്കിടെ വീണുകിട്ടിയ പന്തുമായി എഡ്ഗാർ മെൻഡസിന്റെ മുന്നേറ്റം. അപകടം മണത്ത് സോംകുമാർ തടയാനായി പിന്നാലെയെത്തിയെങ്കിലും സമർഥമായി വെട്ടിയൊഴിഞ്ഞ് മെൻഡസ് തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് വലയിലേക്ക്. സമനില ഗോൾ കാത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ‘സമനില തെറ്റിച്ച’ ഗോൾ. സ്കോർ 3–1.
∙ ബ്ലാസ്റ്റേഴ്സിന്റെ ‘ആദ്യ പകുതി’
പരുക്കിന്റെ പിടിയിലായ സൂപ്പർതാരം നോഹ സദൂയിയെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. പക്ഷേ, സദൂയിയുടെ അസാന്നിധ്യം അറിയിക്കാത്ത പ്രകടനമായിരുന്നു കളത്തിൽ. തുടക്കത്തിൽ അൽപനേരം ബെംഗളൂരു മേധാവിത്തം പുലർത്തിയെങ്കിലും, പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ സമ്പൂർണ ബ്ലാസ്റ്റായിരുന്നു കളത്തിൽ. രണ്ടാം മിനിറ്റിൽത്തന്നെ ബ്ലാസ്്റ്റേഴ്സ് ഗോൾമുഖം തേടിയെത്തിയ പന്തിനെ കോർണർ വഴങ്ങി ഹെഡ് ചെയ്ത് പുറത്തേക്കയച്ചാണ് അലക്സാണ്ടർ കോയഫ് അപകടം ഒഴിവാക്കിയത്. കോർണറിൽനിന്നുള്ള പന്ത് തട്ടിത്തെറിച്ച് ബോക്സിനു വെളിയിൽ നിഖിൽ പൂജാരിയുടെ കാൽപ്പാകത്തിന് എത്തിയെങ്കിലും, ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പറന്നു. മത്സരത്തിൽ തീപാറുമെന്ന സൂചനയുമായി മധ്യനിരയിലെ അപകടകരമായ ഫൗളിന് ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖിന് റഫറി മഞ്ഞക്കാർഡ് നൽകി. ഇതിനിടെയാണ് കോട്ടാലിന്റെ പിഴവിൽനിന്ന് ഡയസിലൂടെ ബെംഗളൂരു ലീഡെടുത്തത്.
- Jesus Jiminez 40+5 (P)
- Diaz 8
- Mendez 74
- Mendez 94
10–ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സും സമനില ഗോളിനു തൊട്ടടുത്തെത്തിയതാണ്. ബോക്സിനു വെളിയിൽനിന്നു ലഭിച്ച പന്തിൽ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയുടെ തകർപ്പൻ ഷോട്ട് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ കൈകളെ മറികടന്നെങ്കിലും, ക്രോസ്ബാറിൽത്തട്ടി തെറിച്ചു. ഹിമെനെയുടെ ആ ഷോട്ടിന്റെ ഊർജം ഗാലറിയിലും പിന്നാലെ കളത്തിലും നിറഞ്ഞതോടെ, തുടർന്നുള്ള അഞ്ച് മിനിറ്റ് കളത്തിൽ ശരിക്കും ‘ബ്ലാസ്റ്റേഴ്സ് ഷോ’യായിരുന്നു. മൂന്നു കോർണറുകൾ ഉൾപ്പെടെ നേടി ബ്ലാസ്റ്റേഴ്സ് കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും, ഗോൾ വീഴാതെ ബെംഗളൂരു പിടിച്ചുനിന്നു. ഇതിനിടെ ക്വാമി പെപ്ര, നവോച്ച സിങ്, വിബിൻ മോഹനൻ തുടങ്ങിയവരുടെ ഷോട്ടുകളൊന്നും എതിർ ബോക്സിൽ കാര്യമായ അപകടം സൃഷ്ടിക്കാതെ പോയി.
തുടർന്നും പന്തടക്കത്തിൽ ഉൾപ്പെടെ ആധിപത്യം നിലനിർത്താനെയെങ്കിലും, ഫൈനൽ തേഡിലെ പ്രകടനം മോശമായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഗാലറികളിൽ ആരവമുയർത്തി പലതവണ ബെംഗളൂരു ബോക്സ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും, ലക്ഷ്യം പിഴച്ച ഷോട്ടുകൾ തിരിച്ചടിയായി. 29–ാം മിനിറ്റിൽ ബെംഗളൂരു ബോക്സിനുള്ളിലോ പുറത്തോ എന്നു സംശയമുണർത്തുന്ന രീതിയിൽ രാഹുൽ ഭെക്കെയുടെ കയ്യിൽത്തട്ടിയ പന്തിൽ ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും, ലൂണയുടെ ഷോട്ട് ദുർബലമായിപ്പോയി. ഇത് പെനൽറ്റിയാണെന്ന വാദവുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ റഫറിയെ പൊതിഞ്ഞത് ചെറിയ വാക്പോരിനും ഇടയാക്കി.
34–ാം മിനിറ്റിൽ ക്വാമി പെപ്രയുടെ ഒരു തകർപ്പൻ ക്രോസ് ബെംഗളൂരു ബോക്സിൽ അപകടഭീതി സൃഷ്ടിച്ച് ചാഞ്ഞിറങ്ങിയെങ്കിലും, ഹെസൂസ് ഹിമെനെ അൽപം മുന്നോട്ടു കയറി നിന്നതിനാൽ വേണ്ടവിധം കണക്ട് ചെയ്യാനായില്ല. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് ഡ്രിബിൾ ചെയ്തു കയറാനുള്ള ഡയസിന്റെ ശ്രമം സന്ദീപ് സിങ് പൊളിച്ചത് ഗാലറിയിൽ വൻ കയ്യടിയാണ് നേടിയത്. പ്രത്യാക്രമണത്തിൽ ബെംഗളൂരു ബോക്സിനുള്ളിൽ ഹെസൂസ് ഹിമെനെയുടെ മുന്നേറ്റം ദുർബലമായിപ്പോയി. 42–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചെങ്കിലും, അവിശ്വസനീയമാംവിധം അതു നഷ്ടമാക്കി. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ തൊടുത്ത ഷോട്ട്, സന്ധു തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഒടുവിൽ 45–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയതോടെ, മഞ്ഞപ്പട ആധിപത്യം പുലർത്തിയ ഒന്നാം പകുതിക്ക് കാവ്യനീതിയുടെ മണമുള്ള സമാപനം.
∙ വീണ്ടും ബ്ലാസ്റ്റേഴ്സ് ആധിപത്യം, പക്ഷേ....
ആദ്യപകുതിയിൽ നിറം മങ്ങിയ ഡാനിഷ് ഫാറൂഖിനു പകരം ഫ്രെഡ്ഡിയെ കളത്തിലിറക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്കു തുടക്കമിട്ടത്. ബെംഗളൂരു നിരയിൽ വെങ്കടേഷിനു പകരം രോഹിത് ഡാനുവുമെത്തി. പരുക്കൻ അടവിന് മഞ്ഞക്കാർഡ് കണ്ട നിഖിൽ പൂജാരിയെ പിൻവലിച്ച് 53–ാം മിനിറ്റിൽ ഫനായിയും കളത്തിലെത്തി. രണ്ടാം പകുതിയുടെയും തുടക്കം കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യത്തോടെയായിരുന്നു. ആദ്യ 10 മിനിറ്റ് നേരം ആദ്യ പകുതിയുടെ തുടർച്ചയായി ബെംഗളൂരു എഫ്‍സിയെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ.
64–ാം മിനിറ്റിൽ പന്തുകൊടുത്തും വാങ്ങിയും ക്വാമി പെപ്ര നടത്തിയൊരു മുന്നേറ്റം ഗാലറിയിൽ ആവേശവും ബെംഗളൂരു ബോക്സിൽ അപകടഭീതിയും സൃഷ്ടിച്ചെങ്കിലും ഗോളിലെത്തിയില്ല. പിന്നാലെ തുടർച്ചയായി രണ്ടു കോർണറുകൾ വഴങ്ങിയാണ് ബെംഗളൂരു അപകടം ഒഴിവാക്കിയത്.
81–ാം മിനിറ്റിൽ ക്വാമി പെപ്രയുടെ തകർപ്പൻ സോളോ റൺ ഗോളിലെത്താതെ പോയത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടിരുന്നത്. ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയ ക്വാമി പെപ്ര ബോക്സിനു നടുവിലേക്ക് വെട്ടിത്തിരിഞ്ഞെങ്കിലും ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയി. രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും പെപ്രയ്ക്ക് മറ്റൊരു സുവർണാവസരം. ഇടതുവിങ്ങിൽനിന്ന് ഓടിക്കയറിയ പെപ്ര തൊടുത്ത ഷോട്ട് ഗുർപ്രീത് സിങ് സന്ധു കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർ അവിശ്വസനീയതയോടെ വീണ്ടും തലയിൽ കൈവച്ചുപോയ നിമിഷം. പിന്നാലെ നവോച്ച സിങ്ങിന്റെ തകർപ്പൻ ഷോട്ടും സന്ധു തടുത്തിട്ടു. അവസാന മിനിറ്റുകളിൽ ഉറപ്പിച്ച അര ഡസനോളം ഗോളവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടമാക്കിയത്.