ADVERTISEMENT

പുണെ∙ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ന്യൂസീലൻഡിന് 301 റൺസ് ലീഡ്. രണ്ടാം ദിനം അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. ടോം ബ്ലണ്ടൽ (70 പന്തിൽ 30*), ഗ്ലെൻ ഫിലിപ്സ് (29 പന്തിൽ 9*) എന്നിവരാണ് ക്രീസിൽ.

ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ തന്നെയാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരൻ. അഞ്ച് വിക്കറ്റിൽ നാലും വീഴ്ത്തിയത് വാഷിങ്ടൻ തന്നെ. അശ്വിനാണ് ഒരു വിക്കറ്റ്. ക്യാപ്റ്റൻ ടോം ലാഥം (133 പന്തിൽ 86), ഡെവോൺ കോൺവെ (25 പന്തിൽ 17), വിൽ യങ് (28 പന്തിൽ 23), രചിൻ രവീന്ദ്ര (13 പന്തിൽ ഒന്‍പത്), ഡാരിൽ മിച്ചൽ (23 പന്തിൽ 18) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ കിവീസ് ബാറ്റർമാർ.

ആദ്യ ഇന്നിങ്സിൽ കിവീസിന് ലീ‍ഡ്

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 103 റൺസ് ലീഡ് നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറിൽ 156 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി സ്പിന്നർ മിച്ചൽ സാന്റ്നർ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ ഫിലിപ്സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.

46 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (60 പന്തിൽ 30), ശുഭ്മൻ ഗിൽ (72 പന്തിൽ 30), വിരാട് കോലി (ഒൻപതു പന്തിൽ ഒന്ന്), ഋഷഭ് പന്ത് (19 പന്തിൽ 18), സർഫറാസ് ഖാൻ (24 പന്തിൽ 11), ആർ. അശ്വിൻ (അഞ്ച് പന്തിൽ നാല്), ആകാശ് ദീപ് (അഞ്ച് പന്തിൽ ആറ്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിനെതിരെ സ്പിൻ കെണിയൊരുക്കി വീഴ്ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ തകർന്നടിയുകയായിരുന്നു.

santner-1248
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മിച്ചൽ സാന്റ്നർ. Photo: X@Blackcaps

ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ദിവസം തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. മിച്ചൽ സാന്റ്നർ എറിഞ്ഞ 22–ാം ഓവറിൽ എൽബിഡബ്ല്യു ആയാണ് ഗിൽ മടങ്ങുന്നത്. തൊട്ടുപിന്നാലെ സാന്റ്നറുടെ പന്തിൽ വിരാട് കോലി ബോൾഡായി. സ്പിന്നർ ഗ്ലെൻ ഫിലിപ്സാണ് യശസ്വി ജയ്സ്വാളിനെയും ഋഷഭ് പന്തിനെയും പുറത്താക്കിയത്. സ്കോർ 95ല്‍ നിൽക്കെ സർഫറാസിനെ സാന്റ്നർ വില്യം ഒറൂക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും പുറത്താക്കി സാന്റ്നർ നാലാം വിക്കറ്റ് സ്വന്തമാക്കി.

പൊരുതിനിന്ന ജഡേജ 44–ാം ഓവറിൽ സാന്റ്നറുടെ പന്തിൽ എൽബിഡബ്ല്യു ആയി. വാലറ്റം പൊരുതാതെ മടങ്ങിയതോടെ ഇന്ത്യ 156ന് ഓൾഔട്ട്. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 259 റൺസിനു പുറത്തായിരുന്നു. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. 

English Summary:

India vs New Zealand Second Test, Day 2 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com