ADVERTISEMENT

മുംബൈ∙ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണു തന്നെ ടീമിൽനിന്നു മാറ്റിനിർത്തിയതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. 2011 ൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ താരമാണ് മനോജ് തിവാരി. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ താരത്തിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. പക്ഷേ എട്ടു മാസത്തോളം കഴിഞ്ഞ് മനോജ് തിവാരി വീണ്ടും ഇന്ത്യൻ ടീമിലെത്തിയെങ്കിലും പഴയ ഫോം തുടരാൻ സാധിച്ചിരുന്നില്ല.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ, കരിയർ തകർക്കുന്നതിനു തുല്യമാണെന്നും മനോജ് തിവാരി വ്യക്തമാക്കി. ‘‘കുറേ വർഷങ്ങൾക്കു മുൻപാണ് ഇതൊക്കെ സംഭവിക്കുന്നത്. എന്നാലും അത് സങ്കടകരമായ കാര്യം തന്നെയാണ്. നമുക്ക് എന്തു ചെയ്യാൻ സാധിക്കും? ഇതൊക്കെയാണു ജീവിതം. ഞാൻ ആത്മകഥയോ, അല്ലെങ്കിൽ പോഡ്കാസ്റ്റോ ചെയ്യുമ്പോൾ ഇതെല്ലാം എനിക്കു വെളിപ്പെടുത്തേണ്ടിവരും.’’

‘‘ഒരു താരത്തിന്റെ കരിയറിലെ ഉന്നതിയിലാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കിൽ, അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകർന്നുപോകും. അതൊരു വലിയ മാറ്റം തന്നെയാണ്.’’– മനോജ് തിവാരി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യയ്ക്കായി 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെയാണ് മനോജ് തിവാരി ഒടുവിൽ കളിച്ചത്. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിലും മൂന്നു ട്വന്റി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

English Summary:

Manoj Tiwary opened up about how he was controversially dropped from the national side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com