ADVERTISEMENT

വർഷങ്ങൾക്കു മുൻപ് പയ്യോളിയിലെ ഒരു വീട്ടിൽനിന്ന് പുലർച്ചെ ആറു മണിക്ക് എഴുന്നേറ്റ് ഒരു പെൺകുട്ടി കടപ്പുറം വരെ ഓടാൻ പോകുമായിരുന്നു. പിന്നാലെ ജോഗ് ചെയ്തുകൊണ്ട് മറ്റൊരാളുമുണ്ടാകും, കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍. വീടുകളുടെ അടുക്കള ഭാഗത്തുകൂടിയൊക്കെ നേരം വെളുക്കും മുൻപ് പെൺകുട്ടി ഓടുന്നതു ആദ്യം എല്ലാവരും അദ്ഭുതത്തോടെയാണു നോക്കിനിന്നത്. ആ ഓട്ടം പിന്നീട് രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റേഡിയങ്ങളിലെ ട്രാക്കുകളിലായി. പതിനായിരങ്ങള്‍ ആ താരത്തിനു വേണ്ടി കയ്യടിച്ചു. മെഡലുകളേറെ വാരിക്കൂട്ടിയെങ്കിലും സെക്കൻഡിന്റെ നൂറിലൊരംശത്തിൽ നഷ്ടപ്പെട്ട ഒളിംപിക് മെഡൽ തീരാനഷ്ടമായി ഇന്ത്യൻ കായിക ലോകത്തിന്റെ നെഞ്ചിൽ ഇന്നും നീറുന്നുണ്ട്. ട്രാക്ക് വിട്ടിട്ടും അവർ വിശ്രമിച്ചില്ല.

പരിശീലകയായി വർഷങ്ങളോളം രാജ്യത്തിനു മികവുറ്റ താരങ്ങളെ സമ്മാനിച്ചു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേന്റെ പ്രസിഡന്റായി അവർ ചരിത്രം സൃഷ്ടിച്ചതു രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു. മലയാളികളുടെ സ്വന്തം ‘പയ്യോളി എക്സ്പ്രസ്’ പി.ടി. ഉഷയ്ക്ക് ഇന്ന് 60–ാം പിറന്നാൾ. അത്‍ലറ്റിക്സിൽനിന്നു വിടചൊല്ലി വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്ത്യൻ കായിക ലോകത്ത് ഇന്നും ഉഷയുടെ പേര് ഉയർന്നു കേൾക്കാം. രാഷ്ട്രപതി നാമനിർദേശം ചെയ്ത് രാജ്യസഭാംഗമായ പി.ടി. ഉഷ, തൊട്ടുപിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെയും ചുമതലയേറ്റെടുത്തു. 60–ാം വയസ്സിലും ഉഷ ഓട്ടത്തിലാണ്. ഇന്ത്യ കായിക രംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള ചുമതലകളുമായുള്ള ഓട്ടം.

pt-usha-1
പി.ടി. ഉഷ മത്സരത്തിനിടെ. ചിത്രം∙ മനോരമ

പേരാമ്പ്രയ്ക്കടുത്ത് കൂത്താളി ഗ്രാമത്തിലെ തെക്കേ വാഴവളപ്പ് വീട്ടിൽ 1964 ജൂൺ 27നാണ് പി.ടി. ഉഷയുടെ ജനനം. പിതാവ് തുണക്കച്ചവടക്കാരനായ പൈതൽ. മാതാവ് ലക്ഷ്മി. ഉഷയുടെ കുടുംബം പിന്നീട് പയ്യോളിയിലേക്കു താമസം മാറി. ആ സ്ഥലത്തിന്റെ പേരാണ് പേരിനൊപ്പം ചേർത്തുവച്ച പിലാവുള്ളകണ്ടി തെക്കേപറമ്പ്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ത‍ൃക്കോട്ടൂർ സ്കൂളില്‍നിന്നാണ് ഉഷയുടെ അത്‍ലറ്റിക്സ് ജീവിതവും തുടങ്ങിയത്. ചേച്ചി സീത മത്സരിക്കുന്നതു കണ്ടാണ് ഉഷ സ്കൂളില്‍ ആദ്യമായി മത്സരിക്കാനിറങ്ങുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണന്റെ കീഴിൽ അത്‍ലറ്റിക്സിലെ ബാലപാഠങ്ങൾ മനസ്സിലാക്കി. അതിനിടെ ടൈഫോയിഡും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി കുറച്ചുനാൾ ഓട്ടത്തിൽനിന്നു മാറിനിന്നു. പക്ഷേ കാലം ഉഷയെ ഓട്ടത്തിലേക്കു തന്നെ തിരികെയെത്തിച്ചു. 

PT Usha nad MD Valsamma
എം.ഡി. വൽസമ്മയും പി.ടി. ഉഷയും. ചിത്രം∙ മനോരമ

കണ്ണൂരിലെ ജി.വി. രാജ സ്പോർട്സ് ഡിവിഷൻ സ്കൂളിലെത്തിയതോടെയാണ് കായിക താരമെന്ന നിലയില്‍ ഉഷയുടെ കരിയര്‍ മാറുന്നത്. താരത്തെ കായിക പ്രതിഭയാക്കി രാജ്യത്തിനു സമ്മാനിച്ച ഒ.എം. നമ്പ്യാർക്കു കീഴിൽ ഉഷ പരിശീലനം തുടങ്ങിയത് ഇവിടെവച്ചായിരുന്നു. മധ്യവേനലവധിക്കാലത്ത് ജി.വി. രാജ സ്കൂളിൽ ഒരു മാസത്തെ ക്യാംപുണ്ടാകും. അതിനു ശേഷമുള്ള അവധിയിലും ഉഷ വിശ്രമിച്ചിരുന്നില്ല. നാട്ടിലെ ഓട്ടത്തിലും നിര്‍ദേശങ്ങളുമായി ഒ.എം. നമ്പ്യാർ ഉഷയ്ക്കൊപ്പമുണ്ടായിരുന്നു. നമ്പ്യാർസാർ പിന്നീട് ഉഷയുടെ പഴ്സനൽ കോച്ചായി മാറി. എട്ടാം ക്ലാസിൽ വച്ചാണ് പി.ടി. ഉഷ ആദ്യം സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത്. 1977ല്‍ പാലായിൽ നടന്ന മേളയിൽ മത്സരിച്ചെങ്കിലും മെഡലൊന്നും ലഭിച്ചിരുന്നില്ല. അടുത്ത വർഷം കോട്ടയത്ത് നടന്ന മീറ്റിൽ 14 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ, 60 മീറ്റർ ഹർഡിൽസ്, ഷോട്ട്പുട്ട്, ഹൈജംപ് എന്നീ ഇനങ്ങളിൽ ഉഷ ഒന്നാമതെത്തി. 1978ൽ കൊല്ലത്തു നടന്ന ദേശീയ അമച്വർ അത്‍ലറ്റിക്സ് മീറ്റിലും തിരുവനന്തപുരത്ത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലും പങ്കെടുത്ത് മെഡലുകൾ നേടി. പാലക്കാട് മേഴ്സി കോളജിലെ പ്രിഡിഗ്രി പഠനകാലത്ത് പാക്കിസ്ഥാനിൽനടന്ന ഇന്റർനാഷണൽ ഇൻവിറ്റേഷൻ മീറ്റിലാണ് രാജ്യാന്തര തലത്തിൽ ഉഷ ആദ്യമായി മത്സരിക്കാനിറങ്ങിയത്. നൂറ് മീറ്ററിലും ഇരുനൂറ് മീറ്ററിലും രണ്ട് റിലേകളിലും സ്വർണം നേടിയാണ് ഉഷ പാക്കിസ്ഥാനിൽ നിന്നു മടങ്ങിയെത്തിയത്.

usha-nambiar
പരിശീലകനായിരുന്ന അത്‌ലറ്റിക് കോച്ച് ഒ.എം. നമ്പ്യാർക്കൊപ്പം പി.ടി. ഉഷ. ചിത്രം∙ മനോരമ

മെഡലുകൾ വാരിയ കാലം

1982 ൽ ന്യൂഡൽഹിയില്‍ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച ഉഷ വെള്ളി മെഡലുകൾ സ്വന്തമാക്കി. വിവിധ ഏഷ്യൻ ഗെയിംസുകളിലായി നാലു സ്വർണവും ഏഴു വെള്ളി മെഡലുകളും നേടിയിട്ടുണ്ട്. 1986ലെ സോൾ ഗെയിംസിലാണ് നാലു സ്വർണവും ഒരു വെള്ളിയും നേടിയത്. താരത്തിന്റെ കരിയറിലെ മികച്ച ഏഷ്യൻ ഗെയിംസ് പ്രകടനവും ഇതായിരുന്നു. ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പില്‍ 23 മെഡലുകളാണു മലയാളി താരം സ്വന്തമാക്കിയത്. 14 സ്വര്‍ണം, ആറു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയായിരുന്നു മെഡൽ നേട്ടം. 1985ൽ ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക്സിൽ മാത്രം അഞ്ചു സ്വർണവും ഒരു വെങ്കലവും നേടി. 1998ൽ ജപ്പാനിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ റിലേയിൽ സ്വർണമുള്‍പ്പെടെ നാലു മെഡലുകൾ സ്വന്തമാക്കി.

ലൊസാഞ്ചലസിലെ നഷ്ടം

1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ ഉഷയ്ക്കു വെങ്കലം നഷ്ടമായതിന്റെ 40–ാം വർഷം അടുത്തിടെയാണു പിന്നിട്ടത്. അതിനെക്കുറിച്ച് പി.ടി. ഉഷ മനോരമയോടു പറഞ്ഞത് ഇങ്ങനെ– ‘‘ഒളിംപിക്സിന് 20 ദിവസം മുൻപാണു ഞാൻ ലൊസാഞ്ചലസിൽ എത്തിയത്. അവിടെ നടന്ന ഒരു മീറ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞു. അന്നു തോൽപിച്ചത് യുഎസിന്റെ ജൂഡി ബ്രൗൺ എന്ന അത്‌ലീറ്റിനെ ആയിരുന്നു. ജൂഡിക്കൊപ്പം ഒളിംപിക്സിൽ ഹീറ്റ്സിലോടി രണ്ടാമതായി ഫിനിഷ് ചെയ്തു സെമിയിലേക്ക്. സെമിയിൽ വീണ്ടും ജൂഡിക്കൊപ്പം. ജൂഡിയെ പിന്നിലാക്കി സെമിയിൽ ഞാൻ ഒന്നാമത്. പക്ഷേ, ഫൈനലിൽ അതിവേഗ കുതിപ്പിലൂടെ ജൂഡി വെള്ളി നേടി. ഞാൻ നാലാമതായിപ്പോയി.’’

‘‘സെമിയിൽ രണ്ടാം ലെയ്നിലായിരുന്നു ഞാൻ. ഫൈനലിൽ അഞ്ചാം ലെയ്നിലും. സെമിയിലെ തന്ത്രം ഫൈനലിലും ആവർത്തിക്കാനുദ്ദേശിച്ചാണു ഞാനിറങ്ങിയത് (ആദ്യം അൽപം വേഗം കുറച്ച്, അവസാന 2 ഹർഡിലുകൾ മറികടക്കുമ്പോൾ പരമാവധി വേഗത്തിൽ). പക്ഷേ, ഫോൾസ് സ്റ്റാർട്ട് വിളി എല്ലാം തകിടംമറിച്ചു. എങ്കിലും ഞാൻ കുതിച്ചു. മുൻനിരയുടെ ഒപ്പം ഞാനെത്തി. പക്ഷേ, ജൂഡി ബ്രൗൺ അസാമാന്യ കുതിപ്പ് നടത്തിയതോടെ ഫിനിഷ് താളംതെറ്റി. എങ്കിലും മൂന്നാം സ്ഥാനത്തു ഞാനാണെന്ന പ്രതീക്ഷയോടെ കാത്തുനിന്നു. സ്റ്റേഡിയത്തിലെ സ്ക്രീനിൽ പലതവണ ഫിനിഷ് കാണിച്ചു. ഒടുവിൽ വലിയ സ്ക്രീനിൽ ഫലം തെളിഞ്ഞു. മൊറോക്കോയുടെ നവൽ മൗത്തവക്കെയ്‌ലിനു സ്വർണം (54.61 സെക്കൻഡ്). ജൂഡിക്കു വെള്ളി (55.20). റുമാനിയയുടെ ക്രിസ്റ്റീന കൊയക്കാരുവിനു വെങ്കലം (55.41). 0.01 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഞാൻ നാലാമത് (55.42). എനിക്കു പിന്നിൽ അഞ്ചാമതായി സ്വീഡന്റെ ആൻ ലൂയി സ്കോഗ്ലൻഡ് (55.43). പൊട്ടിക്കരയാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീടുള്ള രാത്രികളിൽ ആ നഷ്ടമോർത്ത് ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്. പരിശീലനവും ഭൗതിക സാഹചര്യങ്ങളും ഇന്നത്തെയത്ര പുരോഗമിക്കാത്ത അക്കാലത്തു ഞാൻ ഓടിപ്പിടിച്ച സമയം ഇന്നും എന്റെ പേരിൽ ദേശീയ റെക്കോർഡായി നിലനിൽക്കുന്നു എന്ന അഭിമാനം കൂടി പങ്കുവയ്ക്കട്ടെ.’’

pt-usha-reception
രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ശേഷം ഡൽഹി വിമാനത്താവളത്തിലെത്തിയ പി.ടി. ഉഷയെ ബിജെപി എംപി മനോജ് തിവാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ. ചിത്രം: മനോരമ

ഐഒഎ തലപ്പത്ത്

2022 ലാണ് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉഷ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. 95 വർഷത്തെ ഐഒഎയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു സജീവ കായിക താരം സംഘടനയുടെ തലപ്പത്തെത്തുന്നത്. എതിരില്ലാതെയാണ് ഉഷ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 2002 ൽ തുടങ്ങിയ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിൽനിന്ന് രാജ്യാന്തര താരങ്ങളെ വളർത്തിയെടുക്കാനും ഉഷയ്ക്കു സാധിച്ചു. രാജ്യം അർജുന അവാർഡും പത്മശ്രീയും നൽകി ഉഷയെ ആദരിച്ചിട്ടുണ്ട്.

usha-family
പി.ടി. ഉഷ ഭർത്താവ് വി. ശ്രീനിവാസനൊപ്പം കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ. ചിത്രം∙ മനോരമ
usha-school
പി.ടി. ഉഷ വിദ്യാർഥികൾക്കൊപ്പം. ചിത്രം∙ മനോരമ
usha-tintu
പി.ടി. ഉഷയും ടിന്റു ലൂക്കയും. ചിത്രം∙ മനോരമ
English Summary:

PT Usha celebrates 60th birth day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com