ADVERTISEMENT

ട്രിനിഡാഡ്∙ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ദക്ഷിണാഫ്രിക്ക ചരിത്ര ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.

എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ക്വിന്റൻ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ പുറത്തായത്. ഫസൽഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോൾ‍‍ഡാകുകയായിരുന്നു. റീസ ഹെൻറിക്സും (25 പന്തിൽ 29) ക്യാപ്റ്റൻ എയ്ഡൻ മാർക്റാമും (21 പന്തിൽ 23) പുറത്താകാതെനിന്നു. 67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസര്‍ മാർക്കോ ജാൻസനാണു കളിയിലെ താരം.

ഫൈനലുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം. Photo: X@T20CWC
ഫൈനലുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം. Photo: X@T20CWC

ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വീരോചിതമായ പോരാട്ടത്തിനും ഇതോടെ അവസാനമായി. ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് അഫ്ഗാനിസ്ഥാൻ ട്രിനിഡാഡിൽനിന്നു മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയും സൂപ്പർ 8ൽ ഓസ്ട്രേലിയയെയും തോൽപിച്ചാണ് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിലേക്കു കുതിച്ചത്. എന്നാൽ സെമിയിൽ ദയനീയനമായ തോൽവി വഴങ്ങി. 17 വിക്കറ്റുകളുമായി അഫ്ഗാൻ താരം ഫസല്‍ഹഖ് ഫറൂഖി ലോകകപ്പിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമതെത്തി. 2014ൽ ദക്ഷിണാഫ്രിക്കയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് എയ്‍ഡൻ മാർക്‌റാം. സീനിയർ‌ ടീമിനെ ആദ്യമായി ഒരു ലോകകപ്പിന്റെ ഫൈനലിലെത്തിക്കുന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനെന്ന റെക്കോർഡും മാർക്റാമിന്റെ പേരിലായി.

നോക്കൗട്ടിലെ ചെറിയ സ്കോർ, 56ന് പുറത്തായി അഫ്ഗാൻ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായി. രാജ്യാന്തര ക്രിക്കറ്റില്‍ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്കോറാണ് ഇത്. കഴിഞ്ഞ വർഷം നടന്ന എസിഎ കപ്പ് സെമി ഫൈനലിൽ യുഗാണ്ടയ്ക്കെതിരെ ബോട്‍സ്വാന 62 റൺസിന് ഓൾഔട്ടായതായിരുന്നു ഇതുവരെയുള്ള ചെറിയ സ്കോർ. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ട്വന്റി20 സ്കോർ കൂടിയാണിത്.

ദക്ഷിണാഫ്രിക്കൻ താരം ടബരെയ്സ് ഷംസിയുടെ ആഹ്ലാദം. Photo: X@T20CWC
ദക്ഷിണാഫ്രിക്കൻ താരം ടബരെയ്സ് ഷംസിയുടെ ആഹ്ലാദം. Photo: X@T20CWC

ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ അഫ്ഗാൻ തകർന്നടിയുകയായിരുന്നു. പവർപ്ലേ അവസാനിക്കും മുൻപേ അഞ്ചു വിക്കറ്റുകൾ നഷ്ടമായ അഫ്ഗാൻ, 11.5 ഓവറുകളാണ് ആകെ ബാറ്റു ചെയ്തത്. ആദ്യ ഓവറിലെ അവസാന പന്തിൽ റഹ്മാനുല്ല ഗുർബാസിനെ പൂജ്യത്തിനു പുറത്താക്കി തുടങ്ങിയ ദക്ഷിണാഫ്രിക്ക തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കഗിസോ റബാദ. Photo: X@T20CWC
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കഗിസോ റബാദ. Photo: X@T20CWC

12 പന്തിൽ 10 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. മറ്റു താരങ്ങൾക്കൊന്നും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. മൂന്ന് അഫ്ഗാനിസ്ഥാൻ‌ താരങ്ങൾ പൂജ്യത്തിനു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി പേസർ മാർകോ ജാൻസൻ, സ്പിന്നര്‍ ടബരെയ്സ് ഷംസി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കഗിസോ റബാദയും ആന്‍‍റിച് നോർട്യയും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി ബോൾ‍ഡാകുന്നു. Photo: X@T20CWC
അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി ബോൾ‍ഡാകുന്നു. Photo: X@T20CWC
English Summary:

Twenty 20 World Cup, South Africa vs Afghanistan Semi Final Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com