ADVERTISEMENT

ഗെൽസൻകിർഹൻ ∙ ജോർജിയയിലെ ടിബിലിസി ആസ്ഥാനമായുള്ള എഫ്സി ഡിനാമോ ടിബിലിസി എന്ന ഫുട്ബോൾ ക്ലബ് അക്കാദമി 2013–ൽ ഉദ്ഘാടനം ചെയ്തതു പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. 11 വർഷങ്ങൾക്കു ശേഷം ആ അക്കാദമിയിലെ 11 യുവതാരങ്ങൾ വീണ്ടും ക്രിസ്റ്റ്യാനോയെ കണ്ടു; യൂറോയിൽ പോർച്ചുഗലിനെതിരെയുള്ള ജോർജിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ!

അന്ന് അക്കാദമിയുലുണ്ടായിരുന്ന കവിച്ച കവാരട്‌ഹെലിയയുടെ ഗോളിലും മറ്റൊരു പെനൽറ്റി ഗോളിലും ജോർജിയയ്ക്ക് യൂറോയിലെ ആദ്യ ജയം. ഒപ്പം പ്രീ ക്വാർട്ടർ എന്ന സ്വപ്നം നേട്ടവും. സ്കോർ: ജോർജിയ–2, പോർച്ചുഗൽ–0. തോറ്റെങ്കിലും 6 പോയിന്റുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായ പോർച്ചുഗൽ പ്രീ ക്വാർട്ടറിലുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായാണു (4 പോയിന്റ്) ജോർജിയ പ്രീ ക്വാർട്ടറിലെത്തിയത്. പോർച്ചുഗലിനെ ഞെട്ടിച്ച് 2–ാം മിനിറ്റിലാണു നാപ്പോളി താരമായ കവാരട്‌ഹെലിയ സ്കോർ ചെയ്തത്. ഡിഫൻഡർ ആന്റോണിയോ സിൽവയുടെ പിഴവിൽ നിന്നു ലഭിച്ച പന്തുമായി പോർച്ചുഗൽ ഗോളിലേക്ക് ഓടിയെത്തിയ കവാരട്‌ഹെലിയ കൃത്യമായി ഫിനിഷ് ചെയ്തു. 57–ാം മിനിറ്റിൽ ജോർജസ് മികൗടഡസാണ് ജോർജിയയ്ക്കായി പെനൽറ്റി സ്കോർ ചെയ്തത്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റെഡ് കാർഡ് നേടി 10 പേരായി ചുരുങ്ങിയിട്ടും തളരാതെ പിടിച്ചു നിന്ന ചെക്ക് റിപ്പബ്ലിക്കിനെ അവസാന നിമിഷം തോൽപിച്ച് തുർക്കി പ്രീക്വാർട്ടറിലെത്തി. സ്കോർ: തുർക്കി: 2, ചെക്ക്: 1. തുർക്കിക്കായി ക്യാപ്റ്റൻ ഹക്കാൻ ടൾഹാനൊഗ്ലുവു (51–ാം മിനിറ്റ്), സെക് ടോസു (90+4) എന്നിവർ ഗോൾ നേടി. ചെക്ക് റിപ്പബ്ലിക്കിനായി ക്യാപ്റ്റൻ തോമസ് സൗചെക്ക് (66) സ്കോർ ചെയ്തു. ഗോൾ വ്യത്യാസത്തിലെ ആനുകൂല്യവും 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതു ഫിനിഷ് ചെയ്താണു തുർക്കി നോക്കൗട്ടിലെത്തിയത്.

English Summary:

Portugal vs Georgia football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com