ഐസിസി ട്വന്റി20 റാങ്കിങ്: ബാറ്റിങ്ങിൽ സൂര്യയെ പിന്തള്ളി ട്രാവിസ് ‘ഹെഡ്’, ബോളർമാരിൽ റാഷിദ് ഖാൻ 2–ാമത്
Mail This Article
ദുബായ്∙ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവിന് ഒന്നാം സ്ഥാനം നഷ്ടം. 2023 ഡിസംബർ മുതൽ ഒന്നാം സ്ഥാനത്തായിരുന്നു സൂര്യകുമാറിനെ, ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ഹെഡിന് ഒന്നാം സ്ഥാനം സമ്മാനിച്ചത്. ഓസ്ട്രേലിയ ലോകകപ്പിൽനിന്ന് സെമി കാണാതെ പുറത്തായെങ്കിലും, ഇന്ത്യയ്‌ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഉൾപ്പെടെ ഹെഡ് പുറത്തെടുത്ത മിന്നുന്ന പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ 76 റൺസെടുത്താണ് ഹെഡ് പുറത്തായത്.
ഈ പ്രകടനം കൂടിയായതോടെ ഒറ്റയടിക്ക് നാലു സ്ഥാനങ്ങൾ കയറിയാണ് ഹെഡ് ഒന്നാമതെത്തിയത്. ഹെഡ് തലപ്പത്തെത്തിയതോടെ സൂര്യകുമാർ രണ്ടാം സ്ഥാനത്തേക്കും ഇംഗ്ലിഷ് താരം ഫിൽ സാൾട്ട്, പാക്ക് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലേക്കും പിന്തള്ളപ്പെട്ടു.
ഏറ്റവും പുതിയ റാങ്കിങ്ങിൽ വെസ്റ്റ് ഇൻഡീസ് താരം ജോൺസൻ ചാൾസ് ആദ്യ പത്തിൽ ഇടംപിടിച്ചു. ചാൾസ് പത്താം സ്ഥാനത്താണ്. ലോകകപ്പിൽ അഫ്ഗാനിസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ റഹ്മാനുള്ള ഗുർബാസ് അഞ്ച് സ്ഥാനം കയറി 11–ാം സ്ഥാനത്തെത്തി.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസ് നാലാം സ്ഥാനത്തേക്ക് പതിച്ചു. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാൻ താരം മുഹമ്മദ് നബി രണ്ടാമതും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ മൂന്നാമതുമുണ്ട്.
ബോളർമാരുടെ പട്ടികയിൽ ഇംഗ്ലിഷ് താരം ആദിൽ റഷീദാണ് ഒന്നാമത്. ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ സെമിയിലേക്കു നയിച്ച ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ മൂന്നാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയൻ താരം ജോഷ് ഹെയ്സൽവുഡ് മൂന്നു സ്ഥാനം കയറി നാലാമതെത്തി. ഇന്ത്യയുടെ കുൽദീപ് യാദവ് ലോകകപ്പിലെ ഉജ്വല പ്രകടനത്തിന്റെ ബലത്തിൽ 20 സ്ഥാനം കയറി 11–ാമതെത്തി. ജസ്പ്രീത് ബുമ്ര 44 സ്ഥാനം കയറി 24–ാം സ്ഥാനത്തും ജോഫ്ര ആർച്ചചർ 19 സ്ഥാനം കയറി 38–ാം സ്ഥാനത്തുമെത്തി.