അംപയർമാർ കണ്ണു തുറന്നുപിടിക്കണം; ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി: ഗുരുതര ആരോപണവുമായി ഇൻസമാം
Mail This Article
ന്യൂഡൽഹി∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായ ഇൻസമാം ഉൾ ഹഖ് രംഗത്ത്. ഓസ്ട്രേലിയയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ച് സെമിയിൽ കടന്നിരുന്നു. തോറ്റ ഓസ്ട്രേലിയ സെമി കാണാതെ പിന്നീട് പുറത്തായി.
മത്സരത്തിനിടെ ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിന് ലഭിച്ച അസാധാരണ റിവേഴ്സ് സ്വിങ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണം ഇൻസമാം ഉന്നയിച്ചിരിക്കുന്നത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 16–ാം ഓവറിൽ തന്റെ രണ്ടാം സ്പെല്ലിനായി എത്തിയ അർഷ്ദീപ് റിവേഴ്സ് സ്വിങ് കണ്ടെത്തിയിരുന്നു. പഴയ പന്തിലാണ് സാധാരണ ഗതിയിൽ റിവേഴ്സ് സ്വിങ് ലഭിക്കുകയെന്ന് ഇൻസമാം ചൂണ്ടിക്കാട്ടി. ഒരു ട്വന്റി20 ഇന്നിങ്സിന് വെറും 20 ഓവർ മാത്രമാണ് ദൈർഘ്യമെന്നിരിക്കെ, താരതമ്യേന പുതിയ പന്തിൽ ഇന്ത്യൻ താരം എങ്ങനെയാണ് റിവേഴ്സ് സ്വിങ് കണ്ടെത്തുകയെന്നാണ് ഇൻസമാമിന്റെ ചോദ്യം.
‘‘അർഷ്ദീപ് സിങ് 16–ാം ഓവർ ബോൾ ചെയ്യുന്ന സമയത്ത് അയാൾക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്സ് സ്വിങ് കണ്ടെത്താനാകുക? 12–ാം ഓവറും 13–ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്സ് സ്വിങ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്’’ – ഒരു പാക്കിസ്ഥാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുമ്പോൾ ഇൻസമാം പറഞ്ഞു.
‘‘ഇക്കാര്യം ഞാൻ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാക്കിസ്ഥാൻ താരങ്ങളാണ് ഇതു ചെയ്തതെങ്കിൽ എന്തായിരിക്കും ബഹളം. എന്താണ് റിവേഴ്സ് സ്വിങ് എന്ന് നമുക്കെല്ലാം അറിയാം. അർഷ്ദീപിനേപ്പോലെ ഒരു താരത്തിന് 16–ാം ഓവറിൽ റിവേഴ്സ് സ്വിങ് ലഭിക്കണമെങ്കിൽ ആ പന്തിൽ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്’’ – ഇൻസമാം പറഞ്ഞു. ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആക്ഷൻ വച്ച് അദ്ദേഹത്തിന് സ്വിങ് ലഭിച്ചിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നുവെന്നും അർഷ്ദീപിന് ലഭിക്കാൻ ഒരു സാധ്യതയുമില്ലെന്നും ഇൻസമാം ചൂണ്ടിക്കാട്ടി.
നേരത്തേ, യുഎസ്എയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമും അവരുടെ പേസ് ബോളർ ഹാരിസ് റൗഫും പന്തു ചുരുണ്ടിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഇൻസമാം ഉൾ ഹഖ് ഉന്നയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. 41 പന്തിൽ 92 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്ക് നേടാനായത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് മാത്രമാണ്. 76 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡായിരുന്നു അവരുടെ ടോപ് സ്കോറർ. 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, 24 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.