ബംഗ്ലദേശിനെതിരെ കളി വൈകിപ്പിക്കാൻ നിലത്തു വീണു പിടഞ്ഞ് നായിബിന്റെ അഭിനയം; കാരണം ഇതാ – വിഡിയോ
Mail This Article
കിങ്സ്‌ടൗൺ ∙ ബംഗ്ലദേശിനെതിരെ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരം മെല്ലെയാക്കാൻ പേശീവലിവ് അഭിനയിച്ച് നിലത്തുവീണ അഫ്ഗാനിസ്ഥാൻ താരം ഗുൽബാദിൻ നായിബിന്റെ തന്ത്രത്തിൽ വിമർശനം. ബംഗ്ലദേശ് ഇന്നിങ്സിന്റെ 12–ാം ഓവറിലായിരുന്നു നായിബിന്റെ അഭിനയം. ഡക്ക്‌വർത്ത്– ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാൻ അപ്പോൾ 2 റൺസിനു മുന്നിലായിരുന്നു. ഇതു കണക്കു കൂട്ടി കളി വൈകിപ്പിക്കാൻ ഡഗ്ഔട്ടിലുണ്ടായിരുന്ന അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ട് നിർദേശം നൽകി. മഴ വന്നാൽ അപ്പോഴത്തെ സ്കോറിന് അഫ്ഗാനിസ്ഥാൻ ജയിക്കും എന്നതു കൊണ്ടായിരുന്നു ഇത്.
എന്നാൽ കോച്ചിന്റെ നിർദേശം സ്വീകരിക്കാൻ നായിബ് സ്വീകരിച്ചത് അതിബുദ്ധി. നിലത്തു വീണു പിടഞ്ഞ നായിബിന്റെ അഭിനയം കണ്ട് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ വരെ നീരസം കാണിച്ചു. മത്സരം അഫ്ഗാൻ ജയിച്ചതിനു പിന്നാലെ നായിബിനെ വിമർശിച്ച് പലരും രംഗത്തെത്തി. ‘നായിബിന് ചുവപ്പു കാർഡ്’ എന്നായിരുന്നു ഇന്ത്യൻ സ്പിന്നർ ആർ.അശ്വിന്റെ ട്വീറ്റ്.
∙ എന്തു മധുരമീ അഫ്ഗാനം
‘‘ഞങ്ങൾ സെമിയിലെത്തുമെന്നു ലോകകപ്പിനു മുൻപു പ്രവചിച്ച ഇതിഹാസതാരം ബ്രയാൻ ലാറ മാത്രമാണ്. അദ്ദേഹത്തിന്റെ വിശ്വാസം ഞങ്ങൾ കാത്തു’’– ബംഗ്ലദേശിനെതിരെ ആവേശജയത്തിനു പിന്നാലെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാന്റെ വാക്കുകൾ. പ്രവചിച്ചത് ലാറ മാത്രമായിരിക്കാം; പക്ഷേ ഇന്ത്യയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ക്രിക്കറ്റ് ആരാധകരുടെ പ്രാർഥന ഇന്നലെ ബഹുഭൂരിപക്ഷവും കിട്ടിയത് അഫ്ഗാനിസ്ഥാനു തന്നെ.
സൂപ്പർ 8 ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അഫ്ഗാൻ സെമിയിലെത്തിയതോടെ സംഭവിച്ചത് അവരെല്ലാം ‘ആഗ്രഹിച്ച’ ഒരു കാര്യമാണ്– പ്രതാപശാലികളായ ഓസ്ട്രേലിയ പുറത്ത്! നാളെ ഇന്ത്യൻ സമയം രാവിലെ 6ന് ട്രിനിഡാഡിൽ നടക്കുന്ന ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികൾ. അന്നു രാത്രി 8ന് ഗയാനയിൽ രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
∙ ബാറ്റിങ്ങിൽ മങ്ങി...
ക്വാർട്ടർ ഫൈനൽ പോലെ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ ബാറ്റിങ്ങിൽ പതറിയെങ്കിലും ഉജ്വലമായ ബോളിങ്ങിലൂടെ അതിനു പരിഹാരം ചെയ്താണ് അഫ്ഗാനിസ്ഥാന്റെ ജയം. സ്കോർ: അഫ്ഗാനിസ്ഥാൻ– 20 ഓവറിൽ 5ന് 115. ബംഗ്ലദേശ്– 17.5 ഓവറിൽ 105നു പുറത്ത്. മഴ മൂലം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 ആക്കി പുനർനിർണയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്റെ സ്കോറിങ് ‘ടെസ്റ്റ് വേഗ’ത്തിലായിരുന്നു.
റഹ്മാനുല്ല ഗുർബാസും (55 പന്തിൽ 43) ഇബ്രാഹിം സദ്രാനും (29 പന്തിൽ 18) അർധ സെഞ്ചറി കൂട്ടുകെട്ട് പിന്നിട്ടെങ്കിലും അതിനു വേണ്ടി വന്നത് 10 ഓവർ. തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ആ മെല്ലെപ്പോക്കിൽ നിന്നു മെച്ചപ്പെടാൻ പിന്നെ അഫ്ഗാന് ആയതുമില്ല. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബംഗ്ല ബോളർമാർ അവരെ വരിഞ്ഞു മുറുക്കി 115ൽ ഒതുക്കി. 3 സിക്സ് സഹിതം 10 പന്തിൽ 19 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനെ 100 കടത്തിയത്.
∙ ബോളിങ്ങിൽ മിന്നി...
12.1 ഓവറിനുള്ളിൽ കളി ജയിച്ചാൽ സെമിഫൈനൽ എന്ന കണക്കുകൂട്ടലുമായി കളത്തിലിറങ്ങിയ ബംഗ്ലദേശ് ആദ്യ ഓവറിൽ ഒരു ഫോറും സിക്സും സഹിതം 13 റൺസും നേടിയെങ്കിലും പിന്നീടങ്ങോട്ട് അഫ്ഗാൻ ബോളർമാർ പിടിമുറുക്കി. രണ്ടാം ഓവറിൽ തൻസിദ് ഹസനെ പുറത്താക്കി ഫസൽഹഖ് ഫാറൂഖിയാണ് അതിനു തുടക്കമിട്ടത്. അടുത്ത ഓവറിൽ നജ്മുൽ ഹൊസൈൻ ഷാന്റോയെയും ഷാക്കിബ് അൽ ഹസനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി നവീനുൽ ഹഖിന്റെ ഇരട്ടപ്രഹരം.
സ്പിന്നർമാരായ റാഷിദ് ഖാനും നൂർ അഹമ്മദും മുഹമ്മദ് നബിയും പന്തെറിയാനെത്തിയതോടെ ബംഗ്ലദേശിനു തുടരെ വിക്കറ്റുകൾ നഷ്ടമായി. നിരന്തരമായി കളി മുടക്കിയ മഴ മൂലം ഓവർ വെട്ടിച്ചുരുക്കും എന്നായതോടെ ഇരുടീമും കണക്കുകൂട്ടൽ തുടങ്ങി. 12–ാം ഓവർ പുരോഗമിക്കവെയാണ് ബംഗ്ലദേശിന്റെ ലക്ഷ്യം 19 ഓവറിൽ 114 റൺസ് ആയി പുനർനിർണയിച്ചത്. അപ്പോൾ 7ന് 81 എന്ന നിലയിലായിരുന്നു അവർ. അടുത്ത ഓവറോടെ നെറ്റ് റൺറേറ്റിൽ പിന്നിലായ ബംഗ്ലദേശിന്റെ പ്രതീക്ഷ അസ്തമിച്ചു. പിന്നെ അഫ്ഗാനും ഓസീസും തമ്മിലായി സെമിഫൈനൽ സ്ഥാനത്തിനായി മത്സരം.
18–ാം ഓവർ തുടങ്ങുമ്പോൾ ജയിക്കാൻ ബംഗ്ലദേശിനു വേണ്ടിയിരുന്നത് 12 പന്തിൽ 12 റൺസ്. എന്നാൽ നാലാം പന്തിൽ തസ്കിൻ അഹമ്മദിനെയും അഞ്ചാം പന്തിൽ മുസ്തഫിസുറിനെയും പുറത്താക്കി നവീൻ അഫ്ഗാന്റെ അവിസ്മരണീയ ജയം പൂർത്തിയാക്കി.