ADVERTISEMENT

കഴിഞ്ഞ 5 ട്വന്റി20 ലോകകപ്പുകളിൽ ഒരിക്കൽപോലും പൂജ്യത്തിന് പുറത്താകാത്ത വിരാട് കോലി ഈ ലോകകപ്പിൽ ഇതുവരെ റണ്ണെടുക്കാതെ മടങ്ങിയത് 2 തവണ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോററായ കോലിക്ക് ഇത്തവണ 6 മത്സരങ്ങളിൽ നിന്നു നേടാനായത് വെറും 66 റൺസ്. അപരാജിത കുതിപ്പോടെ ലോകകപ്പിന്റെ സെമിഫൈനലുറപ്പിച്ചെങ്കിലും ഓപ്പണിങ്ങിൽ വിരാട് കോലിയുടെ ‘സ്റ്റാർട്ടിങ് ട്രബിൾ’ വലിയ ആശങ്കയായി ഇന്ത്യൻ ടീമിനൊപ്പമുണ്ട്.

മധ്യനിര ബാറ്റിങ്ങിൽ കരുത്തോടെ നിലയുറപ്പിച്ചിരുന്ന കോലിയെ ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഓപ്പണർ ബാറ്ററാക്കിയ ‘പരീക്ഷണം’ ഓരോ മത്സരം പിന്നിടുമ്പോഴും ടീം ഇന്ത്യയെ തിരിഞ്ഞുകൊത്തുകയാണ്. ‌

‍‌∙ എല്ലാം വഴങ്ങുന്ന കോലി

ട്വന്റി20 കരിയറിലെ 115 ഇന്നിങ്സുകളിൽ ഓപ്പണിങ് മുതൽ ആറാം നമ്പർ വരെ കോലി ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. എങ്കിലും 80 ഇന്നിങ്സുകളിലും ബാറ്റ് ചെയ്ത വൺഡൗൺ പൊസിഷനിലൂടെയാണ് റെക്കോർഡുകളി‍ൽ ഏറിയ പങ്കും കോലി വെട്ടിപ്പിടിച്ചത്. 54 റൺസ് ശരാശരിയും 135 സ്ട്രൈക്ക് റേറ്റും സഹിതം 3076 റൺസ് നേടിയ കോലി 32 അർധ സെഞ്ചറികളും മൂന്നാമനായി ഇറങ്ങി നേടി.

ഈ ലോകകപ്പിന് മുൻപുവരെ 9 ഇന്നിങ്സുകൾ മാത്രമായിരുന്നു ട്വന്റി20 ഓപ്പണിങ്ങിൽ കോലിയുടെ മത്സര പരിചയം. എന്നിട്ടും വെടിക്കെട്ട് ബാറ്ററായ യശസ്വി ജയ്സ്വാളിനെ മാറ്റിനിർത്തി വിരാട് കോലിയെ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് അയയ്ക്കുമ്പോൾ ടീം മാനേജ്മെന്റിന്റെ മനസ്സു നിറയെ കഴിഞ്ഞ ഐപിഎലിലെ കോലിയുടെ മിന്നും പ്രകടനങ്ങളായിരുന്നു. കഴിഞ്ഞ ഐപിഎലിൽ ഒരു സെഞ്ചറിയും 5 അർധ സെഞ്ചറിയുമടക്കം 741 റൺസ് കോലി നേടിയത് ഓപ്പണറുടെ റോളിലാണ്. 

∙ പവർലെസ് കോലി

കോലിയുടെ ആക്രമണ വീര്യം പവർപ്ലേ ഓവറുകളിൽ മുതലെടുക്കുകയും എതിർ ടീമിന്റെ പേസ് ബോളിങ് നിരയെ സമ്മർദത്തിലാക്കുകയുമായിരുന്നു സ്ഥാനക്കയറ്റ പരീക്ഷണത്തിലൂടെ ടീം മാനേജ്മെന്റ് ലക്ഷ്യമിട്ടത്. 2022ലെ ഏഷ്യാ കപ്പ് ട്വന്റി20 മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യയുടെ ഓപ്പണറായ കോലി വീണ്ടും ഈ പൊസിഷനിലേക്ക് എത്തുന്നത് 2 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്.

മിഡിൽ ഓർ‍ഡറിൽ വേരുറപ്പിച്ചശേഷമുള്ള ഈ സ്ഥാനമാറ്റം ലോകകപ്പിൽ കോലിയുടെ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചു. പവർപ്ലേ ഓവറുകളിൽ മാത്രം ഇത്തവണ 49 പന്തുകൾ നേരിട്ട കോലി 24 ഡോട്ബോളുകൾ വഴങ്ങി. കഴിഞ്ഞ 5 ലോകകപ്പുകളിലായി 2 തവണ സിംഗിൾ ഡിജിറ്റിൽ പുറത്തായ താരത്തിന് ഈ ലോകകപ്പിൽ 4 മത്സരങ്ങളിൽ രണ്ടക്കം കടക്കാനായില്ല. ഈ ലോകകപ്പിൽ 5 തവണയും പേസ് ബോളർമാരാണ് കോലിയെ പുറത്താക്കിയത്. പേസർമാർക്കെതിരെ  20 ഡോട്ബോളുകളും കോലി വഴങ്ങി. 

∙ രാജ്യാന്തര ട്വന്റി20യിൽ ഓപ്പണിങ്ങിൽ കോലി

ഇന്നിങ്സ്: 15

റൺസ്: 466

ശരാശരി: 35.84

സെഞ്ചറി/ അർധ സെഞ്ചറി: 1/2

സ്ട്രൈക്ക് റേറ്റ്: 148.40

∙ മറ്റു പൊസിഷനുകൾ

ഇന്നിങ്സ്: 100

റൺസ്: 3637

ശരാശരി: 51.22

സെഞ്ചറി/ അർധ സെഞ്ചറി: 0/35

സ്ട്രൈക്ക് റേറ്റ്: 136.01

∙ ഈ ലോകകപ്പിലെ പ്രകടനം ഇതുവരെ

 Vs പേസ് ബോൾ

32 പന്തിൽ 30 റൺസ്

20 ഡോട്‌‍ബോൾ

5 പുറത്താകൽ

സ്ട്രൈക്ക് റേറ്റ്: 93.75

 Vs സ്പിൻ

34 പന്തിൽ 36 റൺസ്

12 ഡോട്‌‍ബോൾ

ഒരു പുറത്താകൽ

സ്ട്രൈക്ക് റേറ്റ്: 106

∙ പവർപ്ലേ ബാറ്റിങ്

ഇന്നിങ്സ്: 6

ഡോട്‌ബോൾ: 24

സിംഗിൾ: 13

ഡബിൾ: 5

ഫോർ/സിക്സ്:2/3

ബാറ്റിങ് ശരാശരി: 12.25

സ്ട്രൈക്ക് റേറ്റ്: 104.25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com