ADVERTISEMENT

ന്യൂഡൽഹി ∙ 140 കോടി ജനങ്ങളുടെ പ്രതീക്ഷകളിൽ മെഡൽ‌ പു​ഞ്ചിരി വിരിയിക്കാൻ ഒളിംപിക്സ് മത്സരക്കളത്തിൽ 117 ഇന്ത്യക്കാർ. 117 അത്‍ലീറ്റുകളും 140 സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന ഇന്ത്യൻ ഒളിംപിക്സ് സംഘത്തിന്റെ അന്തിമ പട്ടികയായി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പട്ടിക പുറത്തുവിട്ടത്. വനിതാ ഷോട്പുട് താരം ആഭ ഖാത്തുവ ഒഴികെ ഒളിംപിക്സിന് യോഗ്യത നേടിയ അത്‍ലീറ്റുകളെല്ലാം പട്ടികയിലുണ്ട്.

റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒളിംപിക്സ് യോഗ്യതയുറപ്പിച്ച ആഭ തഴയപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ് ആഭ.

121 അത്‌ലീറ്റുകൾ മത്സരിച്ച ടോക്കിയോ ഒളിംപിക്സിനുശേഷം ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ വലിയ സംഘമാണ് ഇത്തവണത്തേത്. 29 താരങ്ങൾ മത്സരിക്കുന്ന അത്‍ലറ്റിക്സിലാണ് ഇന്ത്യയ്ക്കു കൂടുതൽ പ്രാതിനിധ്യം. ഇന്ത്യൻ ടീമിലെ 47 പേർ വനിതകളാണ്. ആകെ മത്സരാർഥികളിൽ 40 ശതമാനമാണ് വനിതകൾ. ഒളിംപിക്സ് ഷൂട്ടിങ്ങിൽ തങ്ങളുടെ ഏറ്റവും വലിയ സംഘത്തെയാണ് (21 പേർ) പാരിസിൽ ഇന്ത്യ കളത്തിലിറക്കുന്നത്. 

ടോക്കിയോ ഒളിംപിക്സിൽ വ്യക്തിഗത മെഡൽ ജേതാക്കളായ 4 പേർ പാരിസ് ഒളിംപിക്സിലും ഇന്ത്യൻ സംഘത്തിലുണ്ട്. നീരജ് ചോപ്ര (അത്‍ലറ്റിക്സ്), മീരാബായ് ചാനു (വെയ്റ്റ്‍ലിഫ്റ്റിങ്), ലവ്‍ലിന ബോർഗോഹെയ്ൻ (ബോക്സിങ്), പി.വി.സിന്ധു (ബാഡ്മിന്റൻ) എന്നിവർ. 

ഇന്ത്യയുടെ 117 മത്സരാർഥികളിൽ 72 പേർക്കും ഇത് ആദ്യ ഒളിംപിക്സാണ്. 14 വയസ്സുള്ള നീന്തൽ താരം ധിനിധി ദേസിങ്കുവാണ് സംഘത്തിലെ ജൂനിയർ. ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയാണ് (44 വയസ്സ്) സീനിയർ. ഇന്ത്യൻ ഒളിംപിക്സ് സംഘത്തിലെ സപ്പോർട്ടിങ് സ്റ്റാഫുകളിൽ 67 പേർക്കു മാത്രമാണ് ഒളിംപിക് വില്ലേജി‍ൽ താമസം അനുവദിക്കുക.  മറ്റു 72 പേർക്ക്  ഹോട്ടലുകളിലാണ് താമസ സൗകര്യം. 

32 മത്സര ഇനങ്ങളുള്ള പാരിസ് ഒളിംപിക്സിൽ 16 ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്. അത്‍‍ലറ്റിക്സ് താരം പാരുൽ ചൗധരിയും ഷൂട്ടിങ് താരം മനു ഭാക്കറും 2 ഇനങ്ങളിൽ വീതം മത്സരിക്കും.  

ഇന്ത്യയുടെ പാരിസ് ടീം

അത്‍ലറ്റിക്സ്: 29

ഷൂട്ടിങ്: 21

ഹോക്കി: 19

ബാഡ്മിന്റൻ: 7

ടേബിൾ ടെന്നിസ്: 8

ആർച്ചറി, ബോക്സിങ്,  ഗുസ്തി: 6 വീതം

ഗോൾഫ്: 4

ടെന്നിസ്: 3

സെയ്‌ലിങ്, സ്വിമ്മിങ്: 2 വീതം

ജൂഡോ, റോവിങ്, വെയ്റ്റ്ലിഫ്റ്റിങ്, അശ്വാഭ്യാസം: 1 വീതം

English Summary:

India's Paris team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com