ADVERTISEMENT

ഒളിംപിക്സിനായി ഒരുങ്ങുന്ന നഗരത്തിന്റെ മണ്ണും മനസ്സും നനച്ച് പാരിസിൽ‍ മഴമേഘങ്ങൾ പെയ്തിറങ്ങി. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായി പെയ്ത മഴയിൽ നഗരമാകെ തണുത്തു. ഞായറാഴ്ചയും തിങ്കളാഴ്ചയുമൊക്കെ ഉച്ചയ്ക്കു 35 ഡിഗ്രി വരെ ഉയർന്ന ചൂടിനെ ശമിപ്പിച്ചാണു മഴ വന്നത്. ഒളിംപിക്സ് നടക്കുമ്പോൾ പാരിസിൽ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ കാറ്റിൽപ്പറത്തിയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്.  

പാരിസിലേതു ചരിത്രത്തിലെ ഏറ്റവും ‘ചൂടേറിയ’ ഒളിംപിക്സ് ആകുമെന്നാണു വിദഗ്ധരുടെ പ്രവചനം. അന്തരീക്ഷ താപനില ഉയരുന്നത് അത്‌ലീറ്റുകളുടെ പ്രകടനത്തെ ബാധിക്കുമെന്നും ആശങ്കയുയർന്നിരുന്നു. എന്നാൽ, ഇന്നലെ രാവിലെ മഴ പെയ്തതോടെ റൊളാങ് ഗാരോസിൽ ഇന്ത്യൻ ടെന്നിസ് താരങ്ങളുടേത് ഉൾപ്പെടെ പരിശീലനം വൈകി. ചില സ്റ്റേഡിയങ്ങളിലെ അവസാനവട്ട ഒരുക്കങ്ങളെയും മഴ ബാധിച്ചു.  

ഉദ്ഘാടനച്ചടങ്ങിന് ലേഡി ഗാഗ?

26നു നടക്കുന്ന ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു സംഘാടകർ എന്തൊക്കെ വിസ്മയങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളതെന്ന് ഔദ്യോഗികമായി ഇതുവരെ അറിയിപ്പൊന്നുമില്ലെങ്കിലും ഊഹാപോഹങ്ങൾ ഏറെയാണ്. പോപ്പ് താരം ലേഡി ഗാഗയുടെ സംഗീതവിരുന്ന് ഉദ്ഘാടനച്ചടങ്ങിൽ ഉണ്ടാകുമെന്നു ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗായിക സെലിൻ ഡിയോണും ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നാണു സൂചന.

ഇരുവരും പാരിസിൽ എത്തിയിട്ടുണ്ടെങ്കിലും വാർത്തയ്ക്കു സ്ഥിരീകരണമില്ല. സെൻ നദിയിലാണ് ഒളിംപിക്സിന്റെ ഉദ്ഘാടനം. ചരിത്രത്തിലാദ്യമായാണു സ്റ്റേഡിയത്തിനു പുറത്ത് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. സെൻ നദിയിലൂടെ 6 കിലോമീറ്ററിലധികം ദൂരത്തിൽ 85 ബോട്ടുകളിലായി അത്‌ലീറ്റുകൾ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുമെന്നാണു വിവരം. ഐഫൽ ടവറിനു മുന്നിലുള്ള ത്രൊക്കാദ്രോ ഗാർഡനിലാണ് മാർച്ച്‌ പാസ്റ്റ് സമാപിക്കുക.

English Summary:

Unexpected rain cools the heat in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com