ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഫ്രാൻസ് റിലേ താരം സൗൻകാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാൻ അനുമതി. ശിരോവസ്ത്രം ധരിക്കുന്നതിനാൽ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് തന്നെ മാറ്റിനിര്‍ത്തിയതായി സില വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ആതിഥേയരായ ഫ്രാൻസിന്റെ ഒളിംപിക് കമ്മിറ്റിക്കെതിരെയാണ് പരാതി ഉയർന്നത്. തുടർന്ന് താരവുമായി ഒളിംപിക് കമ്മിറ്റി പ്രതിനിധികൾ ചർച്ചകള്‍ നടത്തുകയും, തൊപ്പി ധരിച്ച് പങ്കെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന കായിക താരങ്ങൾക്ക് ശിരോവസ്ത്രം ധരിച്ച് ഒളിംപിക്സ് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് വെളിപ്പെടുത്തലുമായി ഫ്രഞ്ച് താരം തന്നെ രംഗത്തെത്തിയത്. ‘‘നിങ്ങളുടെ രാജ്യത്തു നടക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു. പക്ഷേ നിങ്ങൾ ശിരോവസ്ത്രം ധരിച്ചതിനാൽ ഉദ്ഘാടന പരിപാടിക്ക് എത്താൻ കഴിയില്ല.’’– എന്നായിരുന്നു സില സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയത്.

കായിക മന്ത്രാലയം, പാരിസ് ഒളിംപിക് കമ്മിറ്റി, ഫ്രഞ്ച് അത്‌ലറ്റിക്സ് ഫെ‍ഡറേഷൻ എന്നിവരുമായി ചർച്ച നടത്തിയതായി ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.

ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങു നടക്കുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റ് ഉണ്ടാകും. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്.

English Summary:

French athlete Sounkamba Sylla may swap hijab for a cap to avoid Olympic opening ceremony ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com