ഞങ്ങൾ നല്ല ആളുകളാണ്, ആതിഥ്യമര്യാദയുള്ളവർ: ഇന്ത്യൻ ടീമിനെ ക്ഷണിച്ച് ശുഐബ് മാലിക്ക്
Mail This Article
ഇസ്‍ലാമബാദ്∙ അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യ ഉറപ്പായും വരണമെന്ന് പാക്ക് മുന്‍ ക്യാപ്റ്റൻ ശുഐബ് മാലിക്. പാക്കിസ്ഥാനിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത ഒരുപാടു പേർ ഇന്ത്യൻ ടീമിലുണ്ടെന്നും കായിക മേഖലയിൽ രാഷ്ട്രീയം കൊണ്ടുവരരുതെന്നും മാലിക് ആവശ്യപ്പെട്ടു. ചാംപ്യൻസ് ട്രോഫി കളിക്കാൻ പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യൻ ടീം തീരുമാനത്തിൽ ഉറച്ചുനിന്നാൽ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റേണ്ടിവരും. എന്നാൽ അതിനു സാധിക്കില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ്.
‘‘രാജ്യങ്ങൾ തമ്മില്‍ എന്തു പ്രശ്നം ഉണ്ടെങ്കിലും അതു പ്രത്യേകമായി തന്നെ പരിഹരിക്കണം. കായിക രംഗത്തെ ഒരിക്കലും രാഷ്ട്രീയം ബാധിക്കരുത്. ഏകദിന ലോകകപ്പ് കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കഴിഞ്ഞ വർഷം ഇന്ത്യയിൽ പോയതാണ്. തിരിച്ച് ഇന്ത്യയ്ക്കും അങ്ങനെ ചെയ്യാനുള്ള അവസരമാണിത്. പാക്കിസ്ഥാൻകാർ ആതിഥ്യമര്യാദയുള്ളവരാണ്. ഞങ്ങൾ നല്ല ആളുകളാണ്. അതിനാൽ ഇന്ത്യൻ ടീം ഉറപ്പായും ഇങ്ങോട്ട് വരണം.’’– ക്രിക്കറ്റ് പാക്കിസ്ഥാനു നൽകിയ അഭിമുഖത്തിൽ ശുഐബ് മാലിക്ക് വ്യക്തമാക്കി.
നേരത്തേ പാക്കിസ്ഥാനിൽ നടന്ന ഏഷ്യാകപ്പ് മത്സരങ്ങളിൽ കളിക്കാനും ഇന്ത്യ തയാറായിരുന്നില്ല. തുടർന്ന് ഇന്ത്യയുടെ കളികൾ ശ്രീലങ്കയിലേക്കാണു മാറ്റിയത്. ഇതോടെ പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം പാക്കിസ്ഥാനു നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ചാംപ്യൻസ് ട്രോഫിയിലെ മുഴുവൻ മത്സരങ്ങളും പാക്കിസ്ഥാനിൽ നടത്തണമെന്ന് പാക്ക് ബോർഡ് കടുംപിടിത്തം തുടരുന്നത്.
ബിസിസിഐ അനൂകൂല നിലപാട് എടുത്തില്ലെങ്കിൽ ചാംപ്യന്‍സ് ട്രോഫിയിലും ‘ഹൈബ്രിഡ് മോഡൽ’ തന്നെ തുടരാനാണു സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായ സാഹചര്യം തുടരുന്നതിനാൽ ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിച്ചിട്ട് വർഷങ്ങളായി. നിലവിൽ ഐസിസി പരമ്പരകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്.