ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിനു പിന്നിൽ നിയുക്ത പരിശീലകൻ ഗൗതം ഗംഭീറും സൂര്യയുമായുള്ള ഐപിഎൽ കാലത്തെ ബന്ധവും കാരണമായിരിക്കാമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇരുവരും ഒരുമിച്ചു കളിച്ചിട്ടുണ്ടെന്ന് ഓജ ചൂണ്ടിക്കാട്ടി. ഗംഭീർ കൊൽക്കത്ത നായകനായിരുന്ന കാലത്ത് സൂര്യകുമാർ അവിടെ വൈസ് ക്യാപ്റ്റനുമായിരുന്നുവെന്ന് ഓജ ഓർമിപ്പിച്ചു.

‘‘ടീം തിരഞ്ഞെടുപ്പിൽ 2026ലെ ട്വന്റി20 ലോകകപ്പ് സിലക്ടർമാർ പരിഗണിച്ചിട്ടുണ്ടെന്ന് തീർച്ചയാണ്. ലോകകപ്പ് മുൻനിർത്തി പക്വതയും പരിചയസമ്പത്തുമുള്ള ഒരു ക്യാപ്റ്റനെയാണ് അവർക്ക് വേണ്ടിയിരുന്നത്. അക്കാര്യത്തിൽ സൂര്യകുമാർ യാദവിനേക്കാൾ മികച്ചതായി ഈ ടീമിൽ ആരുണ്ട്?

‘‘പ്രതീക്ഷിച്ചിരുന്നതുപോലെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നെങ്കിൽ ഫിറ്റ്നസ് ഉൾപ്പെടെ പ്രശ്നമാകുമായിരുന്നു. എല്ലാ തലങ്ങളും പരിശോധിക്കുമ്പോൾ സൂര്യകുമാർ തന്നെയാണ് ഏറ്റവും നല്ലതെന്ന് തോന്നുന്നു.

‘‘കളത്തിൽ വളരെ മിടുക്കനായിട്ടുള്ള വ്യക്തിയാണ് സൂര്യ. ഗൗതം ഗംഭീറുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ട് എന്നതും ശ്രദ്ധേയം. ഇരുവരും ഒരുമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചുള്ള പരിചയവുമുണ്ട്. ഗംഭീർ കൊൽക്കത്ത നായകനായിരുന്ന സമയത്ത് സൂര്യ വൈസ് ക്യാപ്റ്റനുമായിരുന്നു. അതുകൊണ്ട് ഇരുവർക്കുമിടയിൽ സ്വാഭാവികമായ ഒരു ഇഴയടുപ്പമുണ്ട്. പാണ്ഡ്യയുടെ കാര്യത്തിൽ ഫിറ്റ്നസ് പ്രശ്നമായതോടെ സ്വാഭാവികമായും അടുത്ത പേര് സൂര്യകുമാറിന്റേതായി’’ – ഓജ പറഞ്ഞു.

English Summary:

Pragyan Ojha Explains Suryakumar Yadav's Selection as Indian T20 Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com