ADVERTISEMENT

സ്വപ്നലോകത്തെത്തിയ പൂമ്പാറ്റകളെപ്പോലെ വിശ്വകായികതാരങ്ങൾ ഇന്നു പാരിസിൽ ചിറകടിച്ചുയരും. ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് ഫ്രാൻസിന്റെ തലസ്ഥാന നഗരിയിൽ ഇന്നു രാത്രി ദീപം തെളിയുകയാണ്. 33–ാം ഒളിംപിക്സി‌ന്റെ ഉദ്ഘാടനച്ചടങ്ങ് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) ആരംഭിക്കും. ഓഗസ്റ്റ് 11 വരെയാണ് ഒളിംപിക്സ്. ഉദ്ഘാടനദിനമായ ഇന്നു മത്സരങ്ങളില്ല.

ഒരു നൂറ്റാണ്ടിനു ശേഷം ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണു പാരിസ് നഗരം. മുൻപ് 1900ലും 1924ലും പാരിസ് നഗരം ഒളിംപിക്സിനു വേദിയൊരുക്കി. സുരക്ഷയുടെ പേരിലുള്ള നിയന്ത്രണങ്ങൾ നഗരവാസികളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കിലും ഒളിംപിക്സ് എന്ന വികാരത്തെ ആവേശത്തോടെ വരവേൽക്കാനുറച്ചു തന്നെയാണ് ഒരുക്കം.

ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റ്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. ഒളിംപിക് ദീപം തെളിയുന്നത് അവിടെയാണ്. ഒളിംപിക്സിനു തുടക്കം കുറിച്ചു ദീപം തെളിക്കുന്നത് ആരാണെന്ന് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടികളും സംഘാടകർ ‘സസ്പെൻസ്’ ആക്കി നിർത്തിയിരിക്കുകയാണ്.

ഇന്ത്യ @ 117

70 പുരുഷ അത്‌ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു പാരിസിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അത്‌ലറ്റിക്സിലാണ് ഏറ്റവും വലിയ സംഘം: 29 പേർ. ഷൂട്ടിങ്ങും (21) ഹോക്കിയും (19) തൊട്ടുപിന്നിലുണ്ട്. ഇന്ത്യൻ സംഘത്തിലാകെ 7 മലയാളികളുണ്ട്. അത്‌ലറ്റിക്സിൽ അഞ്ചുപേർ: വൈ.മുഹമ്മദ് അനസ്, വി.മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്ദുല്ല അബൂബക്കർ. ഹോക്കിയിൽ പി.ആർ.ശ്രീജേഷും ബാഡ്മിന്റനിൽ എച്ച്.എസ്.പ്രണോയിയും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങും.

മലയാളി സെഞ്ചറി

ഒളിംപിക്സിൽ ആദ്യമായി ഒരു മലയാളി മത്സരിച്ചതിന്റെ 100–ാം വാർഷികമാണിത്. 1924ൽ കണ്ണൂരുകാരൻ സി.കെ.ലക്ഷ്മണൻ ഇന്ത്യയ്ക്കായി മത്സരിച്ചിരുന്നു.

പിടിച്ചടക്കാൻ യുഎസ്

206 രാജ്യങ്ങളിൽനിന്നായി 10,714 അത്‌ലീറ്റുകൾ പാരിസിൽ മെഡൽ തേടിയിറങ്ങും. 32 ഇനങ്ങളിലാണു മത്സരങ്ങൾ. 

ഓരോന്നിലും ഒട്ടേറെ വിഭാഗങ്ങളിലായി മെഡൽ പോരാട്ടം നടക്കും. കഴിഞ്ഞ തവണ ടോക്കിയോയിൽ 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും നേടി ഒന്നാമതെത്തിയ യുഎസ് ഇത്തവണയും മെഡൽ പട്ടികയിൽ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. നീരജ് ചോപ്രയുടെ സ്വർണം സഹിതം ഇന്ത്യ നേടിയത് 7 മെഡലുകൾ. 

ശരത് കമൽ, സിന്ധു പതാക വാഹകർ

ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിക്കുക ടേബിൾ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവുമാണ്. ഇരുവരും മാർച്ച്പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തും. 2016ലും 2020ലും മെഡൽ നേടിയ സിന്ധു തുടരെ 3–ാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5–ാം ഒളിംപിക്സാണു പാരിസിലേത്.

English Summary:

Olympics start today in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com