ADVERTISEMENT

പാരിസ്∙ സെൻ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിന് ഔദ്യോഗിക തുടക്കം. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട് സെൻ നദിയുടെ തീരത്തേക്കു മാറിയ ഒളിംപിക്സ് ഉദ്ഘാടന പരിപാടികൾ ആയിരക്കണക്കിന് ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഒളിംപിക് ദീപശിഖയെ നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സെന്‍ നദിയിൽ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികൾ ചടങ്ങിൽ അണിനിരന്നു.

ആദ്യമെത്തിയ ഗ്രീക്ക് സംഘത്തിന്റെ ബോട്ടായിരുന്നു. തൊട്ടുപിന്നാലെ അഭയാർഥികളുടെ സംഘമെത്തി. അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനവും ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മാറ്റേകി. വിവിധ രാജ്യങ്ങളുടെ സംഘങ്ങൾ സെന്‍ നദിയിലൂടെ പ്രവേശിക്കുന്നതിനിടെയായിരുന്നു ലേഡി ഗാഗ പ്രത്യേകം തയാറാക്കിയ സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സെൻ നദിയുടെ തീരത്ത് നർത്തകർക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഫ്രാൻസിലെ പ്രശസ്തമായ ‘ദ് കാൻ കാൻ’ കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരൻമാരുമെത്തി.

paris-open-5
ഒളിംപിക്സ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള കലാപ്രകടനങ്ങൾ. Photo: X@Paris2024

ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യൻ താരങ്ങളുടെ വരവ്. പി.വി. സിന്ധുവും ശരത് കമലും 78 അംഗ ടീമിനെ നയിച്ചു.  2016ലും 2020ലും മെഡൽ നേടിയ സിന്ധു തുടരെ 3–ാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5–ാം ഒളിംപിക്സാണു പാരിസിലേത്. 12 വിഭാഗങ്ങളിൽനിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യയ്ക്കു പിന്നിൽ ഇന്തോനീഷ്യ താരങ്ങളുമെത്തി.

paris-open-4
ഒളിംപിക്സ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള കലാപ്രകടനങ്ങൾ. Photo: X@Paris2024

ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ഫ്രാൻസിലെ 10 ചരിത്ര വനിതകൾക്ക് ഫ്രാൻസ് ആദരമർപ്പിച്ചു. ഒലിംപെ ഡെ ഗോസ്, അലിസ് മിലിയറ്റ്, ഗിസെൽ ഹലിമി, സിമോൺ ഡെ ബ്യുവോർ, പൗലിറ്റ് നർഡാൽ, ജീൻ‍ ബാരറ്റ്, ലൂയിസ് മിച്ചൽ, ക്രിസ്റ്റിൻ ഡെ പിസാൻ, അലിസ് ഗയ്, സിമോൺ വെയ്ല്‍ എന്നിവരുടെ പ്രതിമകൾ സെൻ നദീതീരത്ത് ഉയർന്നുവന്നു. ഗ്രാൻഡ് പാലസിന്റെ മേൽക്കൂരയ്ക്കു മുകളില്‍നിന്നാണ് ഗായിക അക്സെൽ‍ സെന്റ് സിറൽ ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിച്ചത്. ഉദ്ഘാടനച്ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെൻ നദിയുടെ വശങ്ങളിൽ കാത്തുനിന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരയിലും നദിയോരത്തുമുള്ള കലാപ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങുകൾ വേറിട്ടതാക്കി.

paris-open-6
ഈഫൽ ടവറിൽ ഒളിംപിക് വളയങ്ങൾ സ്ഥാപിച്ചപ്പോൾ. Photo: X@Paris2024

ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ അവസാനിച്ച മാര്‍ച്ച് പാസ്റ്റിൽ ഏറ്റവും ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാൻസാണ്. സെൻ നദിയിലൂടെ യന്ത്രക്കുതിരയിൽ കുതിച്ചുപാഞ്ഞ ഒരു ജെൻഡാർമെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒളിംപിക്സ് പ്രഖ്യാപനം നടത്തി. ഒളിംപിക് ഗീതത്തിനു ശേഷം ദീപശിഖ ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരം സിനദിൻ സിദാന് കൈമാറി. സിദാൻ അതു ഫ്രഞ്ച് ഓപ്പണിൽ 16 തവണ വിജയിയായ ടെന്നിസ് താരം റാഫേൽ നദാലിനു നൽകി. പ്രത്യേകം തയാറാക്കിയ ബോട്ടിൽ ദീപശിഖയുമായി നദാൽ യാത്ര തുടങ്ങി. ബോട്ടില്‍ വച്ച് യുഎസ് ടെന്നിസ് താരം സെറീന വില്യംസിനും തുടർന്ന് കാൾ ലൂയിസ്, നാദിയ കൊമനേച്ചി എന്നിവർക്കും  ദീപശിഖ നൽകി. ഏതാനും നിമിഷം സെൻ നദിയിൽ സഞ്ചരിച്ച സംഘം, ഫ്രാൻസിന്റെ മുൻ വനിതാ ടെന്നിസ് താരം അമെലി മൗറെസ്മോയ്ക്കു ദീപശിഖ പകർന്നു നൽകി.

paris-open-2
മുകളിലേക്ക് ഉയരുന്ന ഒളിംപിക് ദീപം. Photo: X@Paris2024
paris-open-3
ലേഡി ഗാഗയുടെ പ്രകടനം. Photo: X@Paris2024
paris-open-7
നദാലിന് ദീപശിഖ കൈമാറിയപ്പോൾ. Photo: X@Paris2024

അവിടെനിന്ന് ദീപം ഏറ്റെടുത്തത് ഫ്രഞ്ച് ബാസ്കറ്റ് ബോൾ ഇതിഹാസം ടോണി പാര്‍ക്കർ. ഒളിംപിക്, പാരലിംപിക് താരങ്ങൾക്ക് അതിവേഗം കൈമാറിയ ദീപശിഖ ഒടുവിൽ ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിന്റേയും ജൂഡോ താരം ടെഡ്ഡി റിനറിന്റെയും കൈകളിൽ. ഇരുവരും ചേര്‍ന്ന് ഏഴു മീറ്റർ വീതിയുള്ള ഒളിംപിക് ദീപത്തിനു തീ പകർന്നു. തുടർന്ന് എയർ ബലൂണിന്റെ സഹായത്തോടെ ഒളിംപിക് ദീപം 30 മീറ്ററോളം മുകളിലേക്ക് ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com