ചെത്തിനടക്കാൻ ചെക്ക്; മോശമാക്കാതെ ഇന്ത്യ: പാരിസിലെ റെഡ് കാർപറ്റ്
Mail This Article
16-ാം നൂറ്റാണ്ടുമുതൽ ലോകത്തിന് മുന്നിൽ ഫാഷന്റെ വിസ്മയച്ചെപ്പ് തുറന്നുവച്ച നഗരമാണ് പാരിസ്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിനെ വരവേൽക്കാൻ പാരിസ് ഒരുങ്ങുമ്പോൾ ഫാഷൻ ഇൻഡസ്ട്രിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾക്കായി കൗതുകത്തോടെ കാത്തിരിക്കുകയാണ് പലരും. ഒളിംപിക്സ് തുടങ്ങുന്നതിനു മുൻപേ രാജ്യങ്ങളുടെ യൂണിഫോമുകളിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തി പാരിസ് ഞെട്ടിച്ചുകഴിഞ്ഞു. ഒളിംപിക്സ് ഉദ്ഘാടന വേദിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ചില യൂണിഫോമുകളെ പരിചയപ്പെടാം...
ചെത്തിനടക്കാൻ ചെക്ക്
ഇത്തവണത്തെ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഏറ്റവും ട്രെൻഡിങ്ങായത് ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള അത്‌ലീറ്റുകളുടെ വസ്ത്രമായിരുന്നു. ചെക് ഫാഷൻ ഗ്രൂപ്പായ ഷോ സോസ്യേറ്റയുടെ ഡിസൈനർ യാൻ ജെർനിയാണ് ചെക് ടീമിന്റെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പോളോ ടീഷർട്ടുകളും ലൈറ്റ്‌വെയ്റ്റ് ട്രൗസറുകളും പുറമേ ട്രൻജ് കോട്ടുകളും ചേരുന്നതാണ് ചെക് ടീമിന്റെ യൂണിഫോം. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം അടയാളപ്പെടുത്തുന്ന ഡിസൈനുകൾ യൂണിഫോമിൽ കാണാം.
പ്രാഡച്ചിറകിൽ ചൈന
തനത് വസ്ത്രങ്ങളുമായാണ് ചൈനീസ് ടീം ഇത്തവണയും ഒളിംപിക്സിന് എത്തിയതെങ്കിലും അവരുടെ വനിതാ ഫുട്ബോൾ ടീമിന് മാർച്ച് പാസ്റ്റിന് അണിയാനുള്ള വസ്ത്രം തയാറാക്കിയിരിക്കുന്നത് പ്രാഡ ഡിസൈനർ ഗ്രൂപ്പാണ്. ഇക്കഴിഞ്ഞ വനിതാ ഫുട്ബോൾ ലോകകപ്പ് മുതലാണ് പ്രാഡ ചൈനീസ് ഫുട്ബോൾ ടീമുമായി കൈകോർത്തത്. എക്സിക്യൂട്ടീവ് ലുക്ക് നൽകുന്ന ബ്ലാക് ആൻഡ് വൈറ്റ് ഡ്രസും ബ്ലേസറുമാണ് ഇവർക്കായി പ്രാഡ ഒരുക്കിയിരിക്കുന്നത്.
നൈക്കിക്കൊപ്പം യുഎസ്എ
ട്രാക്കിലും ഫീൽഡിലും തീപടർത്താൻ ഉറപ്പിച്ചെത്തുന്ന യുഎസ്എ ടീമിന് വസ്ത്രങ്ങൾ ഒരുക്കാനുള്ള ചുമലത ഇത്തവണ നൈക്കി എന്ന സ്പോർട്സ് ബ്രാൻഡിനാണ്. സ്പോർടി ലുക്ക് നൽകുന്ന സ്റ്റൈലിഷ് വസ്ത്രങ്ങളാണ് നൈക്കി ഇത്തവണ യുഎസ്എ ടീമിനായി ഒരുക്കിയിരിക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റുകൾക്കുള്ള വസ്ത്രങ്ങൾ തയാറാക്കാനുള്ള ചുമതലയും നൈക്കിക്കു തന്നെ. എന്നാൽ യുഎസ്എ ഗോൾഫ് ടീമിനു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് ആഡംബര ബ്രാൻഡായ റാൽഫ് ലോറനാണ്. യുഎസ് പതാകയുടെ നിറത്തിലുള്ള ഡിസൈനാണ് റാൽഫ് ലോറൻ പിന്തുടരുന്നത്.
ഒരുങ്ങി ഓസ്ട്രേലിയ
ജാപ്പനീസ് സ്പോർട്സ് ബ്രാൻഡായ എസിക്സാണ് ഓസ്ട്രേലിയൻ ഒളിംപിക്സ് ടീമിനുള്ള വസ്ത്രങ്ങളുടെ ചുമതലക്കാർ. മഞ്ഞനിറത്തിലുള്ള അപ്പറും പച്ച നിറത്തിലുള്ള ലോവറുമാണ് ഓസ്ട്രേലിയൻ അത്‌ലീറ്റുകൾക്കായി എസിക്സ് തയാറാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തലുകളും വിവിധ ചിഹ്നങ്ങളുടെ രൂപത്തിൽ വസ്ത്രത്തിൽ കാണാം.
തിളങ്ങാൻ ആതിഥേയരും
സ്വന്തം മണ്ണിൽ നടക്കുന്ന ഒളിംപിക്സിൽ തിളങ്ങാൻ ഉറപ്പിച്ചാണ് ഫ്രഞ്ച് ടീമിന്റെയും വരവ്. ആഡംബര വസ്ത്ര ബ്രാൻഡായ ബേലുറ്റിയാണ് ഇത്തവണ ഫ്രാൻസ് ഒളിംപിക്സ് ടീമിന്റെ യൂണിഫോം തയാറാക്കിയിരിക്കുന്നത്. സ്റ്റീഫൻ ആഷ്പോൾ എന്ന ഡിസൈനറാണ് ബേലുറ്റിക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒളിംപിക്സിനു പുറമേ, ഫ്രാൻസിന്റെ പാരാലിംപിക്സിനുള്ള ടീമും അണിയുക ഇതേ ഡിസൈനർ വസ്ത്രങ്ങളാകും. നീല നിറത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോമിൽ ഫ്രാൻസ് പതാകയുടെ നിറങ്ങൾ സമന്വയിപ്പിച്ച കോളറുകളാണ് ഹൈലൈറ്റ്.
മോശമാക്കാതെ ഇന്ത്യയും
പുറത്തിറക്കിയതിനു പിന്നാലെ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അത്ര മോശമല്ലാത്ത യൂണിഫോമും ജഴ്സികളുമായാണ് ടീം ഇന്ത്യയും ഇത്തവണ ഒളിംപിക്സിന് എത്തുന്നത്. പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനി തയാറാക്കിയ ഇന്ത്യയുടെ ഒളിംപിക് യൂണിഫോമിൽ പുരുഷൻമാർക്ക് കുർത്തയും വനിതകൾക്ക് സാരിയുമാണ് വേഷം. വെള്ള നിറത്തിലുള്ള കുർത്തയിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. സമാന നിറത്തിലാണ് സാരിയുടെ ഡിസൈനും. എന്നാൽ ഒരു രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ ഫാഷൻ സ്റ്റേറ്റ്മെന്റ് ആകേണ്ട ഒളിംപിക് യൂണിഫോം അൽപം കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ് വിമർശകരുടെ വിലയിരുത്തൽ.