22,000 കി.മീ സൈക്കിൾ ചവിട്ടി ഒരു കോഴിക്കോട്ടുകാരൻഒളിംപിക്സ് വേദിയിൽ; കേരളം ടു പാരിസ്, റോഡ് സൈക്ലിങ്!
Mail This Article
പാരിസ് ∙ രണ്ടു വർഷം. 22,000 കിലോമീറ്റർ. ഒളിംപിക്സിന്റെ ഭാഗമാകാൻ കോഴിക്കോട്ടുകാരൻ ഫായിസ് അഷ്റഫ് അലി സൈക്കിളിൽ പാരിസിലെത്തുമ്പോൾ ചരിത്രം അതിശയത്തോടെ നോക്കിനിൽക്കുന്നു. 2022 ഓഗസ്റ്റ് 15നു തുടങ്ങിയ യാത്ര 30 രാജ്യങ്ങൾ പിന്നിട്ട് ഇന്നലെ ഇവിടെ സമാപിച്ചു. ഒളിംപിക്സിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ ഒരുക്കിയ ഇന്ത്യാ ഹൗസിലാണു ഫായിസിന്റെ അതിശയ യാത്ര അവസാനിച്ചത്.
ഹംഗറിയിലെത്തിയപ്പോഴാണു ടോക്കിയോ ഒളിംപിക്സ് സ്വർണജേതാവ് നീരജ് ചോപ്ര അവിടെ ബുഡാപെസ്റ്റിൽ മത്സരിക്കാനെത്തിയ വിവരം ഫായിസ് അറിഞ്ഞത്. മലയാളി പരിശീലകൻ പി.രാധാകൃഷ്ണൻ നായരുടെ സഹായത്തോടെ നീരജിനെ ഫായിസ് സന്ദർശിച്ചു. സംസാരത്തിനിടെ, എന്തുകൊണ്ട് ഒളിംപിക്സ് കാണാൻ പാരിസിലേക്കു വന്നുകൂടാ എന്നു നീരജ് തന്നോടു ചോദിച്ചതായി ഫായിസ് പറയുന്നു. ‘അതോടെ ഞാൻ എന്റെ പദ്ധതിയിൽ ചെറിയ വ്യത്യാസം വരുത്തി. യാത്ര യുകെയിലേക്കു തിരിച്ചുവിട്ടു. ഒളിംപിക്സ് ആയപ്പോൾ പാരിസിലെത്തി. നീരജിലൂടെ പാരിസിൽ ഇന്ത്യ പൊന്നണിയുന്നതു കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഞാൻ – ഫായിസ് പറഞ്ഞു.
‘ഹോട്ടലുകളിൽ താമസിക്കാറില്ല. ചില സ്പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്. റോട്ടറിയുടെ പിന്തുണയുമുണ്ട്. വീസയുടെ ആവശ്യത്തിനായി രണ്ടുതവണ നാട്ടിലേക്കു മടങ്ങിയതൊഴിച്ചാൽ ബാക്കി മുഴുവൻ സമയവും സൈക്കിളിൽ യാത്രയായിരുന്നു. ദിവസവും 150 കിലോമീറ്ററോളം സൈക്കിൾ ചവിട്ടും’ – അദ്ദേഹം പറയുന്നു.
കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകനാണ്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായി ‘ഹൃദയത്തിൽനിന്നു ഹൃദയത്തിലേക്ക്’ എന്ന മുദ്രാവാക്യത്തോടെയാണ് 2022ൽ യാത്ര തുടങ്ങിയത്. ഓഗസ്റ്റ് 15നു തിരുവനന്തപുരത്തു മന്ത്രി വി.ശിവൻകുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടര ലക്ഷം രൂപ വിലവരുന്ന യുഎസ് നിർമിത സൈക്കിളിലാണു യാത്ര. 2019ൽ കോഴിക്കോട്ടുനിന്നു സിംഗപ്പൂരിലേക്കു സൈക്കിളിൽ യാത്ര ചെയ്തിരുന്നു. ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലും ആശംസകളോടെ ഫായിസിന്റെ യാത്രയ്ക്ക് പിന്തുണയേകുന്നു.