ADVERTISEMENT

പാരിസ് ∙ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യം ഇന്ത്യയ്‌ക്കായി രണ്ടാം മെഡൽ വെടിവച്ചിടുന്നതു കണ്ട് തുടക്കമായ പാരിസ് ഒളിംപിക്സിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് കൂടുതൽ സന്തോഷ വാർത്തകൾ. പുരുഷ ഹോക്കിയിലെ പൂൾ ബി മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യ 2–0ന്റെ വിജയം നേടി. 11, 19 മിനിറ്റുകളിലായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഇതോടെ, ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ നാലു ഗോളുകളുമായി ഒന്നാമതെത്തി. പുരുഷ വിഭാഗം ബാഡ്മിന്റൻ ഡബിൾസിൽ ഇന്ത്യൻ സഖ്യമായ ചിരാഗ് ഷെട്ടി – സാത്വിക് സായ്‌രാജ് സഖ്യം അനായാസം ജയിച്ചുകയറി. ഇന്തൊനീഷ്യയുടെ ഫജാർ ആൽഫിയാൻ – മുഹമ്മദ് അർഡിയാന്റോ സഖ്യത്തെ 21–13, 21–13 എന്ന സ്കോറിനാണ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ ഗ്രൂപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഈ ഗ്രൂപ്പിൽനിന്ന് ചിരാഗ് – സാത്വിക് സഖ്യം നേരത്തേ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

നേരത്തെ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിലാണ് മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യം ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്സിലെ രണ്ടാമത്തെ മെഡൽ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ച് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട സ്വർണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം മനു ഭാക്കറിനു സ്വന്തം. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രവും മനുവിനു സ്വന്തം.

ആർച്ചറിയിൽ വനിതാ വ്യക്തിഗത എലിമിനേഷൻ റൗണ്ടിൽ ഇന്ത്യൻ താരം ഭജൻ കൗർ പ്രീക്വാർട്ടറിലെത്തി. ആദ്യ മത്സരത്തിൽ ഇന്തൊനീഷ്യൻ താരം സൈഫ കമലിനെ 7–3ന് തോൽപ്പിച്ച ഭജൻ കൗർ, രണ്ടാം റൗണ്ടിൽ പോളണ്ട് താരം വയലെറ്റയെ 6–0ന് തോൽപ്പിച്ചു. ഒന്നാം റൗണ്ടിൽ ഇന്ത്യയുടെ അങ്കിത ഭഗതിനെ 6–4നു തോൽപ്പിച്ചാണ് പോളണ്ട് താരം രണ്ടാം റൗണ്ടിലെത്തിയത്. ആർച്ചറി പുരുഷ വിഭാഗം വ്യക്തിഗത എലിമിനേഷൻ രണ്ടാം റൗണ്ടിൽ ധീരജ് ബൊമ്മദേവര തോറ്റു പുറത്തായി. കാനഡയുടെ എറിക് പീറ്റേഴ്സാണ് ധീരജിനെ തോൽപ്പിച്ചത്. ആദ്യ റൗണ്ടിൽ ചെക്ക് റിപ്പബ്ലിക് താരം ആദം ലീയെ 7–1 എന്ന സ്കോറിൽ തകർത്താണ് ധീരജ് മുന്നേറിയത്.

ഷൂട്ടിങ്ങിൽ ട്രാപ് പുരുഷ വിഭാഗം യോഗ്യതാ റൗണ്ടിൽ പൃഥ്വിരാജ് ടോണ്ടൈമാൻ ഫൈനൽ കാണാതെ പുറത്തായി. 118 പോയിന്റുമായി 21–ാം സ്ഥാനക്കാരനായാണ് പൃഥ്വിരാജിന്റെ മടക്കം. യോഗ്യതാ റൗണ്ടിൽ ആകെ മത്സരിച്ചത് 30 പേരാണ്. ഇതിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത് ആദ്യ ആറു പേർ മാത്രം. ബാഡ്മിന്റൻ വനിതാ ഡബിൾസിൽ അശ്വിനി, തനീഷ സഖ്യം തുടർച്ചയായ മൂന്നാം മത്സരവും തോറ്റു. ഇരുവരും നേരത്തെ തന്നെ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.

ബോക്സിങ്ങിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ തോറ്റു പുറത്തായി. പുരുഷ 51 കിലോഗ്രാം പ്രീക്വാർട്ടറിൽ ഇന്ത്യൻ താരം അമിത് പംഘൽ മൂന്നാം സീഡായ സാംബിയൻ താരം പാട്രിക് ചിൻയേമ്പയോടാണ് തോറ്റത്. 4–1നാണ് പാട്രിക്കിന്റെ വിജയം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിന്റെ റൗണ്ട് ഓഫ് 32ൽ ജാസ്മിൻ ലംബോറിയയും തോറ്റു. ഫിലിപ്പീൻസിന്റെ നെസ്തി പെറ്റെഷ്യോയാണ് ജാസ്മിനെ തോൽപ്പിച്ചത്. മുൻ ലോക ചാംപ്യനും ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവുമായ നെസ്തി, 5–0നാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്.

English Summary:

Paris Olympics 2024 Day 4 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com