ADVERTISEMENT

പാരിസ്∙ നാലു വർഷം കൊണ്ട് മനു ഭാക്കർ എന്ന ഇരുപത്തിരണ്ടുകാരിയുടെ ജീവിതം എത്രയധികമാണ് മാറിമറിഞ്ഞത്! 2020ലെ ടോക്കിയോ ഒളിംപിക്സിൽ രണ്ടാം റാങ്കുകാരിയായെത്തി തോക്ക് ചതിച്ചതിനെ തുടർന്ന് കണ്ണീരോടെ മടങ്ങിയ മനു ഭാക്കർ വാർത്തകളിലെ ദയനീയ സാന്നിധ്യമായിരുന്നെങ്കിൽ, നാലു വർഷങ്ങൾക്കിപ്പുറം പാരിസിൽ റെക്കോർഡ് ബുക്കിന്റെ ഒട്ടേറെ പേജുകളിൽ തന്റെ പേരെഴുതിച്ചേർത്ത് തല ഉയർത്തിയാണ് മനു ഭാക്കറിന്റെ മടക്കം. ഇനിയും വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്ന മനു ഭാക്കറിന് മെഡൽനേട്ടത്തിൽ ഹാട്രിക് അടിക്കാനും അവസരമുണ്ട്.

കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡ് സഹിതമായിരുന്നു ഇത്. ഫലത്തിൽ ഇത്തവണ ഒളിംപിക്സിൽ മനു ഭാക്കർ ഇരട്ട മെഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒളിംപിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്നത് ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും മനു ഭാക്കറിനു സ്വന്തം.

സ്വാതന്ത്ര്യത്തിനു ശേഷം ഒറ്റ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ മനു ഭാക്കറിനു സ്വന്തം. 1900ലെ ഒളിംപിക്സിൽ, അതായത് സ്വാതന്ത്ര്യലബ്ധിക്കും മുൻപ് ബ്രിട്ടിഷ്–ഇന്ത്യൻ അത‌്‌ലീറ്റായിരുന്ന നോർമൻ പ്രിച്ചാർഡാണ് ആദ്യമായി ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയത്. അന്ന് 200 മീറ്റർ സ്പിന്റിലും 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡിന്റെ മെഡൽ നേട്ടം.

ഇതിനു പുറമേ, എയർ പിസ്റ്റളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ്ങിൽ രണ്ട് ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം, ഷൂട്ടിങ് ടീമിനത്തിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം തുടങ്ങിയ റെക്കോർഡുകളും മനു ഭാക്കറിനു സ്വന്തം.

English Summary:

Manu Bhaker Brings Glory to India with Double Medals at 2024 Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com