സോളമൻ ദ്വീപുകളെ പ്രതിനിധീകരിച്ചെത്തിയ മാരത്തൺ താരം മത്സരിച്ചത് 100 മീറ്ററിൽ; അവസാന സ്ഥാനത്ത്!
Mail This Article
പാരിസ്∙ മാരത്തൺ ഓട്ടക്കാരിയെ 100 മീറ്റർ മത്സത്തിൽ ഓടിപ്പിച്ചാൽ എന്തു സംഭവിക്കും? മിക്കവാറും അവസാന സ്ഥാനത്താകും! സോളമൻ ദ്വീപുകളെ പ്രതിനിധീകരിച്ചു വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത ഷാരോൺ ഫിരിസുവയുടെ കാര്യത്തിൽ സംഭവിച്ചതും ഇതുതന്നെ. 14.31 സെക്കൻഡിൽ അവസാന സ്ഥാനക്കാരിയായാണ് ഷാരോൺ മത്സരം പൂർത്തിയാക്കിയത്.
ലോക ചാംപ്യൻ ഷകാരി റിച്ചഡ്സൺ ഇക്കുറി 100 മീറ്റർ ഹീറ്റ്സിൽ ഫിനിഷ് ചെയ്ത സമയത്തെക്കാൾ 3.37 സെക്കൻഡ് പിന്നിലായിരുന്നു ഷാരോണിന്റെ ഫിനിഷ്.
2016 ഒളിംപിക്സിൽ 5,000 മീറ്ററിലും 2021 ഗെയിംസിൽ മാരണത്തണിലും മത്സരിച്ചിട്ടുള്ള ഷാരോണിന്റെ മൂന്നാം ഒളിംപിക്സാണിത്. പക്ഷേ, സ്പ്രിന്റ് ഇനത്തിൽ ആദ്യം. 100 മീറ്ററിൽ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷാരോണിനെ ഉൾപ്പെടുത്തിയത്. ചെറുരാജ്യങ്ങൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി വഴിയൊരുക്കുന്ന സംവിധാനമാണിത്.
അതേസമയം, സോളമൻ ഐലൻഡ്സിലെ സ്പ്രിന്റ് സൂപ്പർ സ്റ്റാറായ ജോവിറ്റ അരുണിയയ്ക്കു വൈൽഡ് കാർഡ് എൻട്രി നൽകാതെ ഷാരോണിന് അവസരം നൽകിയതു വിവാദമാവുകയും ചെയ്തു.