അകമ്പടിയായി ‘തീ തുപ്പുന്ന’ യുദ്ധവിമാനങ്ങൾ; മെഡൽ ജേതാക്കൾക്ക് രാജകീയ സ്വീകരണവുമായി തയ്‌വാൻ– വിഡിയോ
Mail This Article
തായ്പേയി ∙ പാരിസ് ഒളിംപിക്സിൽനിന്ന് മെഡൽത്തിളക്കവുമായി തിരിച്ചെത്തിയ താരങ്ങൾക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണമൊരുക്കി തയ്‌വാൻ. പാരിസിൽനിന്ന് താരങ്ങളെയും വഹിച്ചുകൊണ്ടെത്തിയ ചാർട്ടേഡ് വിമാനത്തിന്, പ്രസിഡന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മൂന്ന് എഫ്–16 യുദ്ധവിമാനങ്ങളാണ് അകമ്പടിയായെത്തിയത്. ഒളിംപിക്സിനിടെ ലിംഗനീതി വിവാദത്തിൽ അകപ്പെട്ട ബോക്സിങ് താരം ലിൻ യു–ടിങ് ഉൾപ്പെടെയുള്ളവർക്കാണ് രാജ്യത്തിന്റെ രാജകീയ സ്വീകരണം. വിവാദങ്ങളെ കാറ്റിൽപ്പറത്തി പാരിസിൽ താരം സ്വർണം നേടിയിരുന്നു.
പാരിസ് ഒളിംപിക്സിൽ ഈ സ്വർണമെഡൽ ഉൾപ്പെടെ രണ്ടു സ്വർണവും അഞ്ച് വെങ്കലവും സഹിതം ആകെ ഏഴു മെഡലുകളാണ് തയ്‌വാന്റെ സമ്പാദ്യം. ചൊവ്വാഴ്ച രാവിലെയോടെയാണ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ചാർട്ടേഡ് വിമാനം തായ്പേയിയിലെത്തിയത്. തായ്‌പേയിലെ തവോയുവാൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന വിമാനത്തിന്, മൂന്ന് എഫ്–16 യുദ്ധവിമാനങ്ങൾ മൂന്നു വശത്തുനിന്നും അകമ്പടി സേവിക്കുന്ന ചിത്രം തയ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
പുലർച്ചെ അഞ്ച് മണിക്ക് വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന എഫ്–16 വിമാനങ്ങൾ, ആകാശമധ്യേ താരങ്ങളുമായെത്തിയ വിമാനത്തിന് അകമ്പടിയായി. വിമാനത്തിന്റെ മൂന്നു ചുറ്റിലും നിരന്നുപറന്ന് എഫ്–16 യുദ്ധവുമാനങ്ങൾ ‘തീ തുപ്പുന്ന’ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. തുടർന്ന് രാവിലെ 7.10ന് താരങ്ങളുമായി വിമാനം തായ്പേയി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
ചൈനീസ് തായ്പേയി എന്ന പേരിൽ ഒളിംപിക്സിൽ മത്സരിച്ച തയ്‌വാൻ താരങ്ങൾ, ചരിത്രത്തിൽ അവരുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തോടെയാണ് ഇത്തവണ തിരിച്ചെത്തിയത്. തയ്‌വാന്റെ ചരിത്രത്തിൽ ആദ്യമായി ഒളിംപിക് ബോക്സിങ്ങിൽ സ്വർണം നേടിയ ലിൻ യു ടിങ് വിമാനത്തിലിരിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. തയ്‌വാൻ പ്രസിഡന്റ് താരങ്ങൾക്കായി നൽകിയ ലഘു സന്ദേശം ശ്രവിക്കുന്ന ചിത്രമാണിത്.