ജാവലിനെക്കുറിച്ച് ആദ്യമായി കേട്ടത് നീരജ് മെഡൽ നേടിയപ്പോഴെന്ന് സൈന: ‘കായികരംഗത്തെ കങ്കണ’യെന്ന് ട്രോൾ, മറുപടി
Mail This Article
ന്യൂഡൽഹി∙ ‘കായികരംഗത്തെ കങ്കണ റനൗട്ട്’ എന്ന് വിളിച്ച് പരിഹസിച്ചവർക്ക് മറുപടിയുമായി ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ രംഗത്ത്. സുന്ദരിയായ കങ്കണയുമായുള്ള താരതമ്യം ഒരു അംഗീകാരമായാണ് കാണുന്നതെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൈന വ്യക്തമാക്കി. 2020ലെ ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണം നേടിയതോടെയാണ് ജാവലിൻ ത്രോ എന്ന കായികയിനത്തെക്കുറിച്ച് ആദ്യമായി കേട്ടതെന്ന സൈനയുടെ പരാമർശമാണ് വലിയ ട്രോളുകൾക്കും പരിഹാസത്തിനും വഴിവച്ചത്.
‘‘അംഗീകാരത്തിനു നന്ദി. കങ്കണ വളരെ സുന്ദരിയാണ്. പക്ഷേ, എന്റെ മേഖലയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അധ്വാനിക്കുകയും ഏറ്റവും അഭിമാനത്തോടെ ലോക ഒന്നാം നമ്പർ റാങ്കും രാജ്യത്തിനായി ഒരു ഒളിംപിക് മെഡലും നേടുകയും ചെയ്തയാളാണ് ഞാൻ. ഒരു കാര്യം ഞാൻ ഊന്നിപ്പറയുന്നു: വീട്ടിലിരുന്ന് ഇങ്ങനെ കമന്റ് ഇടുന്ന പരിപാടി വളരെ എളുപ്പമാണ്. പക്ഷേ, കളത്തിലിറങ്ങി മത്സരിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. നീരജ് ചോപ്ര യഥാർഥ സൂപ്പർതാരമാണ്. ജാവലിൻ ത്രോ ഇന്ത്യയിൽ ജനകീയമാക്കിയത് അദ്ദേഹമാണ്’’– സൈന കുറിച്ചു.
നേരത്തേ, പ്രശസ്ത അവതാരകൻ ശുഭാംഗർ മിശ്രയുടെ യുട്യൂബ് ചാനലിലെ ഇന്റർവ്യൂവിലാണ്, നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തോടെയാണ് ആദ്യമായി ജാവലിൻ ത്രോയെക്കുറിച്ച് കേൾക്കുന്നതെന്ന് സൈന നെഹ്‌വാൾ പ്രതികരിച്ചത്.
‘‘ടോക്കിയോയിൽ നീരജ് ചോപ്ര സ്വർണം നേടിയപ്പോഴാണ്, അത്‌ലറ്റിക്സിന്റെ ഭാഗമായി ഇങ്ങനെയൊരു ഇനം (ജാവലിൻ ത്രോ) കൂടിയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഒരു മത്സരം കാണുമ്പോഴല്ലേ അതേക്കുറിച്ച് മനസ്സിലാക്കാനാകൂ. ശരിയല്ലേ? കാണാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മൾ എങ്ങനെ അറിയും? എനിക്ക് ജാവലിൻ ത്രോയേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സത്യസന്ധമായി പറയുകയാണ്’’ – ഇതായിരുന്നു സൈനയുടെ പരാമർശം.
ബാഡ്മിന്റനിലേക്കു വരുന്നതിനു മുൻപ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പ്രകാശ് പദുക്കോണിനെക്കുറിച്ചും കേട്ടിരുന്നില്ലെന്ന് സൈന അതേ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം, സൈനയുടെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത പരിഹാസമാണ് ഉയർന്നത്. അവരുടെ പരാമർശം വലിയ തോതിൽ ട്രോളുകൾക്കും കാരണമായി.