പാരാലിംപിക്സിന് 84 താരങ്ങളുമായി ഇന്ത്യ; മലയാളി താരം സിദ്ധാർഥ ബാബു പാരാ ഷൂട്ടിങ്ങിൽ മത്സരിക്കും
Mail This Article
ന്യൂഡൽഹി ∙ ഒളിംപിക്സിനു പിന്നാലെ പാരിസ് വേദിയൊരുക്കുന്ന പാരാലിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ടീം ഇന്ത്യ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ലോക കായിക മേളയായ പാരാലിംപിക്സിൽ 84 പാരാ അത്‍ലീറ്റുകളാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്.
മലയാളിയായ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവും സംഘത്തിലുണ്ട്. പാരിസിൽ ഓഗസ്റ്റ് 28ന് പാരാലിംപിക്സിന് തുടക്കമാകും. 2021ലെ ടോക്കിയോ ഗെയിംസിൽ 54 കായിക താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.
പാരിസ് പാരാലിംപിക്സിൽ 12 ഇനങ്ങളിൽ ഇന്ത്യയ്ക്കു പ്രാതിനിധ്യമുണ്ട്. പാരാ അത്‍ലറ്റിക്സിലേതാണ് ഇന്ത്യയുടെ ഏറ്റവും വലിയ സംഘം; 37 താരങ്ങൾ. 2021 പാരാലിംപിക്സിൽ മെഡൽ വേട്ടയിൽ ചരിത്രം കുറിച്ച ഇന്ത്യ അതിലും മികച്ച പ്രകടനമാണ് പാരിസിൽ ലക്ഷ്യമിടുന്നത്. 5 സ്വർണമടക്കം ആകെ 19 മെഡലുകൾ നേടിയ ഇന്ത്യ, ടോക്കിയോ ഗെയിംസിൽ മെഡൽപട്ടികയിൽ 19–ാം സ്ഥാനത്തായിരുന്നു.
വിലക്ക്: പ്രമോദ് ഭഗത് പാരാലിംപിക്സിനില്ല
ടോക്കിയോ പാരാലിംപിക്സിൽ ബാഡ്മിന്റനിൽ സ്വർണം നേടിയ പുരുഷ താരം പ്രമോദ് ഭഗത് പാരിസിൽ ഇന്ത്യയ്ക്കായി മത്സരിക്കില്ല. ഉത്തേജക പരിശോധനാ ചട്ടങ്ങൾ ലംഘിച്ചതിന് ലോക ബാഡ്മിന്റൻ ഫെഡറേഷൻ ഭഗത്തിന് 18 മാസത്തെ വിലക്കേർപ്പെടുത്തി.