യൂറോ കപ്പ് ഹീറോ ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു; ആശുപത്രിയിൽ ചികിത്സയിൽ, നില ഗുരുതരമെന്ന് സൂചന– വിഡിയോ
Mail This Article
ബാർസിലോന∙ യൂറോകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം േനടിയ സ്പാനിഷ് താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്‌റൂയിക്ക് കുത്തേറ്റു. വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിലെ ഒരു കാർ പാർക്കിങ് മേഖലയിൽ വച്ചാണ് മുപ്പത്തഞ്ചുകാരനായ നസ്‌റൂയിക്ക് കുത്തേറ്റതെന്നാണ് വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാദലോണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, നസ്‌റൂയി ആശുപത്രി വിട്ടതായും ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല.
കാർ പാർക്കിങ് മേഖലയിൽവച്ചുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കത്തിനൊടുവിൽ അക്രമി നസ്‌റൂയിയെ പലതവണ കുത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പഴയ തർക്കത്തിന്റെ പ്രതികാരമായാണ് കത്തിക്കുത്ത് നടന്നതെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
ഇക്കഴിഞ്ഞ യൂറോകപ്പിൽ സ്പെയിനിന് കിരീടം നേടിക്കൊടുക്കുന്നതിൽ യമാലിന്റെ പ്രകടനം നിർണായകമായിരുന്നു. സ്പെയിനിലെ കാറ്റലൂനിയൻ പ്രവിശ്യയിലുള്ള റോക്കഫോൻഡയിലാണ് യമാൽ ജനിച്ചത്. അവിടുത്തെ പിൻകോഡ് ആയ 304 വിരലുകൾ കൊണ്ട് ഉയർത്തിക്കാണിച്ചാണ് യമാൽ ഗോളുകൾ ആഘോഷിക്കാറുള്ളത്. മൊറോക്കോ –ഇക്വറ്റോറിയൽ ഗിനി വംശജരാണ് യമാലിന്റെ മാതാപിതാക്കൾ. തന്റെ പൈതൃകം ഓർമിക്കാൻ രണ്ടു രാജ്യങ്ങളുടെയും പതാക ബൂട്ടിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട് യമാൽ.