സ്ത്രീ സ്വപ്നങ്ങളിലേക്കൊരു സ്വാതന്ത്ര്യക്കുതിപ്പ്: സച്ചിൻ തെൻഡുൽക്കർ എഴുതുന്നു
Mail This Article
ഇന്ത്യക്കാരായ നമുക്ക് പാരിസ് ഒളിംപിക്സ് കായികരംഗത്തെ സ്ത്രീശക്തിയുടെ കുതിപ്പിന്റെ കാഴ്ചയായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ മത്സരങ്ങളിൽ മനു ഭാക്കർ രണ്ടു മെഡൽ നേടിയപ്പോൾ നാം അഭിമാനപൂരിതരായി. ഒരു ഒളിംപിക്സിൽ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന അപൂർവ ബഹുമതിയും മനുവിനു മാത്രം സ്വന്തം. മൂന്നാമതൊരു മെഡൽ മനുവിനു നഷ്ടമായത് നേരിയ വ്യത്യാസത്തിലായിരുന്നു. ആ നാലാം സ്ഥാനത്തിനും അപൂർവ ശോഭയുണ്ട്.
നിർഭാഗ്യം കൊണ്ട് വിനേഷ് ഫോഗട്ടിനു സ്വർണ മെഡലിനായി പൊരുതാനായില്ലെങ്കിലും, പരുക്കുമൂലം നിഷ ദഹിയ പുറത്തായെങ്കിലും അവരുടെ ആത്മാർഥമായ പരിശ്രമവും അത്യധ്വാനവും നിശ്ചയദാർഢ്യവും കായികതാരങ്ങൾക്കെല്ലാം മാതൃകയാണ്. ഇന്ത്യ മുഴുവൻ അവരുടെ ശ്രമങ്ങളിൽ അഭിമാനിക്കുന്നു.
കർണം മല്ലേശ്വരി 2000ലെ സിഡ്നി ഒളിംപിക്സിൽ വെയ്റ്റ് ലിഫ്റ്റിങ്ങിൽ വെങ്കല മെഡൽ നേടിയത് ഞാനിപ്പോഴും ആവേശത്തോടെ ഓർക്കുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്കു ലഭിച്ച ആദ്യ ഒളിംപിക് മെഡലായിരുന്നു അത്. തുടർന്ന് 2012ൽ ലണ്ടനിൽ മേരി കോമും സൈന നെഹ്‌വാളും രാജ്യത്തിനായി മെഡൽ നേടി. 2016 റിയോ ഗെയിംസിൽ പി.വി.സിന്ധുവും സാക്ഷി മാലിക്കും നേട്ടം ആവർത്തിച്ചു. 2020 ടോക്കിയോയിൽ മീരാബായ് ചാനു, പി.വി.സിന്ധു, ലവ്‌ലിന ബോർഗോഹെയ്‌ൻ എന്നിവർ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമുയർത്തി. കായികരംഗത്ത് ഒട്ടേറെ വനിതകൾക്കു പ്രചോദനമേകാൻ ഇവരുടെ നേട്ടങ്ങൾ സഹായിച്ചു.
പാരിസ് ഒളിംപിക്സിന്റെ പ്രത്യേകതകളിലൊന്നായിരുന്നു സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപ്രാധാന്യം നൽകാനുള്ള രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ശ്രമം. 1900ൽ സ്ത്രീകളുടെ പങ്കാളിത്തം 2.2% ആയിരുന്നത് പാരിസ് ഒളിംപിക്സിൽ തുല്യതയിലേക്കുയർന്നു.
മെഡൽ നേടിയ പലർക്കും അതിനുള്ള കഠിനപരിശീലനത്തിന് ആവശ്യമായ സാഹചര്യമോ സാമ്പത്തിക സൗകര്യമോ ലഭ്യമല്ല. ഇവിടെയാണ് സർക്കാർ സഹായവും സ്കോളർഷിപ്പും സ്പോർട്സ് അക്കാദമികളുമെല്ലാം സഹായമാകേണ്ടത്. കമ്പനികൾക്കും സ്പോൺസർഷിപ്പിലൂടെ ഇക്കാര്യത്തിൽ കാര്യമായി സഹായിക്കാനാവും. വനിതാ താരങ്ങൾക്കാണ് ഇതു കൂടുതൽ പ്രയോജനപ്പെടുക. യുഎസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇങ്ങനെയാണ് കായികപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് മെഡൽ നേട്ടത്തിലെത്തിക്കുന്നത്. കായിക ഫെഡറേഷനുകളുടെ തലപ്പത്ത് കൂടുതൽ വനിതകൾ എത്തുന്നത് ഗുണകരമായിരിക്കും.
ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്കു നമ്മുടെ വനിതാ കായിക താരങ്ങളുടെ നേട്ടങ്ങളെ പ്രത്യേകം ആദരിക്കാം. മെഡൽ നേട്ടത്തെക്കാൾ അവർ പോഡിയത്തിൽ നിന്ന് ദേശീയഗാനം ആലപിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളമുയരുകയാണ്. സ്ത്രീകളെ അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിക്കുന്ന പുതിയൊരു ഇന്ത്യയ്ക്കായി ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം. സ്വാതന്ത്ര്യ ദിനാശംസകൾ. ജയ് ഹിന്ദ്.