ADVERTISEMENT

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ തള്ളി ഷൂട്ടിങ് താരം മനു ഭാക്കർ. കഴിഞ്ഞ ദിവസം പാരിസിൽവച്ച് നീരജ് ചോപ്രയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് ഇരുവരും തമ്മിൽ ബന്ധമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിച്ചത്. ഇതു തള്ളി മനു ഭാക്കറിന്റെ പിതാവ് അന്നുതന്നെ രംഗത്തെത്തിയിരുന്നു.

നീരജ് ചോപ്ര അടുത്ത സുഹൃത്താണെന്നും, ഇതുപോലുള്ള കായിക മേളകളിൽ മാത്രമേ അദ്ദേഹവുമായി സംസാരിക്കാൻ അവസരം ലഭിക്കാറുള്ളൂവെന്നും മനു ഭാക്കർ വിശദീകരിച്ചു. പാരിസ് ഒളിംപിക്സിന്റെ സമാപനച്ചടങ്ങിനു മുന്നോടിയായി ഇരുവരും സംസാരിച്ചു നിൽക്കുന്ന വിഡിയോയാണ് വൈറലായത്. 

‘‘ഇതേക്കുറിച്ച് എനിക്ക് കാര്യമായിട്ടൊന്നും അറിയില്ല. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. 2018 മുതൽ ഇത്തരം വേദികളിൽ വച്ചാണ് ഞങ്ങൾ കാണാറുള്ളത്. അതല്ലാതെ ഞങ്ങൾ കാണാറില്ല. ഇത്തരം മത്സരങ്ങൾക്കിടെ കാണുമ്പോൾ ഇടയ്ക്ക് സംസാരിക്കും. അതല്ലാതെ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല’ – മനു ഭാക്കർ പറഞ്ഞു.

അതേസമയം, ഇരുപത്തിരണ്ടുകാരിയായ മനു ഭാക്കറിന് ഇപ്പോഴും വിവാഹപ്രായമായിട്ടില്ല എന്നായിരുന്നു മനു ഭാക്കറിന്റെ പിതാവ് കിഷൻ ഭാക്കറിന്റെ പ്രതികരണം. ‘‘മനു ഇപ്പോഴും തീരെ ചെറുപ്പമാണ്. വിവാഹ പ്രായമായിട്ടുമില്ല. അതേക്കുറിച്ച് ഈ ഘട്ടത്തിൽ ചിന്തിക്കുന്നു പോലുമില്ല. മനുവിന്റെ അമ്മയാണെങ്കിലും നീരജിനെ മകനേപ്പോലെയാണ് കാണുന്നത്’ – കിഷൻ ഭാക്കർ പറഞ്ഞു.

English Summary:

Manu Bhaker rubbishes social media speculation over Paris chat with Neeraj Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com