‘താരങ്ങളുടെ അനാവശ്യ സമരം മൂലം ഒളിംപിക്സിൽ 6 മെഡലുകളെങ്കിലും നഷ്ടം’: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്
Mail This Article
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നിൽ ഇന്ത്യൻ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന ആരോപണവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ് രംഗത്ത്. ഇന്ത്യൻ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം പാരിസിൽ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന കുറഞ്ഞത് ആറു മെഡലുകളെങ്കിലും നഷ്ടമായെന്ന് സഞ്ജയ് സിങ് അവകാശപ്പെട്ടു. ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരാണ് മാസങ്ങളോളം നീണ്ട ഗുസ്തി താരങ്ങളുടെ സമരമുഖത്ത് ഉണ്ടായിരുന്നത്.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതാ വിഷയത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതിയുടെ വിധി താരത്തിന് അനുകൂലമാകണമെന്നാണ് ഫെഡറേഷൻ ആഗ്രഹിക്കുന്നതെന്നും, അത് ഒരു വ്യക്തിയുടെ മെഡൽ എന്നതിനേക്കാൾ ഈ രാജ്യത്തിന് അവകാശപ്പെട്ട മെഡലാണെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.
‘‘മറ്റൊരു വശം ചിന്തിച്ചാൽ, 14–15 മാസത്തോളം നീണ്ട സമരകോലാഹലങ്ങൾ ഗുസ്തി മേഖലയിലുള്ളവരുടെ ശ്രദ്ധ തെറ്റിച്ചു എന്നു പറയേണ്ടിവരും. ഒരു വിഭാഗത്തിൽ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലുമുള്ള താരങ്ങൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു. ഇക്കാലയളവിൽ അവർക്ക് ദേശീയ, രാജ്യാന്തര ടൂർണമെന്റുകളിൽ പങ്കെടുക്കാനായില്ല. അത് ഒളിംപിക്സിൽ അവരുടെ പ്രകടനത്തിലും നിഴലിച്ചു’– സഞ്ജയ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘ഗുസ്തിയിൽനിന്നു മാത്രം ഇന്ത്യയ്ക്ക് ആറു മെഡലുകളെങ്കിലും ലഭിക്കേണ്ടതായിരുന്നു. സമര കോലാഹലം ശ്രദ്ധ തെറ്റിച്ചതോടെ അതെല്ലാം നമുക്ക് നഷ്ടമായി. വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. അത് ഒരു വ്യക്തിയുടെ മെഡലല്ല. രാജ്യത്തിന്റെ മെഡലാണ്. ആ മെഡൽ അനുവദിക്കപ്പെട്ടാൽ ഇന്ത്യയുടെ മെഡലുകൾക്കൊപ്പമാണ് എണ്ണുക’ – സഞ്ജയ് സിങ് പറഞ്ഞു.
വിനേഷ് ഫോഗട്ടുമായി ബന്ധപ്പെട്ട വിവാദം മാറ്റിനിർത്തിയാൽ, പാരിസിൽ ഇന്ത്യയ്‌ക്ക് ഗുസ്തിയിൽനിന്ന് ഒരേയൊരു മെഡൽ മാത്രമാണ് ലഭിച്ചത്. പുരുഷ വിഭാഗത്തിൽ ഇരുപത്തൊന്നുകാരൻ അമൻ സെഹ്റാവത്താണ് മെഡൽ നേടിയത്. അൻഷു മാലിക്, റീതിക ഹൂഡ, നിഷ ദാഹിയ, അന്റിം പംഘാൽ എന്നിവർക്ക് മെഡൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.