ADVERTISEMENT

ന്യൂഡൽഹി∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനായി ഗംഗാജലവുമായി മുൻ കബഡി, ഹോക്കി താരങ്ങൾ ഞായറാഴ്ച ഹരിയാനയിലെ വീട്ടിലെത്തി. ഇവർ താരത്തിന് ഗംഗാജലം കൈമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വിനേഷിനെ അയോഗ്യയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, റോഹ്തകിൽ നിന്നുള്ള മുൻ കബഡി താരം സന്ദീപ് ദാംഗിയും മുൻ ഹോക്കി താരമായ സുഹൃത്തും ഉൾപ്പെടെയുള്ളവർ കാൽനടയായി ഹരിദ്വാറിലേക്ക് തീർഥയാത്ര പോയി വിനേഷിനായി ഗംഗാജലവുമായി തിരിച്ചെത്തിയത്.

സംയുക്ത വെള്ളിമെഡലിനായുള്ള അപ്പീൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി തള്ളിയതിനു പിന്നാലെ ശനിയാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തിയ വിനേഷിന് അധികൃതരും ആരാധകരും ചേർന്ന് രാജകീയ സ്വീകരണമാണ് നൽകിയത്. റോഡുമാർഗം വീട്ടിലേക്കുള്ള യാത്രയിൽ പലയിടങ്ങളിലും ജനം താരത്തിന് സ്വീകരണം നൽകിയിരുന്നു. സ്വന്തം ഗ്രാമത്തിൽ സ്വർണമെഡൽ നൽകിയാണ് വിനേഷിനെ സ്വീകരിച്ചത്. ഇതിനെല്ലാം പിന്നാലെയാണ് മുൻ കബഡി, ഹോക്കി താരങ്ങൾ ഗംഗാജലവുമായി വിനേഷ് ഫോഗട്ടിന്റെ വീട്ടിലെത്തിയത്.

വിനേഷിനെ കണ്ടയുടൻ സന്ദീപ് ദാംഗി വികാരാധീനനായി. ഗംഗാജലം ഉപയോഗിച്ച് വിനേഷിന്റെ കാൽകഴുകാൻ ഇരുവരും ശ്രമിച്ചെങ്കിലും ഗംഗാജലം പുണ്യതീർഥമാണെന്ന് വ്യക്തമാക്കി വിനേഷിന്റെ ഭർത്താവ് സോംവീർ റാഠി അതു വിലക്കി. തുടർന്ന് വിനേഷ് ഗംഗാജലം സ്വീകരിച്ചു.

English Summary:

Ganga Water Tribute: Vinesh Phogat Receives Touching Gesture from Former Hockey, Kabaddi Players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com