ആദ്യ 4 ഊഴങ്ങളിലും 85 മീ. കടക്കാൻ കഷ്ടപ്പെട്ട് നീരജ്; ആറാം ശ്രമത്തിൽ സീസണിലെ മികച്ച, കരിയറിലെ രണ്ടാമത്തെ മികച്ച ത്രോ– വിഡിയോ
Mail This Article
കോട്ടയം∙ എന്തുകൊണ്ട് താൻ ഒരു ചാംപ്യൻ താരമാകുന്നുവെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനത്തിലൂടെയാണ്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്. എത്ര മികച്ച താരമാണെങ്കിലും, റാങ്കിങ്ങിൽ ഏറ്റവും മുൻനിരയിലാണെങ്കിലും ലോകകപ്പ്, ഒളിംപിക്സ് തുടങ്ങിയ രാജ്യാന്തര വേദികളിൽ അനാവശ്യ സമ്മർദ്ദത്തിന് അടിപ്പെട്ട് പ്രകടനം മോശമാകുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പൊതു രീതിയെങ്കിൽ, നീരജ് ചോപ്ര വ്യത്യസ്തനാണ്. വേദിയുടെ വലിപ്പം കൂടുന്തോറും, കളത്തിൽ പോരാട്ടം കനക്കുന്തോറും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് നീരജിന്റെ ശൈലി.
പാക്കിസ്ഥാൻ താരം അർഷാദ് നദീം അപ്രതീക്ഷിത ത്രോയുമായി സ്വർണം നേടിയ പാരിസ് ഒളിംപിക്സിൽ നീരജിന് വെള്ളി മെഡൽ സമ്മാനിച്ചതും, ഇന്നു പുലർച്ചെ ലുസെയ്നിൽ രണ്ടാം സ്ഥാനം സമ്മാനിച്ചതും സമ്മർദ്ദ നിമിഷങ്ങളെ അനുകൂല സാഹചര്യമാക്കി മാറ്റുന്നതിൽ ഇരുപത്താറുകാരനായ നീരജിനുള്ള അസാമാന്യ മിടുക്കു തന്നെയാണ്!
ലുസെയ്നിൽ നീരജിന്റെ ആദ്യ നാലു ത്രോകൾ പൂർത്തിയാകുമ്പോൾ, ഇത് താരത്തിന്റെ ദിവസമല്ലെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു കളത്തിൽ. മറുവശത്ത് ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് തന്റെ ഫോം വെളിവാക്കി തുടർച്ചയായി 85 മീറ്ററിന് അപ്പുറത്തേക്ക് ജാവലിൻ പായിക്കുമ്പോൾ, ആദ്യ നാലു ശ്രമങ്ങളിലും 85 മീറ്റർ ദൂരം കണ്ടെത്താനാകാതെ ഉഴറുകയായിരുന്നു നീരജ്. അഞ്ചാം ശ്രമത്തിൽ 85.58 മീറ്റർ ദൂരം കണ്ടെത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയ നീരജ്, ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോയും കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ത്രോയും അവസാന ഊഴത്തിലേക്കു മാറ്റിവച്ചാണ് ഞെട്ടിച്ചത്.
ആദ്യ ശ്രമത്തിൽ 82.10 മീറ്ററുമായി നാലാമതായിരുന്നു നീരജ്. പിന്നീട് 83.21 മീറ്ററോടെ മൂന്നാം സ്ഥാനത്തേക്കു കയറിയെങ്കിലും അധികം വൈകാതെ നാലാമനായി. മൂന്നാം ശ്രമത്തിൽ നീരജ് 83.13 മീറ്ററുമായി പിന്നിലേക്കു പോയി. നാലാം ശ്രമത്തിൽ വീണ്ടും 83.21 മീറ്റർ ദൂരം കണ്ടെത്തിയെങ്കിലും നാലാമതു തന്നെ. അഞ്ചാം ശ്രമത്തിൽ ആദ്യമായി 85 മീറ്റർ കടന്ന നീരജ്, 85.58 മീറ്റർ ദൂരത്തോടെ മൂന്നാം സ്ഥാനത്തേക്കു കയറി. ഒടുവിൽ അവസാന ശ്രമത്തിൽ സീസണിലെ തന്റെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററോടെ രണ്ടാം സ്ഥാനത്തേക്ക്.
ലുസെയ്നിൽ നീരജ് അതിജീവിച്ച സമ്മർദ്ദത്തിന്റെ തോത് വെളിപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടിയുണ്ട്. ആദ്യ നാലു ശ്രമങ്ങളിൽനിന്ന് ഏറ്റവും മികച്ച ദൂരമായി 83.21 മീറ്റർ കണ്ടെത്തിയ താരത്തിന്, കരിയറിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം സമ്മാനിച്ച അവസാന ത്രോയ‌്ക്ക് അവസരം കിട്ടിയത് മുടിനാരിഴ വ്യത്യാസത്തിനാണ്! കാരണം എന്താണെന്നല്ലേ. ഡയമണ്ട് ലീഗിൽ ആദ്യ അഞ്ച് ഊഴങ്ങൾ പൂർത്തിയാകുമ്പോൾ, ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കു മാത്രമാണ് ആറാമത്തെ ത്രോയ്‌ക്ക് അവസരം ലഭിക്കുക. അഞ്ചാം ഊഴത്തിൽ 85.58 മീറ്റർ ദൂരം കണ്ടെത്തി മൂന്നാം സ്ഥാനത്തേക്ക് കയറിയതുകൊണ്ടു മാത്രമാണ് നീരജിന് ആറാമത്തെ ത്രോയ്‌ക്ക് അവസരം ലഭിച്ചത്. അതു മുതലെടുത്ത് താരം സ്വപ്നം ദൂരം കണ്ടെത്തുകയും ചെയ്തു.
ഇന്ത്യൻ താരങ്ങളിൽ പൊതുവെ കാണാത്ത മറ്റൊരു ഗുണം കൂടിയുണ്ട് നീരജിന്. അത് സ്ഥിരതയാണ്. മത്സരിക്കുന്ന കായിക ഇനത്തിൽ ഒന്നാം റാങ്കുകാരാണെങ്കിലും മെഡൽ ഉറപ്പിക്കാനാകില്ല എന്നതാണ് മറ്റു താരങ്ങളുടെ കാര്യത്തിലെ അവസ്ഥയെങ്കിൽ, നീരജ് നേരെ തിരിച്ചാണ്. റാങ്കിങ്ങിൽ പിന്നിലാണെങ്കിലും ഒരു പ്രധാന ടൂർണമെന്റിൽ നീരജിൽനിന്ന് നമുക്ക് സ്വർണം തന്നെ പ്രതീക്ഷിക്കാം. ഇതു വെറുതെ പറയുന്നതല്ല. കണക്കുകളുടെ കൂട്ടുണ്ട്.
2020ലെ ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയതിനു ശേഷം നാലു വർഷത്തിനിടെ നീരജ് ചോപ്ര മത്സരിച്ചത് പാരിസ് ഒളിംപിക്സ് ഉൾപ്പെടെ 20 ടൂർണമെന്റുകളിലാണ്. ഈ 20 ടൂർണമെന്റുകളിലും നീരജ് ചോപ്ര ആദ്യ രണ്ടു സ്ഥാനക്കാരിൽ ഒരാളായിരുന്നു! അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് പാരിസ് ഒളിംപിക്സിലെ വെള്ളിമെഡലും ലുസെയ്ൻ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിലെ രണ്ടാം സ്ഥാനവവും. നീരജ് എന്ന പേര് സ്ഥിരതയുടെ പര്യായമായി മാറുന്ന സുവർണ കാഴ്ച.
ഒളിംപിക് സ്വർണ, വെള്ളി മെഡൽ ജേതാവും ചാംപ്യൻ താരവുമാണെങ്കിലും, നീരജുമായി ബന്ധപ്പെട്ട് ആരാധകർക്കുള്ള ഏക നിരാശ അദ്ദേഹത്തിൽനിന്ന് തുടർച്ചയായി വഴുതിപ്പോകുന്ന 90 മീറ്റർ എന്ന സ്വപ്ന ദൂരമാണ്. കരിയറിൽ ഇതുവരെ 90 മീറ്റർ എറിയാനായിട്ടില്ല നീരജിന്. ലുസെയ്‌നിൽ ആറാമത്തെ ഊഴത്തിൽ ജാവലിൻ പായിച്ച ശേഷം പതിവിലും അലറിക്കൊണ്ടാണ് നീരജ് അതിന്റെ കുതിപ്പ് നോക്കിനിന്നത്. ഇത്തവണ ഏറ് കൃത്യമായെന്ന നീരജിന്റെ ആത്മവിശ്വാസം ആ അലർച്ചയിലുണ്ടായിരുന്നു. അപ്പോഴും നേരിയ വ്യത്യാസത്തിൽ 90 മീറ്റർ എന്ന സ്വപ്നദൂരം കൺമുന്നിൽ വഴുതിപ്പോകുന്നത്, തലയിൽ കൈവച്ചാണ് നീരജ് നോക്കിനിന്നത്.
2022 ഡയമണ്ട് ലീഗിൽ കുറിച്ച 89.94 മീറ്ററാണ് നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ത്രോ. അന്ന് 90 മീറ്റർ ദൂരം നഷ്ടമായത് വെറും 6 സെന്റിമീറ്ററിന്. ഇനി സെപ്റ്റംബർ 14ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിനായി താരം തയാറെടുക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ സീസണിൽ നീരജിന്റെ മികച്ച ത്രോകൾ വന്ന വഴി നോക്കുക. പാരിസ് ഒളിംപിക്സ് യോഗ്യതാ റൗണ്ടിൽ ഓഗസ്റ്റ് ആറിന് 89.34 മീറ്റർ ദൂരം. പിന്നാലെ ഓഗസ്റ്റ് എട്ടിന് ഫൈനലിൽ അത് 89.45 മീറ്ററാക്കി മെച്ചപ്പെടുത്തി വെള്ളി മെഡൽ. രണ്ടാഴ്ചയ്‌ക്കിപ്പുറം സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ആ വെള്ളി ദൂരവും പിന്നിലാക്കി 89.49 മീറ്ററുമായി രണ്ടാം സ്ഥാനം. ഇനി മൂന്നാഴ്ചയ്ക്കു ശേഷം ബ്രസൽസിൽ ഡയമണ്ട് ലീഗ് ഫൈനലിൽ നീരജിന്റെ ജാവലിൻ 90 മീറ്റർ കടക്കുമെന്ന് പ്രതീക്ഷിച്ചാൽ തെറ്റുണ്ടോ? സ്ഥിരതയാണല്ലോ നീരജിന്റെ മെയിൻ!