ഇതാ ഉനൈസ് ബോൾട്ട്...; ഇൻക്ലൂസീവ് സ്പോർട്സിലെ വേഗതാരം മുഹമ്മദ് ഉനൈസ്
Mail This Article
കൊച്ചി ∙ നമ്മളെല്ലാം കാണുന്ന ലോകത്തിന്റെ 40 ശതമാനം മാത്രമേ മുഹമ്മദ് ഉനൈസിന് കാണാനാകൂ. പക്ഷേ 100 മീറ്റർ ഓട്ടത്തിൽ തന്റെ പ്രതിഭയുടെ 100 ശതമാനം ഉനൈസ് ലോകത്തിനു കാണിച്ചുകൊടുത്തു. 40 ശതമാനം കാഴ്ചപരിമിതിയുമായി 14 വയസ്സിനു മുകളിലുള്ള ആൺകുട്ടികളുടെ 100 മീറ്ററിൽ മത്സരിച്ച പാലക്കാട് പട്ടാമ്പി ജിഎച്ച്എസ്എസിലെ ഉനൈസാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സിലെ വേഗതാരം. ഗൈഡ് റണ്ണറുടെ സഹായത്തോടെ 13.44 സെക്കൻഡിൽ ഉനൈസ് ഫിനിഷ് ലൈൻ തൊട്ടു.
ഉസൈൻ ബോൾട്ടിനെക്കാൾ ഉനൈസിന് ഇഷ്ടം ലയണൽ മെസ്സിയെയാണ്. അത്‌ലറ്റിക്സിനെക്കാൾ ഇഷ്ടം ഫുട്ബോളിനോടും. സ്കൂളിലെ ഫുട്ബോൾ ടീമിൽ ഇടം നേടാൻ 2 വർഷം ആഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. അതോടെയാണ് അധ്യാപകരുടെ നിർദേശപ്രകാരം ട്രാക്കിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം മികച്ച പരിശീലനം നടത്തിയെങ്കിലും കാഴ്ചപരിമിതിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാനായില്ല.
പൂർണ കാഴ്ചയുള്ള ഗൈഡ് റണ്ണറുടെ സഹായത്തോടെയാണ് 100 മീറ്ററിൽ താരങ്ങളുടെ കുതിപ്പ്. ഏറെ നാൾ ഇവർക്കൊപ്പം പരിശീലനം നടത്തിയാണ് മത്സരങ്ങൾക്ക് തയാറെടുക്കുന്നത്. എന്നാൽ എൻട്രി നൽകിയതിലെ അപാകത മൂലം ഉനൈസിന്റെ ഗൈഡ് റണ്ണറായെത്തിയ എൻ.കെ.ആൽവിന് ഇന്നലെ ഒപ്പമോടാനായില്ല. മത്സരങ്ങൾക്ക് ഏതാനും മിനിറ്റുകൾ മുൻപ്, കൊച്ചിയിൽ കണ്ടുമുട്ടിയ ടി.എച്ച്.മിഫ്‌റാഹായിരുന്നു സ്വർണത്തിലേക്കുള്ള കുതിപ്പിൽ ഉനൈസിന്റെ വഴികാട്ടി.
100 മീറ്ററിലെ മറ്റു വിജയികൾ
∙14 വയസ്സിന് മുകളിൽ, പെൺ: കെ.അനീഷ (ജിഎച്ച്എസ്എസ് തിരുവാലത്തൂർ, പാലക്കാട്)
∙ അണ്ടർ 14 ആൺ: അഖിൽ രാജ് (ജിഎച്ച്എസ്എസ് കാക്കവയൽ, വയനാട്)
∙ അണ്ടർ 14, പെൺ: ഗ്രീറ്റിയ ബിജു (സെന്റ് തോമസ് എച്ച്എസ്എസ്, അയിരൂർ, എറണാകുളം)