ത്രോ മത്സരത്തിനിടെ പന്തു ചെന്നുവീണത് പാചകപ്പുരയിൽ; ചുറ്റുവേലിക്ക് ഇടയിലൂടെ ടേപ്പ് കടത്തി അളന്ന് അധികൃതർ!
Mail This Article
വേദി: മഹാരാജാസ് കോളജ് ഗ്രൗണ്ട്. 14 വയസ്സിനു താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം. പന്ത് എറിയുന്നത് ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു. എറിഞ്ഞ പന്ത് ചെന്നു വീണത് ഗ്രൗണ്ടിനു പുറത്ത്, കായികതാരങ്ങൾക്കു ഭക്ഷണം വിളമ്പുന്ന ‘രുചിയിട’ത്തിൽ. മീറ്റിലെ ഒഫിഷ്യൽസ് തലയിൽ കൈവച്ചു.
‘ദൈവമേ ! ഇതെങ്ങനെ അളക്കും’. എറിഞ്ഞു പോയില്ലേ. ഇനി അളക്കാതിരിക്കാൻ പറ്റുമോ. ഗ്രൗണ്ടിലെ ചുറ്റുവേലിക്ക് ഇടയിലൂടെ ടേപ്പ് കടത്തി. അളവു നടന്നു. 41 മീറ്റർ.
അപ്പോഴാണ് ഒഫിഷ്യൽസിന്റെ തലയിൽ അപകടം മിന്നിയത്. അവൻ ഇനിയും ഇങ്ങനെ നീട്ടിവലിച്ചെറിഞ്ഞാൽ എന്തു ചെയ്യും? ഉടൻ കൂടിയാലോചന. ഒടുവിൽ ത്രോ സെക്ടർ മാറ്റാൻ തീരുമാനിച്ചു. ഗ്രൗണ്ടിനുള്ളിൽ തന്നെ കൂടുതൽ ദൂരം എറിയാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ചു.
ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ ഇത്രയൊക്കെ ദൂരമേ എറിയാൻ സാധ്യതയുള്ളൂ എന്ന മുൻവിധിയാണ് സംഘാടകർക്ക് തിരിച്ചടിയായത്. കൂട്ടത്തിൽ ഒരു ജനറൽ വിദ്യാർഥി കൂടി ഉണ്ടെന്ന കാര്യം അവർ മറന്നതുമാകാം.