ഗംഭീറിന് ഒരു വഴി, രോഹിത്തിന് വേറെ വഴി; ടീം സിലക്ഷനിലും ശൈലിയിലും പിച്ച് തിരഞ്ഞെടുക്കുന്നതിലും ഉൾപ്പെടെ അഭിപ്രായ വ്യത്യാസം
Mail This Article
മുംബൈ∙ ടീം സിലക്ഷനിൽ ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും വിരുദ്ധ ധ്രുവങ്ങളിലെന്ന് റിപ്പോർട്ട്. ഇടക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദം സൃഷ്ടിച്ച അനിൽ കുംബ്ലെ – വിരാട് കോലി കൂട്ടുകെട്ടിന്റെ പാതയിലാണ് ഗംഭീർ – രോഹിത് സഖ്യത്തിന്റെയും പോക്കെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം സിലക്ഷനിലും ശൈലിയിലും ഹോം ടെസ്റ്റുകളിൽ പിച്ച് തിരഞ്ഞെടുക്കുന്നതിലും ഉൾപ്പെടെ ഇരുവരും വിരുദ്ധ ധ്രുവങ്ങളിലാണെന്നും, ഇത് ടീമിന്റെ പ്രകടനത്തെ മൊത്തത്തിൽ ബാധിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 3–0ന്റെ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെയാണ്, പരിശീലകനും ക്യാപ്റ്റനും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അനിൽ കുംബ്ലെയ്ക്കു ശേഷം വന്ന രവി ശാസ്ത്രിയുമായി ടീം ക്യാപ്റ്റനായിരുന്ന വിരാട് കോലി നല്ല ബന്ധത്തിലായിരുന്നു. അടിക്ക് തിരിച്ചടി എന്ന ലൈനിലായിരുന്നു ഇരുവരുടെയും പ്രയാണം.
രാഹുൽ ദ്രാവിഡ് – രോഹിത് ശർമ കൂട്ടുകെട്ടും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല കാലമായിരുന്നു. വിരാട് കോലി – രവി ശാസ്ത്രി സഖ്യത്തിൽനിന്ന് വ്യത്യസ്തരെങ്കിലും, മത്സരം ജയിക്കാനുള്ള വഴി മനസ്സിലാക്കിയവരായിരുന്നു ഇരുവരും. ടീം തിരഞ്ഞെടുപ്പിലായാലും ചില താരങ്ങൾക്ക് പിന്തുണ നൽകുന്ന കാര്യത്തിലായാലും പിച്ച് തിരഞ്ഞെടുക്കുന്നതിലുമെല്ലാം ഇരുവർക്കും ഒരേ സ്വരമായിരുന്നു. രാഹുൽ ദ്രാവിഡ് പരരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെ രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലും ഈ ബന്ധത്തിന്റെ ദൃഢത വ്യക്തമായിരുന്നു.
ഇതുവരെ ഒരുമിച്ച് മൂന്നു പരമ്പരകളിൽ പ്രവർത്തിച്ചെങ്കിലും ഇപ്പോഴും രോഹിത്തിനും ഗംഭീറിനും പല കാര്യങ്ങളിലും അഭിപ്രായ ഐക്യം രൂപപ്പെടുത്താനായിട്ടില്ലെന്നാണ് വിവരം. ഇരുവരും ഒന്നിച്ചതിനു പിന്നാലെ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര നഷ്ടമാക്കിയതും ഇപ്പോൾ ന്യൂസീലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതും ഇതുമായി കൂട്ടിവായിക്കുന്നവരുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ഉറപ്പിച്ച് മുന്നോട്ടുപോകുന്നതിനിടെ കിവീസിനോടു പിണഞ്ഞ തോൽവി ഇന്ത്യയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഇനി ഓസ്ട്രേലിയൻ പര്യടനത്തിൽ തുടക്കം മോശമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും.
രാഹുൽ ദ്രാവിഡിൽനിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്തതു മുതൽ വെറുതെ കാഴ്ചക്കാരന്റെ റോളിൽ ഒതുങ്ങുന്ന ശൈലിയല്ല ഗംഭീറിന്റേത്. ടീം തിരഞ്ഞെടുപ്പിൽ ഇതിനകം ഗംഭീറിന്റെ കയ്യൊപ്പ് പതിഞ്ഞുകഴിഞ്ഞു. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർ ഇന്ത്യൻ ടീമിൽ എത്തിയതും തുടർച്ചയായി അവസരം ലഭിക്കുന്നതും ഗംഭീറിന്റെ പിന്തുണ ഉള്ളതുകൊണ്ടു കൂടിയാണ്.
ആക്രമണോത്സുകതയോടെ കളിക്കുന്നത ശൈലിയുടെ വക്താവാണ് രോഹിത് ശർമയെങ്കിലും, ടെസ്റ്റ് കളിക്കുമ്പോൾ ടെസ്റ്റിന്റേതായ രീതിയിൽ കളിക്കണമെന്ന കാഴ്ചപ്പാടുകാരനാണ് ഗംഭീർ. അദ്ദേഹം അതു പരസ്യമാക്കുകയും ചെയ്തു. പ്രതിരോധത്തിലൂന്നിയുള്ള കളി ഇന്ത്യൻ താരങ്ങൾ മെച്ചപ്പെടുത്തണമെന്ന ഗംഭീറിന്റെ നിലപാടും രോഹിത്തിന്റേതിൽനിന്ന് വ്യത്യസ്തമാണ്. ഹോം ടെസ്റ്റുകളിൽ ഏതു തരത്തിലുള്ള പിച്ച് വേണമെന്ന കാര്യത്തിലും ഇരുവർക്കുമിടയിൽ രണ്ട് അഭിപ്രായമാണ്. ഇവരുടെ ശൈലി ഒന്നായാലും രണ്ടായാലും, ഓസ്ട്രേലിയൻ പര്യടനത്തിലെ പ്രകടനം ഇവരെ സംബന്ധിച്ച് നിർണായകമാണെന്നത് തീർച്ച!