ADVERTISEMENT

ലിമ∙ പെറുവിൽ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് 70 കിലോമീറ്റർ മാറിയാണ് ഇത്. സംഭവത്തിന്റെ ‍ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിരോധനിര താരമായ ഹ്യൂഗോ ഡി ലാ ക്രൂസ് എന്ന മുപ്പത്തൊൻപതുകാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ 22–ാം മിനിറ്റിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

കനത്ത മഴയും കാറ്റും നിമിത്തം മത്സരം നിർത്തിവച്ചതിനാൽ താരങ്ങൾ ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് താരങ്ങൾ കൂട്ടത്തോടെ മുഖമിടിച്ച് ഗ്രൗണ്ടിൽ പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു താരത്തിനു സമീപം ഇടിമിന്നലിനു പിന്നാലെ തീഗോളം രൂപപ്പെടുന്നതും പിന്നാലെ പുക ഉയരുന്നതും ദൃശ്യങ്ങളിൽ വ്യക്തം. അൽപസമയത്തിനു ശേഷം കളിക്കാരിൽ ചിലർ നിലത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം.

മിന്നലേറ്റ് നിലത്തുവീണ എല്ലാവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ഒരു താരം മരണത്തിനു കീഴടങ്ങിയിരുന്നു. പരുക്കേറ്റ രണ്ടു പേരെ തിങ്കളാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. മറ്റു രണ്ടു പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ഇടിമിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ ഗോൾകീപ്പറുടെ അവസ്ഥയും മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English Summary:

Soccer player killed by lightning strike during match in Peru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com