ഭക്ഷണത്തിൽ പുഴു, വൃത്തിയില്ല: ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് സെർബിയൻ ടെന്നിസ് താരം, വിമർശനം
Mail This Article
പുണെ∙ ടെന്നിസ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി സെർബിയൻ ടെന്നിസ് താരം ദേയാന റാഡനോവിച്. ഇന്ത്യയിലെ സൗകര്യങ്ങൾ മോശമാണെന്നു പറയുമ്പോൾ വംശീയ വിരോധി എന്നു വിളിക്കുന്നതിൽ എന്താണ് അർഥമെന്നും സെർബിയൻ താരം സമൂഹമാധ്യമത്തിൽ ചോദിച്ചു. ഇന്ത്യയിലെ ഭക്ഷണം, ഗതാഗത സംവിധാനങ്ങൾ, വൃത്തി എന്നിവ പരാമർശിച്ചായിരുന്നു ഇൻസ്റ്റഗ്രാമിലെ താരത്തിന്റെ പ്രതികരണങ്ങള്‍. എന്നാൽ വിമർശനം ശക്തമായതോടെ താരം വിശദീകരണവുമായി എത്തി.
ഇനി ഒരിക്കലും ഇന്ത്യയിലേക്കു വരില്ലെന്നാണ് ടെന്നിസ് താരം സമൂഹമാധ്യമത്തിൽ ആദ്യം പ്രതികരിച്ചത്. ‘മൂന്ന് ആഴ്ചത്തോളം ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങൾ അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകൂ. ഇന്ത്യയിലുള്ളത് ഗംഭീര ഡ്രൈവർമാരാണ്, ഗതാഗത സംവിധാനവും ചിലപ്പോൾ ആകർഷകമാണ്. ഒരു ദിവസം എന്താണു സംഭവിക്കാൻ പോകുന്നതെന്നു നമുക്കു പറയാൻ സാധിക്കില്ല. ഗതാഗതക്കുരുക്കിൽ എല്ലാവരും മത്സരമെന്ന പോലെ ഹോൺ മുഴക്കിക്കൊണ്ടിരിക്കും.’’
വിമർശനം ശക്തമായതോടെ ഇന്ത്യയിൽവച്ച് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നേരിട്ടതെന്ന് ടെന്നിസ് താരം ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ വ്യക്തമാക്കി. ‘‘ഇന്ത്യ എന്ന രാജ്യം എനിക്ക് ഒട്ടും ഇഷ്ടമായില്ല. ഭക്ഷണത്തിൽ പുഴുക്കളുണ്ട്. ഹോട്ടലിലെ തലയണ മഞ്ഞ നിറത്തിലുള്ളതായിരുന്നു. കിടക്കയും വൃത്തിയില്ലാത്തത്. റോഡിലെ റൗണ്ടാന ഉപയോഗിക്കാൻ വരെ അറിയില്ല.’’– സെർബിയൻ ടെന്നിസ് താരം പ്രതികരിച്ചു.
‘‘സെർബിയയിലേക്കു വന്ന് കാര്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ അത് നിങ്ങൾ പറയുന്നതു, വംശീയ വിരോധി ആയതുകൊണ്ടാണോ? വിവിധ രാജ്യങ്ങളിലെ, പല നിറത്തിലുള്ള ആളുകൾ എന്റെ സുഹൃത്തുക്കളാണ്. ഇത്തരം കാര്യങ്ങൾ തീർത്തും അസംബന്ധമാണ്.’’– റഡനോവിച് വ്യക്തമാക്കി. പുണെ, ബെംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിൽ നടന്ന ഡബ്ല്യു50 ടൂർണമെന്റുകളിലാണ് 27 വയസ്സുകാരിയായ സെർബിയൻ താരം കളിച്ചത്.