ADVERTISEMENT

ലണ്ടൻ∙ വിമ്പിൾഡനിൽ ഒരിക്കൽക്കൂടി നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ടെന്നിസ് പുരുഷ സിംഗിൾസിലെ ‘അധികാരക്കൈമാറ്റം’ പൂർത്തിയാക്കി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിന്റെ പട്ടാഭിഷേകം. ഗ്രാൻസ്‌ലാം കിരീടങ്ങളിൽ ‘കാൽസെഞ്ചറി’യെന്ന മോഹം സഫലമാകാൻ സൂപ്പർ താരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഇന്ന് ജയിച്ചിരുന്നെങ്കിൽ 25 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ‌ നേടുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോർഡ് ജോക്കോവിച്ചിന്റെ പേരിലാകുമായിരുന്നു. ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോര്‍ട്ടിനും ജോക്കോവിച്ചിനും നിലവിൽ 24 ട്രോഫികൾ വീതമാണുള്ളത്.

കഴിഞ്ഞ വിമ്പിൾഡനിൽ അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് അൽകാരസ് ജോക്കോവിച്ചിനെ വീഴ്ത്തിയതെങ്കില്‍, ഇത്തവണ നേരിട്ടുള്ള സെറ്റുകൾക്കാണ് സൂപ്പർ താരം തോൽവി സമ്മതിച്ചത്. സ്കോർ: 6-2 6-2 7-6 (7-4). ഫൈനൽ പോരാട്ടത്തിലെ ആദ്യ രണ്ടു സെറ്റുകളിലും സ്പാനിഷ് താരത്തിനു കാര്യമായ ഭീഷണി ഉയർത്താൻ പോലും ജോക്കോയ്ക്കു സാധിച്ചിരുന്നില്ല.

അനായാസം ആദ്യ രണ്ടു സെറ്റുകൾ സ്വന്തമാക്കിയ അൽകാരസ് മൂന്നാം സെറ്റിലാണ് കുറച്ചെങ്കിലും സമ്മർദത്തിലായത്. മൂന്നാം സെറ്റിൽ ടൈബ്രേക്കറിലാണ് അൽകാരസ് ജയിച്ചുകയറിയത്. ടൈബ്രേക്കർ ജയിച്ച് തിരിച്ചുവരവിന് ജോക്കോവിച്ച് പരമാവധി പൊരുതിനോക്കിയെങ്കിലും വർഷങ്ങളുടെ അനുഭവ സമ്പത്തും താരത്തെ തുണച്ചില്ല.

grandslam

∙ അന്ന് അഞ്ചു സെറ്റിന്റെ പോരാട്ടച്ചൂട്

1–6, 7–6, 6–1, 3–6, 6–4 എന്ന സ്കോറിനായിരുന്നു 2023ൽ ജോക്കോ അൽകാരസിനു മുന്നിൽ കീഴടങ്ങിയത്. തുടക്കത്തിൽ കിട്ടിയ മേധാവിത്തം ജോക്കോയുടെ കയ്യിൽനിന്ന് പതിയെ അൽകാരസ് തട്ടിയെടുക്കുന്നതായിരുന്നു ഈ ഫൈനലിലെ കാഴ്ച. ആദ്യ സെറ്റ് 6–1നാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ആദ്യ സെറ്റിലെ കുറവ് രണ്ടാം സെറ്റിൽ തന്നെ അൽകാരസ് അങ്ങു തീർത്തു. ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റ് പിടിച്ച അൽകാരസിന്റെ മൂന്നാം സെറ്റായിരുന്നു ജോക്കോവിച്ചിനുള്ള ശരിയായ മറുപടി. ആദ്യ സെറ്റിലെ അതേ സ്കോറിൽ ജോക്കോയെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് അൽകാരസ് കുതിച്ചു.

അതിഗംഭീര തിരിച്ചുവരവ് നടത്തിയ ജോക്കോവിച്ച് 6–3ന് നാലാം സെറ്റ് പിടിച്ചതോടെ നിർണായകമായ അഞ്ചാം സെറ്റിലേക്കു കളി നീണ്ടു. വാശിയേറിയ പോരാട്ടത്തിൽ പോയിന്റ് കൈവിട്ടപ്പോൾ ചാംപ്യൻ ജോക്കോ നിയന്ത്രണം വിട്ട്, റാക്കറ്റ് നെറ്റ് പോസ്റ്റിൽ ഇടിച്ചു തകർക്കുന്നതിനും കോർട്ട് സാക്ഷിയായി. ജോക്കോയുടെ റിട്ടേൺ നെറ്റിൽ തട്ടിയതോടെ അല്‍കാരസ് വിജയമുറപ്പിച്ചു. വീണ്ടും ഒരു തോൽവി കൂടി വഴങ്ങേണ്ടി വന്നപ്പോൾ 2023ലെ രോഷപ്രകടനമായിരുന്നില്ല ജോക്കോയുടേത്. പകരം ശാന്തമായി പുഞ്ചിരിച്ചുകൊണ്ട് അൽകാരസിനെ അഭിനന്ദിക്കുകയാണു ജോക്കോവിച്ച് ചെയ്തത്.

∙ വിമ്പിൾ‍‍‍ഡനിൽ വീണ്ടും സ്പാനിഷ് മുത്തം

2003 മേയിൽ സ്പെയിനിലെ എൽ പാമറിലാണ് അൽകാരസിന്റെ ജനനം. അൽകാരസിന്റെ മുത്തച്ഛൻ അൽകാരസ് ലാർമയാണ് എൽ പാമറിലെ ആദ്യത്തെ ടെന്നിസ് ക്ലബ് തുടങ്ങിയത്. അതുകൊണ്ടു തന്നെ ടെന്നിസ് എപ്പോഴും അദ്ദേഹത്തിന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്നു. ടെന്നിസ് പ്രേമം ലാർമയിൽനിന്ന് മകൻ ഗോൺസാലസിലേക്കും, കൊച്ചുമകൻ അൽകാരസിലേക്കു പടർന്നുപിടിച്ചു. മൂന്നാം വയസ്സുമുതൽ കാർലോസ് അൽകാരസ് റാക്കറ്റെടുത്തു ടെന്നിസ് കളിച്ചുതുടങ്ങി. 

സ്പാനിഷ് താരം കാർലോസ് അൽകാരസ് സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെതിരായ വിമ്പിൾഡൻ ഫൈനലിനിടെ (ചിത്രത്തിന് കടപ്പാട്: @Wimbledon/X)
സ്പാനിഷ് താരം കാർലോസ് അൽകാരസ് സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെതിരായ വിമ്പിൾഡൻ ഫൈനലിനിടെ (ചിത്രത്തിന് കടപ്പാട്: @Wimbledon/X)

മുന്‍ലോക ഒന്നാം നമ്പർ താരം യുവാൻ കാർലോസ് ഫെറേറോയുടെ കീഴിലായിരുന്നു അൽകാരസിന്റെ പരിശീലനം. അദ്ദേഹത്തിന്റെ അക്കാദമിയിൽ വളർന്ന താരം 16–ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറി. 2020 ൽ റിയോ ഓപ്പണിൽ വൈല്‍ഡ് കാർഡ് എൻട്രിയിൽ കളിച്ചെങ്കിലും രണ്ടാം റൗണ്ടിൽ പുറത്തായി. ഓസ്ട്രേലിയൻ ഓപ്പണിൽ പ്രായം കുറഞ്ഞ താരമായി ഇറങ്ങി, രണ്ടാം റൗണ്ടിൽ തോറ്റു. മഡ്രിഡ് ഓപ്പണിൽ കളിച്ച് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. റാഫേൽ നദാൽ സ്ഥാപിച്ച റെക്കോർഡാണ് അൽകാരസ് അന്നു പഴങ്കഥയാക്കിയത്.

∙ 18–ാം വയസിൽ ആദ്യ നൂറിലേക്ക്

18 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി ലോക റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തുന്നത്. 2021 ക്രൊയേഷ്യൻ ഓപ്പണില്‍ ആൽബർട്ട് റാമോസിനെ തോൽപിച്ച് അൽകാരസ് കിരീടം ചൂടി. 2022ൽ‍ യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കുറഞ്ഞ പുരുഷതാരമായി. വൈകാതെ എടിപി റാങ്കിങ്ങിൽ ഒന്നാം നമ്പർ സ്ഥാനം അല്‍കാരസിനെ തേടിയെത്തി.

കഴിഞ്ഞ വർഷം വിമ്പിൾഡന്‍ വിജയിച്ച് ഗ്രാൻസ്‍ലാം നേട്ടം രണ്ടാക്കി ഉയർത്തി. ഈ വർഷം ഫ്രഞ്ച് ഓപ്പണും പിന്നാലെ വിമ്പിള്‍ഡനും വിജയിച്ചതോടെ അൽകാരസിന്റെ ഗ്രാൻസ്‌ലാം വിജയങ്ങൾ നാല്. വിമ്പിൾഡൻ കിരീടം നിലനിർത്തുന്ന ആദ്യ സ്പാനിഷ് താരമാണ് കാർലോസ് അൽ‌കാരസ്. റാഫേൽ നദാൽ (2008, 2010) മാന്വർ സന്റന (1966) എന്നിവരാണ് അൽകാരസിനും മുൻപേ വിമ്പിള്‍ഡൻ വിജയിച്ച സ്പാനിഷ് താരങ്ങൾ.

English Summary:

Carlos Alcaraz beats Novak Djokovic to defend Wimbledon title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com