വിശപ്പുമാറ്റാൻ കഴിച്ചത് 98 ലക്ഷം രൂപയുടെ വാഴപ്പഴം, വിഡിയോ വൈറൽ
Mail This Article
ഒരു മ്യൂസിയത്തിൽ പ്രദർശനം കാണാൻ പോകുന്നു....നല്ല കലശലായ വിശപ്പ്.....നോക്കുമ്പോൾ ദേ കൺമുന്നിൽ ഒരു പഴം....പിന്നെ എന്ത് ചിന്തിക്കാനാ, ആരെങ്കിലും കാണുന്നതിന് മുൻപ് അതങ്ങെടുത്ത് കഴിക്കുക. കേൾക്കുമ്പോൾ ഇതിലെന്ത് പ്രത്യേകത എന്നല്ലേ, പക്ഷേ, വിശപ്പ് മാറ്റാനായി കഴിച്ച പഴം അത്ര നിസ്സാരക്കാരനല്ലെങ്കിലോ... ദക്ഷിണ കൊറിയയിലെ ഒരു മ്യൂസിയത്തിൽ നിന്ന് വിദ്യാർഥി കഴിച്ച വാഴപ്പഴമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഇത് വെറും വാഴപ്പഴമല്ല, ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലന്റെ പ്രശസ്തമായ വാഴപ്പഴം കലാസൃഷ്ടിയാണ് തന്റെ വിശപ്പ് മാറ്റാനായാണ് വിദ്യാർഥി ഉപയോഗിച്ചത്.
ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയത്തിലാണ് സംഭവം. ‘കൊമേഡിയൻ ആർട്ട്’ എന്ന പേരിൽ ചുമരിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവച്ച രീതിയിലായിരുന്നു പഴം. ഇൻസ്റ്റലേഷൻ കാണാനെത്തിയ വിദ്യാർഥി ചുമരിൽ നിന്ന് പഴം എടുക്കുകയും കഴിച്ചതിന് ശേഷം തൊലി അവിടെ തന്നെ ഒട്ടിച്ചു വെക്കുകയും ചെയ്തു. വിദ്യാർഥിയുടെ സുഹൃത്ത് പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
വിശപ്പ് സഹിക്കാൻ പറ്റാത്തതിനാലാണ് പഴം കഴിച്ചതെന്ന് നോഹ് ഹ്യൂൻ സൂ എന്ന വിദ്യാർഥി മ്യൂസിയം അധികൃതരോട് പറഞ്ഞു. എന്നാൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പഴം മാറ്റാറുണ്ടെന്നും വിദ്യാർഥിക്കെതിരെ നടപടിയൊന്നും എടുക്കേണ്ടെന്നും വിഷ്വൽ ആർട്ടിസ്റ്റായ മൗറിസിയോ കാറ്റലെൻ മ്യൂസിയം അധികൃതരെ അറിയിച്ചു. 98 ലക്ഷം രൂപയ്ക്കാണ് നേരത്തെ സമാനമായ കലാസൃഷ്ടി വിറ്റുപോയത്.
Content Summary: Hungry student eats artwork of a banana