ചെറുപ്പം കാത്തുസൂക്ഷിക്കാം, മുടി തഴച്ചു വളരും; വീട്ടിലുണ്ടാക്കാം നീലച്ചായ
Mail This Article
പ്രായം പോലും തോറ്റോടുന്ന ഒരു ചായ കുടിച്ചാലോ. വെറും ചായയല്ല, രുചിയേറിയ നീലച്ചായ. സാധാരണ ചായയിൽ നിന്ന് വ്യത്യസ്ഥമായി ഇതിന്റെ നിറം നീലയാണ്. ചായപ്പൊടിക്കു പകരം ചേർക്കുന്നത് ഒരു പൂവാണെന്ന് മാത്രം. ഈ പൂവും ചില്ലറക്കാരനല്ല. ഔഷധഗുണങ്ങൾ ഏറെയുള്ള ശംഖുപുഷ്പമാണ് ഇതിലെ താരം.
പലരും രാവിലെയും വൈകിട്ടും സ്ഥിരമായി ചായ കുടിക്കുന്നവരാണ്. തേയിലച്ചായതിൽ നിന്ന് നീലച്ചായയിലേക്ക് കപ്പും ചുണ്ടും മാറ്റി ശീലിച്ചാൽ യുവത്വം നിലനിൽക്കും. മാത്രമല്ല കണ്ണിനും ചർമത്തിനും ശരീരത്തിന് മുഴുവനും ഓജസും നൽകും.
ശംഖുപുഷ്പച്ചായ കുടിക്കുമ്പോൾ അതിന്റെ ഗുണം അറിഞ്ഞുതന്നെ കുടിക്കണം. രണ്ടുതരം ശംഖുപുഷ്പങ്ങൾ ഉണ്ട്. നീലയും വെള്ളയും. ഇതിനു രണ്ടിനും ഒരേ ഔഷധഗുണമാണെങ്കിലും ഈ ചായയുണ്ടാക്കാൻ നീല തന്നെ ഉപയോഗിക്കാം. ഏഷ്യൻ പീജിയൺവിങ്, ബ്ലൂ പീ, ബട്ടർഫ്ലൈ പീ എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഇവ ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഇവ കാഴ്ചശക്തി കൂട്ടും, ചർമം പ്രായമാകുന്നത് തടയുകയും ചെയ്യും. മുടി തഴച്ചുവളരാൻ സഹായിക്കും. മുടികൊഴിച്ചിൽ അകറ്റുകയും നര ബാധിക്കുന്നതും തടയുകയും ചെയ്യും. ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളും മാറ്റും. ലിവർ സിറോസിസിനും മികച്ചതാണ്. രക്തസമ്മർദവും പ്രമേഹവും കുറയ്ക്കും. എന്നിട്ടും തീർന്നില്ല, ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെയും പ്രതിരോധിക്കും. പ്രായമാകുന്നത് തടയാൻ ഇനി ഇതിൽ കൂടുതൽ എന്തുവേണം.
ഇനി വളരെ ലളിതമായി തയാറാക്കാവുന്ന നീലച്ചായയിലേക്ക് കടക്കാം. ഇതിൽ പാൽ ഉപയോഗിക്കില്ല.
നാല് കപ്പ് ചായയ്ക്ക് – 8 ശംഖുപുഷ്പം
വെള്ളം– 4 ഗ്ലാസ് വെള്ളം
നാരങ്ങ– അര നാരങ്ങയുടെ നീര്
(നാരങ്ങാനീര് അധികമായാൽ ചായയുടെ നീല നിറം നഷ്ടമാകും)
തേൻ– മധുരത്തിന് അനുസരിച്ച്
വെള്ളം തിളയ്ക്കുമ്പോൾ പൂക്കൾ ഇതിലിടുക. പൂവിന്റെ നീല നിറം വെള്ളത്തിൽ ലയിക്കും. ഇതോടെ വെള്ളത്തിന് ഉജാലയുടെ നിറമാകും. ഇനി പൂക്കൾ എടുത്ത് മാറ്റാം. ഈ വെള്ളത്തിലേക്ക് നാരങ്ങനീര് ചേർക്കുക. ചായയുടെ ചൂട് അൽപം കുറഞ്ഞശേഷം ഇതിലേക്ക് തേൻ ചേർത്ത് കുടിക്കാം. (തിളച്ച വെള്ളത്തിൽ തേൻ ചേർക്കരുത്). തേൻ ചേർത്ത് കുടിക്കുന്നത് പൂവിന്റെ ഔഷധഗുണം ശരീരത്തിൽ വേഗം ആഗിരണം ചെയ്യാൻ സഹായിക്കും.
ഇനി വല്യ ചെലവില്ലാതെ നീലച്ചായ കുടിച്ചുതുടങ്ങാം, യുവത്വം നിലനിർത്താം.
English Summary : Everything You Need to Know about Blue Tea