ADVERTISEMENT

പച്ചക്കറികളിലെ കേമനായ ബീറ്റ്‌റൂട്ട് സൗന്ദര്യ സംരക്ഷണത്തിലും മുമ്പനാണ്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത പിഗ്മെന്റായ ബെറ്റാലൈൻസിൽ ചർമത്തെ തിളക്കമുള്ളതാക്കുകയും വെയിൽ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ കുറയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില ഫെയ്‌സ് പായ്ക്കുകൾ പരിചയപ്പെടാം. 

ബീറ്റ്റൂട്ട് - തൈര് ഫെയ്‌സ് മാസ്ക് 
ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകങ്ങൾ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കുന്നു. തൈര് ചർമത്തിനു തണുപ്പ് പ്രദാനം ചെയ്യുന്നതിനൊപ്പം സ്വാഭാവികമായ എക്സ്ഫോലിയേഷനെ സഹായിക്കുകയും ചെയ്യുന്നു.

ഒരു ചെറിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്ത് അതിന്റെ നീര് എടുക്കാം, അതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് പേസ്റ്റ് പോലെയാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. ഇരുപതു മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. 

ബീറ്റ്റൂട്ട് - ചെറുനാരങ്ങ ഫെയ്‌സ് മാസ്ക് 
ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ ചർമത്തിന് തിളക്കം നൽകുന്നു. കൂടെ കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ചെറുനാരങ്ങയ്ക്കൊപ്പം ബീറ്റ്റൂട്ട് കൂടി ചേരുമ്പോൾ ചർമത്തിനു ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.

ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങയുടെ നീരിലേയ്ക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടിന്റെ നീര് കൂടി ചേർത്ത് ഫെയ്‌സ് മാസ്ക് തയാറാക്കാം. ഈ കൂട്ട് കഴുത്തിലും മുഖത്തും പുരട്ടി പതിനഞ്ചു മുതൽ ഇരുപതു മിനിട്ട് വരെ വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

ബീറ്റ്‌റൂട്ട് - തേൻ ഫെയ്‌സ് മാസ്ക് 
തേനിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റ് ഒരു മികച്ച മോയിസ്ചറൈസർ ആണ്. ബീറ്ററൂട്ടിലെ ആന്റിഓക്‌സിഡന്റുകൾ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം സമ്മാനിക്കുകയും ചെയ്യുന്നു.

ബീറ്റ്‌റൂട്ട് നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. ഇരുപത് മിനിട്ടിനു ശേഷം  ചെറുചൂടുവെള്ളത്തിൽ മുഖവും കഴുത്തും കഴുകാവുന്നതാണ്. 

ബീറ്റ്‌റൂട്ട് - മഞ്ഞൾപൊടി  ഫെയ്‌സ് മാസ്ക് 
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി - ആന്റി ബാക്റ്റീരിയൽ ഘടകങ്ങൾ ചർമത്തിലുള്ള പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടിലെ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ മഞ്ഞളിന്റെ ഗുണങ്ങൾ ഇരട്ടിയാക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസിലേക്കു അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് പേസ്റ്റ് പോലെയാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി, പതിനഞ്ചു മുതൽ ഇരുപതു മിനിട്ടു വരെ വെച്ചതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

ബീറ്റ്‌റൂട്ട് - കറ്റാർവാഴ  ഫെയ്‌സ് മാസ്ക് 
കറ്റാർവാഴ മികച്ചൊരു മോയ്സ്ചറൈസറാണ്. ബീറ്റ്‌റൂട്ടിനൊപ്പം ചേരുമ്പോൾ ഗുണങ്ങൾ വർധിക്കുകയും ചെയ്യുന്നു. ഈ രണ്ടു കൂട്ടുകളും ഒരുമിക്കുമ്പോൾ തിളക്കമുള്ള ചർമം ലഭിക്കും.

ഒരു ചെറിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തു നീരെടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കഴുത്തിലും മുഖത്തും ഈ മിശ്രിതം പുരട്ടാം. ഇരുപതു മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com