ADVERTISEMENT

ചർമത്തിന്റെ തിളക്കം ആഗ്രഹിക്കാത്തതായി ആരും ഉണ്ടാവില്ല എന്നാൽ അതിന് വേണ്ടി മെനക്കെടാൻ പലർക്കും മടിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു മസ്കാണ് നമ്മൾ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഓട്സും പഴവും ഒക്കെ ആരോഗ്യം നന്നാക്കാൻ വേണ്ടി നമ്മൾ കഴിക്കാറില്ലേ ഇനി അത് നമുക്ക് ചർമം നന്നാക്കാൻ കൂടി ഉപയോഗിക്കാം.

ഓട്സ്

ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ് ഓട്സ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്‌സ് കൊളാജൻ ഉൽപാദനം വർധിപ്പിക്കാനും ചർമത്തിന്റെ നിറം മെച്ചപ്പെടുത്താനും മുഖത്തെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചർമത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഓട്‌സ് സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഓട്സിന് കഴിയും. തിളക്കം കൂട്ടാനും അതുപോലെ നിറവ്യത്യാസം മാറ്റാനും ഓട്സ് ഏറെ നല്ലതാണ്

Representative image. Photo Credit:max-kegfire /istockphoto.com
Representative image. Photo Credit:max-kegfire /istockphoto.com

പഴം

ധാരാളം പൊട്ടാസ്യം അടങ്ങിയതാണ് പഴം. നിർജ്ജീവമായ ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഏറെ നല്ലതാണ് ഇവ. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പഴം മൃതകോശങ്ങളെ പുറന്തള്ളി ചർമത്തിനു തിളക്കവും ഭംഗിയും നൽകാൻ സഹായിക്കും. അതുകൊണ്ട് തന്നെ വരണ്ട ചർമത്തെ നേരെയാക്കാനും പഴം ഏറെ മികച്ചതാണ്. ചർമത്തിൽ സ്വാഭാവികമായ തിളക്കവും യുവത്വവും നിലനിർത്താനും പഴം ഉപയോഗിക്കാവുന്നതാണ്. 

തേൻ

തേൻ നമ്മുടെ ആരോഗ്യത്തിനും ചർമത്തിനും ഒരുപോലെ ഉപയോഗപ്രദമാണ്. തേനിൽ ചില പദാര്‍ഥങ്ങള്‍ മിക്‌സ് ചെയ്തു ചർമത്തിൽ പുരട്ടിയാൽ നിറം മാറുക മാത്രമല്ല, ചർമത്തില്‍ ഉണ്ടാകുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും. തേനിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ചർമത്തിലെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ആന്റി ബാക്ടീരിയിൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ.

മാസ്ക് തയാറാക്കാം

നല്ല പഴുത്ത ഒരു പഴം എടുക്കുക. ഇനി ഇത് നന്നായി ഉടച്ച ശേഷം അതിലേക്ക് ഒരു ടീ സ്പൂൺ തേനും 2 ടേബിൾ സ്പൂൺ ഓട്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ സ്ക്രബ് മുഖത്തിലും കഴുത്തിലും ഇട്ട് നന്നായി മസാജ് ചെയ്യുക. നന്നായി ഉണങ്ങിയ ശേഷം ഇത്തിരി റോസ് വാട്ടർ വേണമെങ്കിൽ ഒന്ന് സ്പ്രേ ചെയ്ത് വീണ്ടും നന്നായി മസാജ് ചെയ്യാം. ശേഷം 20 മുതൽ 30 മിനുട്ട് വരെ വച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മറക്കാതെ ഇത് ചെയ്തുനോക്കിയാൽ മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ സാധിക്കും. 

English Summary:

Achieve Glowing Skin with This Simple Oatmeal, Banana, and Honey Face Mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com