ADVERTISEMENT

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമേകി മഴ എത്തി. സൗന്ദര്യ സംരക്ഷണത്തിന് പ്രത്യേക കരുതല്‍ നല്‍കേണ്ട സമയമാണിത്. അന്തരീഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ത്വക്ക് രോഗങ്ങള്‍, ഫംഗസ്‌ അണുബാധകള്‍ തുടങ്ങി ഗുരുതര പ്രശ്നങ്ങൾ നമ്മളെത്തേടിയെത്തും. ഈർപ്പം, വിയർപ്പ്, മലിന ജലം, മഴയിൽ നനഞ്ഞതിനുശേഷം പെട്ടെന്ന് വസ്‌ത്രങ്ങള്‍ മാറ്റാതിരിക്കല്‍ എന്നിവ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചർമത്തിലും ഈ മാറ്റം പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. മുഖം വാടുക, നിറം മങ്ങുക, മുടി കൊഴിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയവ മാറാൻ ഈ 5 കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ മതി. 

പാദങ്ങൾക്ക് വേണം ശ്രദ്ധ

മഴക്കാലത്ത് ഏറ്റവും അധികം ശ്രദ്ധ നൽകേണ്ടത് പാദങ്ങൾക്കാണ്. ചെളിവെള്ളത്തിലൂടെ പടരുന്ന ഫംഗസ് ബാധ മൂലം പലതരത്തിലുള്ള ത്വക് രോഗം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കാൽവിരലുകളുടെ ഇടയിൽ അടിഞ്ഞു കൂടുന്ന അഴുക്ക് കൃത്യമായി സമയമെടുത്ത് തന്നെ വൃത്തിയാക്കണം. പുറത്തു പോയി വന്നാലുടൻ കാൽ വൃത്തിയാക്കുക. ചെറു ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത ശേഷം കാലുകൾ അതിൽ അൽപനേരം മുക്കി വച്ചതിന് ശേഷം കഴുകിക്കളയുന്നത് വളരെ നല്ലതാണ്. വിണ്ടുകീറൽ ഉണ്ടെങ്കിൽ അൽപം പച്ചമഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ച് കാലിൽ പുരട്ടാം. കുഴിനഖമുള്ളവർ മഴക്കാലത്ത് കൂടുതൽ ശ്രദ്ധിക്കണം. ചളിയുള്ള ഭാഗങ്ങളിൽ ചെരുപ്പിടാതെ പോകാതിരിക്കുക. 

519452443
പ്രതീകാത്മക ചിത്രം

മേക്കപ്പ് അൽപം കുറയ്ക്കാം

മഴക്കാലത്ത് മേക്കപ്പ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇനി അഥവാ മേക്കപ്പ് ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ വളരെ കുറഞ്ഞ തോതിൽ മാത്രം ഉപയോഗിക്കാം. ലിക്വിഡ് ഫൗണ്ടേഷന്റെ ഉപയോഗം ഒഴിവാക്കാം. വാട്ടർ പ്രൂഫ് മേക്കപ്പ് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക. മേക്കപ്പ് ചെയ്യുമ്പോൾ കടുംനിറത്തിലുള്ള ചായങ്ങൾ ഒഴിവാക്കി ചർമത്തിന്റെ നിറത്തോട് ചേർന്ന് നിൽക്കുന്ന ഇളംനിറങ്ങൾ ഉപയോഗിക്കാം. ഫൗണ്ടേഷനും ക്ലെൻസറും വളരെ കുറച്ച് മതി. കൂടുതൽ സമയത്തേക്കു മേക്കപ്പ് നിലനിർത്താൻ വാട്ടർപ്രൂഫ് പ്രൈമർ ഉപയോഗിക്കുന്നതാവും നല്ലത്.

വ്യക്തി ശുചിത്വം ഉറപ്പാക്കണം

മഴക്കാലത്ത് എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ വസ്‌ത്രങ്ങളും ഷൂസുകളും ധരിക്കുക. അയഞ്ഞതും പെട്ടെന്ന് ഉണങ്ങുന്നതുമായ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളിൽ കൈകൾ നന്നായി കഴുകുക.  മഴ നനഞ്ഞതിന് ശേഷം മുടിയും ശരീരവും പെട്ടെന്ന് തന്നെ ഉണക്കാൻ ശ്രമിക്കുക. മഴയുള്ള ദിവസങ്ങളിൽ പുറത്ത് പോയതിന് ശേഷം മടങ്ങിയെത്തുമ്പോള്‍ കുളിക്കുക. ഇതുവഴി ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിയർപ്പ്, അഴുക്ക് എന്നിവ പുറന്തള്ളാനാകും. ചൊറിച്ചിലോ അണുബാധയോ ചർമ സംബന്ധമായ മറ്റേതെങ്കിലും പ്രശ്‌നമോ ഉള്ളവരുടെ വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക. നനവുള്ള ഷൂസും സോക്‌സും ധരിക്കുന്നത് ഫംഗസ് അണുബാധ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 

ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

മഴക്കാലത്ത് ഈർപ്പം നിലനില്‍ക്കുന്നതിനാല്‍ ദാഹം പൊതുവേ കുറവായിരിക്കും. ഇത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളത്തിന്‍റെ അളവ് കുറയുന്നത് ചര്‍മത്തെ ബാധിക്കുമെന്നതിനാല്‍ ദിവസവും 6-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തിളങ്ങുന്ന ഊർജസ്വലമായ ചർമത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. 

സ്വകാര്യഭാഗം നന്നായി ശ്രദ്ധിക്കണം

മഴക്കാലത്ത് ഏറ്റവും ശ്രദ്ധ വേണ്ട ഇടമാണ് നമ്മുടെ സ്വകാര്യഭാഗങ്ങൾ. ഒരിക്കലും നനഞ്ഞിരിക്കുന്ന അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. അടിവസ്ത്രത്തിന്റെ പാളികൾ ഫംഗസ് അണുബാധയുടെ ഒരു സാധാരണ ഉറവിടമാണ്. ഈ ഭാഗങ്ങളിൽ ഈർപ്പം അടിഞ്ഞുകൂടാതിരിക്കാൻ ബ്രസിയറുകളുടെയും അടിവസ്ത്രങ്ങളുടെയും അതിർത്തികൾ ഇസ്തിരിയിടുന്നത് ഉറപ്പാക്കുക. ദിവസവും കഴുകി തേച്ച് മാത്രം ഉപയോഗിക്കുക.

English Summary:

Top Beauty Care Tips for a Healthy Monsoon Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com