ADVERTISEMENT

മനോഹരമായ ഉദ്യാനം സ്വന്തമായുള്ളതിന്റെ പേരിൽ ചെറിയ അഹങ്കാരമുണ്ടായിരുന്നു ആ യുവതിക്ക്. അത്യപൂർവമായ ഒരിനം ചെടിയെക്കുറിച്ച് അവളൊരിക്കൽ വായിച്ചറിഞ്ഞു. വലിയ വില കൊടുത്ത് ഒരെണ്ണം വാങ്ങി വീടിന്റെ മതിലിനോടു ചേർത്തുവച്ചു; അയൽക്കാരിക്ക് അസൂയ തോന്നിക്കോട്ടെ! 

ചെടി തഴച്ചുവളർന്നെങ്കിലും പൂവൊന്നും ഉണ്ടാകുന്നില്ല. മാസങ്ങൾ കാത്തിരുന്നിട്ടും ഫലമുണ്ടാകാതായപ്പോൾ അതു വെട്ടിക്കളയാൻ തീരുമാനിച്ചു. അപ്പോഴാണ് അയൽക്കാരി വീട്ടിലേക്കു വന്നത്. അവൾ പറഞ്ഞു, എനിക്കു നിങ്ങളോടു നന്ദിയുണ്ട്. കുറെ നാളുകളായി, നിങ്ങൾ നട്ടുപിടിപ്പിച്ച ചെടിയിലെ പൂക്കളാണ് എന്റെ സന്തോഷം. യുവതി ഇറങ്ങിച്ചെന്ന് മതിലിനപ്പുറം നോക്കിയപ്പോൾ, വെട്ടിക്കളയാനിരുന്ന ചെടിയുടെ മറുവശം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കുന്നു.

വിതയ്‌ക്കുന്നതെല്ലാം അപ്പോൾത്തന്നെ, അവിടെനിന്നു തന്നെ കൊയ്യണമെന്നുള്ളത് എപ്പോഴും പ്രായോഗികമാകണമെന്നില്ല. ചിലതിനു കാലങ്ങളോളം കാത്തിരിക്കേണ്ടിവരും, കാണാമറയത്തു നോക്കേണ്ടിവരും. ഒരു വശത്തുനിന്നു മാത്രം കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട്. തൊലിവരണ്ട മരങ്ങളുടെയും ശോഷിച്ച ചെടികളുടെയും  മറുവശത്ത് ഒരു പുഷ്‌പം പോലുമില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഒന്നു ചുറ്റും നോക്കിയിരുന്നെങ്കിൽ, ഒളിഞ്ഞിരിക്കുന്ന ചെറുപുഷ്‌പങ്ങൾ പോലും കണ്ടെത്തിയേനെ. 

എന്നും കൂടെയുണ്ടായിട്ടും എല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല എന്നതാണ് ബന്ധങ്ങളുടെ പരാജയകാരണം. നിഷ്‌ഫലം എന്നു വിധിയെഴുതുന്നതിനു മുൻപ് നിൽക്കുന്ന സ്ഥലവും വ്യാപരിക്കുന്ന ഇടങ്ങളും ഒന്നു പരിശോധിക്കണം. എവിടെങ്കിലും, പൊട്ടിമുളയ്‌ക്കുന്ന മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com