മകളെ ഡോക്ടർ ആക്കണം, അതിനാണ് ഞാൻ കഷ്ടപ്പെടുന്നത്
Mail This Article
മുംബൈ നഗരത്തിലെ മനുഷ്യരുടെ ജീവിത പോരാട്ട കഥകളാണ് ‘ഹ്യുമൻസ് ഓഫ് ബോംബൈ’ എന്ന പേജിൽ പ്രത്യക്ഷപ്പെടുക. ദുഃഖങ്ങളെ കീഴടക്കി, വിധിയോടു പൊരുതുന്ന മനുഷ്യർ നിരവധിപേർക്കു പ്രചോദനമാകും. മുംബൈ നഗരത്തിൽ തൂപ്പുകാരിയായി ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ഈ പേജിൽ അടുത്തിടെ പങ്കുവച്ചത്. പ്രചോദനാത്മകമായ ആ കഥ ഇതാ;
‘‘മൂന്നു വർഷമായി ഞാൻ തൂപ്പുകാരിയായി ജോലി ചെയ്യുന്നു. ആദ്യം ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ച് ജോലി ചെയ്താണു കുടുംബം മുന്നോട്ടു കൊണ്ടുപോയത്. എന്നാൽ ഭര്‍ത്താവിനു പ്രമേഹം വന്നതോടെ കാര്യങ്ങൾ മാറി മറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചു മാറ്റി. അന്നു മുതൽ അദ്ദേഹം വീട്ടിലാണ്. തന്റെ പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു.
എന്റെ തുച്ഛമായ ശമ്പളം 6000 രൂപകൊണ്ടാണ് അദ്ദേഹത്തിന്റെ ചികിത്സയും മകളുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടക്കുന്നത്. അതു വളരെ കഠിനമാണ്, എങ്കിലും എങ്ങനെയോ നടക്കുന്നു. ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവർക്കു സാധ്യമായ രീതിയിൽ സഹായിക്കുന്നുണ്ട്. അതിലുപരി എന്നെയും എന്റെ ഭർത്താവിനെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഞങ്ങളുടെ മകളാണ്.
അവൾ ഞങ്ങൾക്ക് കിട്ടിയ സമ്മാനമാണ്. അവളിപ്പോള്‍ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം. അവളുടെ അച്ഛനെപ്പോലെ ഇനിയാരും കഷ്ടപ്പെടരുതെന്നും അവരെയെല്ലാം സഹായിക്കണം എന്നുമാണ് അവളുടെ ആഗ്രഹം. ഞാനിന്നിവിടെ നിൽക്കാൻ അവളാണ് കാരണം. അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്കു കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്.