പ്രണയവും തമാശയും നിറച്ച് ഷാമിലിന്റെയും അക്ഷയയുടെയും ‘അൺടോൾഡ് സ്റ്റോറീസ്’
Mail This Article
കൊച്ചു കൊച്ചു കോമിക്കുകളിലൂടെ പ്രണയകഥ അവതരിപ്പിച്ച് കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ഷാമിൽ കണ്ടാച്ചേരിയും ഭാര്യ ടി.കെ.അക്ഷയയും. ‘ട്യൂസ് ഡേ 'ഡയറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ അൺടോൾഡ് സ്റ്റോറീസ് എന്ന പേരിലാണ് ഇവർ തങ്ങളുടെ പ്രണയകഥ കോമിക്കുകളായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു ഷാമിലിന്റെയും അക്ഷയയുടെയും വിവാഹം. അതിനു മുൻപ് 4 വർഷത്തെ പ്രണയവും. എന്നാൽ വിവാഹശേഷം ഒരുമിച്ചു കഴിഞ്ഞത് ഒരു മാസം മാത്രം. സൈനികനായി ജോലി ചെയ്യുന്ന ഷാമിലിനു വിവാഹം കഴിഞ്ഞു പെട്ടെന്നു തന്നെ ജോലി സ്ഥലത്തേക്കു മടങ്ങേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരുമിച്ചുള്ള നാളുകളിലെ ചെറിയ സംഭവങ്ങളാണ് ഇപ്പോൾ കോമിക്കുകളായി അവതരിപ്പിക്കുന്നത്. കണ്ണൂർ മുണ്ടേരി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനീയറായി ജോലി ചെയ്യുകയാണ് അക്ഷയ.
അൺടോൾഡ് സ്റ്റോറീസ്
അൺടോൾഡ് സ്റ്റോറീസ് എന്ന പേരിലുള്ള സീരീസിലുടെയാണ് ഇവർ തങ്ങളുടെ പ്രണയകഥ മനോഹരമായി വരച്ചിടുന്നത്. ആർട്ടിസ്റ്റായ ഷാമിൽ ചിത്രം വരയ്ക്കും, ആശയങ്ങൾ പറഞ്ഞു നൽകുന്നത് അക്ഷയയും. ട്യൂസ് ഡേ ഡയറീസിനെക്കുറിച്ച് ഷാമിൽ പറയുന്നതിനിങ്ങനെ: ‘പ്രണയിച്ചു വിവാഹം കഴിച്ചവരാണു ഞങ്ങൾ. വിവാഹശേഷം ഒരു മാസം മാത്രമേ ഒരുമിച്ചു താമസിച്ചിട്ടുള്ളൂ. അക്ഷയയെ ജോലി സ്ഥലത്തേക്കു കൊണ്ടു വരാൻ കഴിഞ്ഞില്ല. രണ്ടു പേരും ദൂരെയാണെങ്കിലും ഞങ്ങൾക്കു പരസ്പരം മിസ്സ് ചെയ്യാതിരിക്കാനാണ് അൺടോൾഡ് സ്റ്റോറീസ് എന്ന സീരീസ് ആരംഭിച്ചത്.’ ജോലി കഴിഞ്ഞു സഹപ്രവർത്തകരെല്ലാം ഉറങ്ങുന്ന സമയത്തിരുന്നാണു ഷാമിലിന്റെ ചിത്രം വര. ഷാമിലിന്റെയും അക്ഷയയുടെയും ജീവിതത്തിലുണ്ടായ ഓരോ അനുഭവങ്ങളെ ചിത്രങ്ങളാക്കി ദിവസവും പോസ്റ്റ് ചെയ്യും.
ട്യൂസ് ഡേ ഡയറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിനും ഷാമിലിന്റെയും അക്ഷയയുടെയും ഒരു കഥ പറയാനുണ്ട്. ‘ഞങ്ങൾക്കു രണ്ടാൾക്കും ഒരു അബദ്ധം സംഭവിച്ച ചൊവ്വാഴ്ചയാണ് ഇൻസ്റ്റാഗ്രാമിൽ കോമിക് സീരീസ് ആരംഭിക്കുന്നത്. ഒരുമിച്ചു പുതുതായി എന്തെങ്കിലുമൊരു ചെറിയ സംരംഭം ആരംഭിക്കണമെന്ന് അക്ഷയ പറഞ്ഞു. ഷാമിൽ കണ്ടാച്ചേരി എന്ന പേരിലുണ്ടായിരുന്ന ഇൻസ്റ്റാഗ്രാം പേജ് അന്നു തന്നെ ട്യൂസ് ഡേ ഡയറീസ് എന്ന പേരിലേക്കു മാറ്റി. തൊട്ടടുത്ത ദിവസം ആദ്യത്തെ കോമിക് പേജിൽ പോസ്റ്റ് ചെയ്തു,’ ഷാമിൽ പറയുന്നു. ഇരുവരും ഒരുമിച്ചുള്ള കോമിക്കുകൾ പേജിൽ അപ്‍ലോഡ് ചെയ്തപ്പോൾ ഫോളോവേഴ്സിന്റെ എണ്ണവും കുതിച്ചുയർന്നു. നിലവിൽ 24,000ത്തിനടുത്ത് ഫോളേവേഴ്സ് ട്യൂസ് ഡേ ഡയറീസിനുണ്ട്
സ്വപ്നനോട്ടം സിനിമയിലേക്ക്
സിനിമയിൽ ആർട്ടുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുകയാണു ഷാമിലിന്റെ ആഗ്രഹം. ആ സമയത്ത് അൽപം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആർമി സിലക്‌ഷനു പോകുന്നത് അങ്ങനെയാണ്. സിലക്‌ഷൻ ലഭിച്ചപ്പോൾ സൈന്യത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. എങ്കിലും ഇതുവരെ കലയെ വിട്ടിട്ടില്ലെന്നും ഷാമിൽ പറയുന്നു. ‘അമ്പിളി’ എന്ന സിനിമയിൽ ക്യാരക്ടർ സ്കെച്ച് ചെയ്തിട്ടുണ്ട്. ഗോകുൽ സുരേഷ് അഭിനയിച്ച റിലീസാകാനിരിക്കുന്ന സിനിമയിലും ജോലി ചെയ്തിട്ടുണ്ടെന്നു ഷാമിൽ പറയുന്നു.