ADVERTISEMENT

ഒരുകാലത്ത്, ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ സോഫിയയുടെ സങ്കടങ്ങൾ സ്വന്തം വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. ‘മലയാളികളുടെ ‘മാനസപുത്രി’യായിരുന്ന ശ്രീകല കുറേയേറെക്കാലമായി അഭിനയത്തിൽ നിന്നു പൂർണമായി വിട്ടു നിൽക്കുകയാണ്. ഭർത്താവ് വിപിനും മകൻ സാംവേദിനുമൊപ്പം യുകെയിലെ ഹോർഷാമിൽ കുടുംബിനിയുടെ റോളിലാണിപ്പോൾ പ്രിയതാരം. ഇവിടെ ഐടി മേഖലയിലാണ് വിപിന് ജോലി. ശ്രീകല എവിടെയാണ്, ഉടൻ സ്ക്രീനിൽ കാണാമോ....എന്നൊക്കെയാണ് മലയാളികൾ ചോദിക്കുന്നത് എനിക്ക് സീരിയൽ മിസ് ചെയ്യുന്നുണ്ട്. ഒരുപാടു പേർ മെസേജ് അയയ്ക്കും, ‘എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറേക്കാലമായല്ലോ, വരുന്നില്ലേ...’ എന്നൊക്കെ. തിരിച്ചു വരണം, അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വർഷം മുൻപാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെത്തന്നെ തുടരേണ്ടി വന്നു.

ഇവിടെ വന്ന ശേഷം കുറേ ഓഫറുകൾ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്. ഒന്നും ഏറ്റെടുത്തില്ല. നല്ല േറാളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭർത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം െകാടുക്കുന്നത്. അതു ഞാൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടിൽ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്കു വരാൻ തീരുമാനിച്ചതും അഭിനയത്തിൽ നിന്ന് അവധി എടുത്തതും.

അമ്മയുടെ മരണം വല്ലാതെ തളർത്തിയോ ?

പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ’ എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി.

അമ്മ മരിച്ച ശേഷം ഞാനും മോനും തിരുവനന്തപുരത്ത്  ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാകൂ. ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ട എന്നു ചിലപ്പോള്‍ തോന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ്സ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.

മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. എനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല. ഒടുവില്‍ വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട...’ എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിയ്ക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല. ഭർത്താവും മകനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ്.

വനിത ഓൺലൈനിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com