‘അൽസൂ എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു’
Mail This Article
നടി ജൂഹി റസ്തഗിയുടെ അമ്മയുടെ വിയോഗവാർത്ത ഏറെ വേദനയാണ് മിനിസ്ക്രീൻ പ്രേക്ഷകരിലുണ്ടാക്കിയത്. അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരൻ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു. കുടുംബത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ജൂഹി മനസ്സ് തുറന്നിട്ടുണ്ട്.
ബിസിനസ് ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരണ്‍ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് മലയാളിയെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി അദ്ദേഹം ആഗ്രഹം സഫലമാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു യാഥാർഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. എങ്കിലും അമ്മ മക്കൾക്ക് തണലൊരുക്കി കുടുംബം മുന്നോട്ട് നയിച്ചു.
വളരെ യാദൃച്ഛികമായാണ് ജൂഹി അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിനായി പോയപ്പോൾ, സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടു. അദ്ദേഹം പുതിയതായി സംവിധാനം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു. പരമ്പര ഹിറ്റാവുകയും ജൂഹി നിരവധി ആരാധകരെ നേടുകയും ചെയ്തു.
ഷൂട്ടിനും മറ്റു പരിപാടികൾക്കും അമ്മയാണ് ഒപ്പം വന്നിരുന്നത്. കൂടുതൽ ദൂരെയുള്ള പരിപാടിയാണെങ്കിൽ ചേട്ടന്‍ വരും. കുടുംബത്തിന്റെ പിന്തുണയാണ് കരിയറിൽ മുന്നേറാനുള്ള കരുത്താണെന്നും ജൂഹി മുമ്പ് പറഞ്ഞിട്ടുണ്ട്. ആ കരുത്താണ് ജൂഹിക്കിപ്പോൾ നഷ്ടമായത്.
‘‘സ്നേഹനിധിയായ ആന്റി. അൽസൂ എന്ന സ്നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?’’ – ഉപ്പം മുളകും പരമ്പരയിൽ ലച്ചുവിന്റെ സഹതാരമായിരുന്ന അൽസാബിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ്.
സെപ്റ്റംബർ 11 ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലുണ്ടായ അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. തെറിച്ചു വീണ മകൻ ചിരാഗിന് കാര്യമായി പരുക്കേറ്റില്ല. ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
English Summary : Actress Juhi Rustagi's mother died in an accident