ADVERTISEMENT

മകൾക്ക് ഇന്ത്യ എന്നു പേരിട്ട് കോട്ടയം പാലാ സ്വദേശി രഞ്ജിത്ത്. ജൂലൈ 12ന് പാലാ ഗവൺമെന്റ് ആശുപത്രിയിലാണു രഞ്ജിത്തിന്റെ ഭാര്യ സന പെൺകുഞ്ഞിന് ജന്മം നൽകിയത്. മകളാണെങ്കിൽ ഇന്ത്യ എന്നു പേരിടുമെന്ന് വർഷങ്ങൾക്കു മുമ്പേ തീരുമാനിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത്.

പട്ടാളക്കാരൻ ആകണമെന്നായിരുന്നു രഞ്ജിത്തിന്റെ ആഗ്രഹം. എന്നാൽ കുടുംബപ്രാരാബ്ധങ്ങളും തനിക്കുണ്ടായ ഒരു അപകടവും അതിനു തടസ്സമായി. 9ാം ക്ലാസിൽ പഠനം നിർത്തി ജോലിക്കു പേകാൻ തുടങ്ങി. പല ജോലികൾ ചെയ്തു. ഒടുവിൽ ഡ്രൈവറായി. രാജ്യത്തിന്റെ കാവലാളാകാനോ, രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനോ തനിക്ക് സാധിച്ചില്ല എന്ന ചിന്ത രഞ്ജിത്തിനെ അലട്ടാറുണ്ട്. എങ്കിലും തന്റെ മക്കളിലൂടെ അതെല്ലാം നേടാമെന്ന് അന്ന് അയാൾ ആശ്വസിച്ചു. മകളാണ് ജനിക്കുന്നതെങ്കിൽ ഇന്ത്യ എന്നു പേരിടുമെന്നും രഞ്ജിത്ത് ഉറപ്പിച്ചു.

ഒരു വർഷം മുമ്പാണു പ്രണയിനി സനയെ രഞ്ജിത്ത് ജീവിതസഖിയാക്കിയത്. മകൻ വേണമെന്നായിരുന്നു സനയുടെ ആഗ്രഹം. മകള്‍ക്കായി രഞ്ജിത്തും പ്രാര്‍ഥിച്ചു. ഒടുവിൽ ഇവരുടെ ആദ്യ കണ്‍മണിയായി ഇന്ത്യ പിറന്നു. ‘‘നമ്മുടെ രാജ്യത്ത് ഇന്ത്യ എന്നു പേരുള്ള മറ്റാരെങ്കിലും നിലവിൽ ഉണ്ടോ എന്നറിയില്ല. ഗൂഗിളിൽ തിരഞ്ഞപ്പോൾ കണ്ടില്ല. ഓസ്ട്രേലിയയിലോ മറ്റോ ആ പേരിൽ ഒരാളുണ്ട് എന്നും മനസ്സിലാക്കി. ഇന്ത്യ എന്നു പേരിടാൻ ഭാര്യ പൂർണ പിന്തുണയാണു നൽകിയത്’’– രഞ്ജിത്ത് പറഞ്ഞു.

മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകണം. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യസ്നേഹിയായി ഇന്ത്യയെ വളർത്തണം. രാജ്യത്തിന്റെ അഭിമാനമായി അവൾ മാറണം എന്നതാണു രഞ്ജിത്തിന്റെ ഇനിയുള്ള ആഗ്രഹങ്ങൾ. നിലവിൽ പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണു ജോലി. കടപ്പാട്ടൂര്‍ അമ്പലത്തിനു സമീപം വാടകവീട്ടിലാണു താമസം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com