ADVERTISEMENT

നിറത്തിന്റെയും ശരീരത്തിന്റെ പ്രത്യേകതകളുടെയും പേരിൽ മറ്റുള്ളവരെ നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ അപമാനിക്കുകയാണല്ലോ ഇപ്പോഴത്തെ ‘ട്രെന്‍ഡ്’. അങ്ങനെ പല്ലിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ കേട്ട് മടുത്ത ഒരു സുന്ദരിയുണ്ട് തൃശൂരിൽ. പല്ലുന്തിയെന്നും പല്ലിച്ചിയെന്നും തുടങ്ങി, മലയാള ഭാഷയിൽ ഇല്ലാത്ത വാക്കുകൾ പോലും വിളിച്ച് പലരും കമന്റ് ബോക്സ് നിറയ്ക്കുമ്പോഴും ലയന എസ്. കുറുപ്പ് സ്ട്രോങ്ങായി നിൽപുണ്ട്. ഈയിടെ ലയന ചെയ്ത് ബ്രൈഡൽ ഷൂട്ട് പലരുടെയും വായടപ്പിക്കുകയും ചെയ്തു. ചുവന്ന ലെഹങ്കയും ബ്രൈഡല്‍ മേക്കപ്പുമൊക്കെയായി ഒരു കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയ ലയന എസ്. കുറുപ്പ് എന്ന കണ്ടന്റ് ക്രിയേറ്ററുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ലയന സംസാരിക്കുന്നു:

 

viral-star-layana-s-kurup-sharing-her-life-story-03

ക്ലാസിലുള്ളവരൊക്കെ ടിക്ടോക് ചെയ്യുന്നതു കണ്ടപ്പോഴുള്ള ആഗ്രഹമാണ് ഇവിടംവരെ എത്തിച്ചത്. വെറുമൊരു കാഴ്ചക്കാരിയിൽനിന്ന് കണ്ടന്റ് ക്രിയേറ്ററായതിന് കോൺഫി‍ഡൻസ് കുറച്ചൊന്നുമല്ല വേണ്ടി വന്നത്. പിന്തുണയ്ക്കൊപ്പം നെഗറ്റീവ് കമന്റുകളും ഒരുപാട് വരാറുണ്ട്. പിന്തുണ കിട്ടിത്തുടങ്ങിയപ്പോഴാണ് വാശിയായത്. മോശം പറഞ്ഞവരെക്കൊണ്ടും അടിപൊളിയാണെന്നു പറയിക്കണം.

 

∙ ഞാൻ നോർമലാണ്

എവിടെ പോയാലും ഒരു അദ്ഭുത ജീവിയെ നോക്കുന്നതു പോലെയാണ് പലരും എന്നെ നോക്കുന്നത്. ഞാനെന്തോ അബ്നോർമൽ ആണെന്നുള്ള മട്ടിലാണ് പെരുമാറ്റം. കുട്ടികൾ പോലും കളിയാക്കിയ അവസരങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒരുപാട് വിഷമവുമായിട്ടുണ്ട്. പ്രിയപ്പെട്ടവർ പോലും മോശമായി പറയാൻ തുടങ്ങിയപ്പോൾ മാനസികമായി തളർന്നു പോയി. പക്ഷേ വീണിടത്തു നിന്നു വീണ്ടും എഴുന്നേറ്റു വന്നതാണ്. ഒരു സാധാരണ മനുഷ്യനാണ് ഞാനും. സഹതാപം പിടിച്ചു പറ്റാനും ഫോളോവേഴ്സിനെ കൂട്ടാനും പല്ല് മാർക്കറ്റ് ചെയ്യുന്നുവെന്നൊക്കെ പറഞ്ഞ ആളുകളുണ്ട്. എനിക്കു മറ്റുളളവരുടെ സഹതാപം കിട്ടിയിട്ട് ഒന്നും ചെയ്യാനില്ല. ജന്മനാ ഉള്ള പ്രശ്നമാണ്, അല്ലാതെ ഞാൻ ഉണ്ടാക്കിയെടുത്ത പ്രശ്നമല്ലല്ലോ എന്റെ പല്ലുകൾക്കുള്ളത്. ഇപ്പോള്‍ ചികിത്സയും നടക്കുന്നുണ്ട്. ഇതിനോടകം രണ്ട് സർജറി കഴിഞ്ഞു.

 

∙ ഒടുവിൽ അത് സംഭവിച്ചു

viral-star-layana-s-kurup-sharing-her-life-story-02

പലരും ഫോട്ടോഷൂട്ടുകൾ നടത്തുകയും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നതു കാണുമ്പോൾ എനിക്കും അങ്ങനെയൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പലരോടും അതു സൂചിപ്പിച്ചെങ്കിലും ആരും കാര്യമായി എടുത്തിരുന്നില്ല. ആ വിഷയത്തെപ്പറ്റി ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ട്രാൻസ് വുമൺ ദീപ എസ്. റാണി എന്റെ ആഗ്രഹം പോലൊരു ഷൂട്ട് സംഘടിപ്പിച്ചത്. അഞ്ചു വര്‍ഷത്തിലധികമായി ഞങ്ങൾ പരിചയക്കാരാണ്. ഞാൻ മമ്മി എന്നാണ് വിളിക്കുന്നത്. ഇങ്ങനെയൊരു ആഗ്രഹമുണ്ടായിട്ടും ഇത്രയും നാൾ പറയാത്തതുകൊണ്ട് മമ്മിയുടെ വഴക്കും കേട്ടു. ആ ബ്രൈ‍ഡൽ ഫോട്ടോഷൂട്ട് ഒരുപാട് ആഗ്രഹിച്ചതിനു ശേഷം ചെയ്തതാണ്. അതുകൊണ്ടുതന്നെ ഒരുപാട് സന്തോഷം തോന്നി. പരിഹസിച്ചവർ പോലും ആശംസകളറിയിച്ച അവസരമായിരുന്നു അത്. ഒരുപാട് സപ്പോർട്ട് കിട്ടിയെങ്കിലും ആ ഫോട്ടോയ്ക്കു താഴെയും നെഗറ്റീവ് കമന്റ്സ് ഉണ്ട്. 

 

∙ നെഗറ്റീവുകളാണ് എന്നെ പോസിറ്റീവ് ആക്കിയത്

ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് പല്ല് ശരിയാക്കാത്തത് എന്നൊക്കെ പലരും കമന്റ് ചെയ്യാറുണ്ട്. കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാതെ ഇങ്ങനെ പറയുന്നതെന്തിനാണ്? പല്ല് ശരിയാക്കാനായി ഒരുപാട് സ്ഥലങ്ങളിൽ കാണിച്ചിരുന്നു. പതിനെട്ടു വയസ്സു കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എനിക്കു പതിനെട്ട് വയസ്സ് ആയപ്പോഴാണ് അമ്മയ്ക്ക് ഒരു എമർജൻസി സർജറി വേണ്ടി വന്നത്. കാറ്ററിങ് തൊഴിലാളി ആയ അച്ഛന്റെ വരുമാനത്തിൽ രണ്ടു കാര്യങ്ങളും ഒരുമിച്ചു നടക്കില്ലെന്ന് അറിയാമായിരുന്നു. എനിക്ക് അമ്മയുടെ ആരോഗ്യം തന്നെയായിരുന്നു പ്രധാനം. അങ്ങനെയാണ് ചികിത്സ വീണ്ടും നീണ്ടത്. ഇപ്പോൾ ചികിത്സയിലാണ്. 

 

∙ പെൺകൊച്ചല്ലേ, കെട്ടിച്ചു വിടണ്ടേ?

ഈ കുട്ടിയുടെ പല്ല് എന്താ ഇങ്ങനെയെന്നാണ് ചോദ്യം. ആദ്യമായിട്ടു കാണുന്നവര്‍ മാത്രമല്ല പരിചയക്കാർക്കും ബന്ധുക്കള്‍ക്കും ഇതുതന്നെ ചർച്ചാവിഷയം. ആ പല്ലൊന്നു ശരിയാക്കിക്കൂടേ, പെൺകുട്ടിയല്ലേ, കല്യാണം കഴിപ്പിക്കേണ്ടതല്ലേ എന്നൊക്കെയാണ് അവർക്കു പറയാനുള്ളത്. പല്ലിന്റെ പ്രശ്നം ഒരു കുറവായി ഞാൻ കണ്ടിട്ടേയില്ല. കാഴ്ചയില്ലാത്ത, കേൾവി ഇല്ലാത്ത, നടക്കാനോ സംസാരിക്കാനോ പറ്റാത്ത എത്രയോ പേരുണ്ട്. അതുവച്ചു നോക്കുമ്പോൾ ഞാൻ ഭാഗ്യമുള്ള ഒരാൾ തന്നെയാണ്. ചികത്സിച്ചു മാറ്റാവുന്ന പ്രശ്നമേ എനിക്കുള്ളൂ. മാമനാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ബെസ്റ്റ് ഫ്രണ്ടും മാമൻ തന്നെ. വീട്ടുകാരും സപ്പോർട്ടാണ്. ഞാനനുഭവിച്ച അവഗണന എത്രത്തോളമാണെന്ന് അറിയാവുന്നതുകൊണ്ട് അവരൊക്കെ ഒപ്പമുണ്ട്. ഞാനെത്ര ബുദ്ധിമുട്ട് അനുഭവിച്ചോ, അത്ര തന്നെ എന്റെ വീട്ടുകാരും അനുഭവിച്ചിട്ടുണ്ട്. കെട്ടിച്ചു വിടണ്ടേ, പല്ലൊക്കെ ശരിയാക്കി സുന്ദരിയായാലല്ലേ കല്യാണം നടക്കൂ എന്നു തുടങ്ങി ഒരുപാട് ചോദ്യങ്ങളാണ് വീട്ടുകാർക്കു നേരിടേണ്ടി വരുന്നത്. സത്യത്തിൽ ഇങ്ങനെയുള്ള ചിന്താഗതികളൊന്നും ഉണ്ടാവേണ്ടതു പോലുമില്ല. പുറമേയുള്ള സൗന്ദര്യം നോക്കി ഒരാളെയും ജഡ്ജ് ചെയ്യരുത്.

 

∙ ഞങ്ങളെന്താ മനുഷ്യരല്ലേ

പലപ്പോഴും അവഗണനയും പുച്ഛവും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ, സീരിയൽ മേഖലകളിലൊന്നും ഞങ്ങളെപ്പോലെ ഉള്ളവരെ അധികം കാണിക്കാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ കോമഡി കഥാപാത്രങ്ങളാവും. എന്നാൽ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്ന എത്രയോ പേരുണ്ട് സമൂഹത്തിൽ. ദൈവം ആരെയും പെർഫെക്ട് ആയിട്ടല്ലല്ലോ സൃഷ്ടിച്ചിട്ടുള്ളത്. കളിയാക്കാൻ വളരെ എളുപ്പമാണ്. പക്ഷേ ആ കളിയാക്കൽ നേരിടുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വലുതാണ്. അത് ഞങ്ങൾക്കേ മനസ്സിലാകൂ.

 

∙ പ്രചോദനമാവുന്നതിൽ അഭിമാനം

ആര് എന്തൊക്കെ പറഞ്ഞാലും എന്റെ കണ്ണിൽ ഞാൻ സുന്ദരി തന്നെയാണ്. എന്റെ വിഡിയോസും പോസ്റ്റുകളും കണ്ടതിനു ശേഷം സ്വന്തം ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാൻ തയാറായവരുണ്ട്. ഞാൻ പലർക്കും ഒരു പ്രചോദനമാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. സ്വന്തം മുഖം കാണിക്കാൻ മടിച്ചവരൊക്കെ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഫോട്ടോ ഇടുകയും അതു പറഞ്ഞ് മെസേജ് അയയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ വളരെ സന്തോഷം തന്നെയാണ്. പുറത്തു പോവുമ്പോഴൊക്കെ പലരും വന്ന് മിണ്ടാറുണ്ട്, വിഡിയോസ് നല്ലതാണെന്നും പറയാറുണ്ട്. അതൊക്കെ സന്തോഷമാണ്. ഇനിയും ഇതുപോലെ ഹാപ്പി ആയിട്ട് ചിൽ ആയിട്ട് പോണം.

 

ഇരുപത്തിയൊന്നുകാരിയായ ലയന ശക്തൻ തമ്പുരാൻ കോളജിൽനിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. കാറ്ററിങ് ജീവനക്കാരനായ അച്ഛനും അമ്മയും  പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനിയനുമടങ്ങുന്നതാണ് കുടുംബം.

 

Content Summary: Viral Star Layana S Kurup Sharing Her Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com